ചരിത്രം കുറിച്ച ഇന്നിങ്സിനൊപ്പം ബോണസ് റെക്കോഡും; മിതാലിയെ പടിയിറക്കി മന്ഥാനയ്ക്ക് സിംഹാസനം
Cricket
ചരിത്രം കുറിച്ച ഇന്നിങ്സിനൊപ്പം ബോണസ് റെക്കോഡും; മിതാലിയെ പടിയിറക്കി മന്ഥാനയ്ക്ക് സിംഹാസനം
ഫസീഹ പി.സി.
Monday, 29th December 2025, 7:11 am

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യന്‍ സംഘത്തിന്റെ വിജയം. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 4-0ന് മുമ്പിലെത്തി.

മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന മികച്ച പ്രകടനമാണ് നടത്തിയത്. താരം 48 പന്തില്‍ 80 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

സ്മൃതി മന്ഥാന. Photo: BCCI Women/x.com

ഈ പ്രകടനത്തോടെ മന്ഥാന വനിതാ ക്രിക്കറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ലങ്കയ്ക്കെതിരെ 27 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് താരം ഈ നേട്ടം സ്വമതം പേരില്‍ കുറിച്ചത്. നിലവില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് 10,053 റണ്‍സുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരവും നാലാമത് വനിതാ താരവുമാണ് മന്ഥാന. ഇതിഹാസ താരം മിതാലി രാജാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഈ റെക്കോഡിനൊപ്പം തന്നെ 29കാരി ഒരു ബോണസ് റെക്കോഡും തന്റെ പേരില്‍ ചാര്‍ത്തി.

മിതാലി രാജ്. Photo: DK/x.com

വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്നാണ് പട്ടമാണ് ഇത്തവണ മന്ഥാന കൈവശപ്പെടുത്തിയത്. 281 മത്സരങ്ങളില്‍ കളിച്ചാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. മിതാലി രാജിനെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം.

വനിതാ കിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

സ്മൃതി മന്ഥാന – ഇന്ത്യ – 280

മിതാലി രാജ് – ഇന്ത്യ – 291

ഷാര്‍ലെറ്റ് എഡ്വാര്‍ഡ്സ് – ഇംഗ്ലണ്ട് – 308

സൂസി ബേറ്റ്സ് – ന്യൂസിലാന്‍ഡ് – 314

മന്ഥാനയ്ക്ക് പുറമെ ഷെഫാലി വര്‍മയും റിച്ച ഘോഷും മികവ് പുലര്‍ത്തി. ഷെഫാലി 46 പന്തില്‍ 79 റണ്‍സും റിച്ച 16 പന്തില്‍ പുറത്താകാതെ 40 റണ്‍സും നേടി. ഒപ്പം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 10 പന്തില്‍ 16 റണ്‍സ് നേടി പുറത്താകാതെ നിന്നു.

Content Highlight: Smriti Mandhana became fastest player to complete 10000 runs in Women Cricket by surpassing Mithali Raj

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി