33 സിക്‌സര്‍, 197.32 സ്‌ട്രൈക് റേറ്റ്, 517 റണ്‍സ്; ലോകകപ്പില്‍ സെലക്ടറുടെയും കോച്ചിന്റെയും കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ അവനെത്തുന്നു
Sports News
33 സിക്‌സര്‍, 197.32 സ്‌ട്രൈക് റേറ്റ്, 517 റണ്‍സ്; ലോകകപ്പില്‍ സെലക്ടറുടെയും കോച്ചിന്റെയും കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ അവനെത്തുന്നു
ആദര്‍ശ് എം.കെ.
Friday, 19th December 2025, 12:58 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനവുമായി ഇഷാന്‍ കിഷന്‍. ജാര്‍ഖണ്ഡിനെ അവരുടെ കന്നി കിരീടത്തിലേക്ക് നയിച്ചതിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ പുറത്തെടുത്തത്.

കേവലം രണ്ട് മാസത്തിനപ്പുറം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് നടക്കാനുണ്ട് എന്നിരിക്കവെയാണ് ഇഷാന്റെ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

ടൂര്‍ണമെന്റില്‍ പത്ത് ഇന്നിങ്‌സിലുകളിലായി 517 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. 57.4 ശരാശരിയിലും 197.3 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും താരത്തിന്റെ എസ്.എം.എ.ടി ക്യാമ്പെയ്‌നിലുണ്ടായിരുന്നു.

33 സിക്‌സറുമായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരവുമായി ഇഷാന്‍ പേരെടുത്തു. റണ്‍വേട്ടക്കാരിലും സെഞ്ച്വറി വേട്ടക്കാരിലും മുമ്പന്‍ ഇഷാന്‍ കിഷന്‍ തന്നെയെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

ഇഷാന്‍ കിഷന്‍

ഇതിനൊപ്പം ഒരു എസ്.എം.എ.ടി സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാമതെത്താനും ഇഷാന് സാധിച്ചിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം

(താരം – ഇന്നിങ്‌സ് – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ദേവ്ദത്ത് പടിക്കല്‍ – 12 – 580 – 2019

രോഹന്‍ കദം – 12 – 536 – 12

ഇഷാന്‍ കിഷന്‍ – 10 – 517 – 2025*

റിയാന്‍ പരാഗ് – 10 – 510 – 2023

അഭിഷേക് ശര്‍മ – 10 – 485 – 2023

ശ്രേയസ് അയ്യര്‍ – 10 – 484 – 2019

കഴിഞ്ഞ ദിവസം ഹരിയാനയ്‌ക്കെതിരെ നടന്ന കിരീടപ്പോരാട്ടത്തിലും ഇഷാന്‍ കിഷന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. മത്സരത്തില്‍ 69 റണ്‍സിനാണ് ജാര്‍ഖണ്ഡ് വിജയം സ്വന്തമാക്കിയത്. ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 263 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹരിയാന 193ന് പുറത്തായി.

സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ജാര്‍ഖണ്ഡ് മികച്ച സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം 101 റണ്‍സ് നേടി. പത്ത് സിക്സറും ആറ് ഫോറും അടക്കം 206.12 സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. 38 പന്തില്‍ 81 റണ്‍സ് നേടിയ കുമാര്‍ കുശാഗ്രയുടെ ഇന്നിങ്സും മത്സരത്തില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന യാഷ്‌വര്‍ധന്‍ ദലാലിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരരുന്നു. ഒമ്പത് പന്ത് ശേഷിക്കെ ഹരിയാനയുടെ അവസാന വിക്കറ്റും ജാര്‍ഖണ്ഡ് പിഴുതെറിഞ്ഞു.

ജാര്‍ഖണ്ഡിനായി സുശാന്ത് മിശ്രയും ബാല്‍ കൃഷ്ണയും മൂന്ന് വിക്കറ്റ് വീതവും വികാശ് സിങ്ങും അനുകൂല്‍ റോയിയും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

 

Content Highlight: SMAT 2025: Ishan Kishan’s brilliant performance in Syed Mushtaq Ali Trophy

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.