ഇസ്രഈലുമായുള്ള ആയുധ വ്യാപാരം നിരോധിച്ച ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി സ്ലോവേനിയ
World
ഇസ്രഈലുമായുള്ള ആയുധ വ്യാപാരം നിരോധിച്ച ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി സ്ലോവേനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2025, 12:10 pm

ലുബ്‌ല്ജാന: ഇസ്രഈലിലേക്കുള്ള ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിമതിയും നിരോധിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി സ്ലോവേനിയ.

സ്ലോവേനിയന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഗോലോബാണ് പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തില്‍ ഇസ്രഈലിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ബഹിഷ്‌കരണത്തിലെ ഒരു പ്രധാന പ്രഖ്യാപനമാണ് ഇത്.

സ്ലോവേനിയയുടെ വിദേശനയത്തിലെ ശ്രദ്ധേയമായ പ്രഖ്യാപനമായാണ് ഇതിനെ അടയാളപ്പെടുത്തുന്നത്.

ഗസയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭീകരമായ മാനുഷിക ദുരന്തമാണെന്നും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഇടപെടല്‍ നിഷ്‌ക്രിയമാണെന്നും സ്ലോവേനിയന്‍ സര്‍ക്കാര്‍ പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനായാണ് രാജ്യം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും സ്ലോവേനിയയുടെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ പ്രകടമാക്കുന്നതെന്നും സ്ലോവേനിയന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബ് പറഞ്ഞു.

ധാര്‍മികമായും നിയമപരമായും ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നിലപാട് സ്വീകരിക്കാനുള്ള സ്ലോവേനിയയുടെ സന്നദ്ധതയെയാണ് ഈ തീരുമാനം സൂചിപ്പിക്കുന്നത്. ഉത്തരവാദിത്തത്തോടെ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ഇസ്രഈലിനെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന് കഴിയാത്തതാണ് ഈ തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും അനൈക്യവും കാരണം, യൂറോപ്യന്‍ യൂണിയന് നിലവില്‍ ഈ ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ല,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഗസക്കുള്ള മാനുഷിക സഹായം നിഷേധിക്കുന്നതിനെ സ്ലൊവേനിയന്‍ സര്‍ക്കാര്‍ അപലപിക്കുകയും ചെയ്തു.

Protests in Israel demanding hostage release after Trump-Netanyahu meeting

‘ഇത് ലജ്ജാകരമാണ്. മാനുഷിക സഹായം നിഷേധിക്കപ്പെടുന്നതിനാല്‍ ഗസയിലെ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. കുടിവെള്ളം, ഭക്ഷണം, അടിസ്ഥാന ആരോഗ്യസംരക്ഷണം ഇതൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല.

ഒരു ജനതയുടെ അതിജീവനത്തിനുള്ള അടിസ്ഥാന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം തടയുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍, മറ്റുള്ളവരേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. ഉത്തരവാദിത്തമുള്ള ഓരോ രാജ്യത്തിന്റെയും കടമയാണ് അത്.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നിലവില്‍ ഇസ്രഈല്‍ നടത്തുന്നതെന്നും രാജ്യം പ്രസ്താവനയില്‍ പറഞ്ഞു.

2023 ഒക്ടോബര്‍ മുതല്‍ തന്നെ ഇസ്രഈലിലേക്ക് സൈനിക ആയുധങ്ങളും ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നതിന് സ്ലൊവേനിയന്‍ സര്‍ക്കാര്‍ ഒരു പെര്‍മിറ്റും നല്‍കിയിട്ടില്ലെന്നും പ്രസ്താവനയില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്ലോവേനിയയും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു.

അതിന് പിന്നാലെ ഗസയില്‍ വെടിനിര്‍ത്തലിനും സഹായ വിതരണം വര്‍ധിപ്പിക്കാനും ലോക രാജ്യങ്ങളോട് സ്ലോവേനിയ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയിരുന്നു.

കഴിഞ്ഞ മാസം ആദ്യം, രണ്ട് തീവ്ര വലതുപക്ഷ ഇസ്രഈലി മന്ത്രിമാര്‍ തങ്ങളുടെ രാജ്യത്തേക്ക് വരുന്നത് സ്ലൊവേനിയ വിലക്കിയിരുന്നു.

Content Highlight: Slovenia becomes 1st European country to ban arms trade with Israel