ദൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ന്യൂദൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡിസിപി) ഓഫീസിന്റെ മതിലിൽ കറുത്ത സ്പ്രേ പെയിന്റ് ഉപയോഗിച്ച് ‘അമിത് ഷാ ഷെയിം’ എന്ന മുദ്രാവാക്യം എഴുതിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരൺ (27) അറസ്റ്റിലായത്. ജാർഖണ്ഡിൽ നിന്നാണ് ദൽഹി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദൽഹി പ്രിവൻഷൻ ഓഫ് ഡിഫേസ്‌മെന്റ് ഓഫ് പ്രോപ്പർട്ടി ആക്ടിലെ സെക്ഷൻ മൂന്ന് പ്രകാരം കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. മതിലിലെ മുദ്രാവാക്യം പിന്നീട് പൊലീസ് വെള്ള പെയിന്റ് അടിച്ച് മറച്ചു.
ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റ സാഹിൽ ലോചബ് എന്ന യുവാവിന്റെ പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഏഴ് മണിക്കൂറോളം പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധം നടന്ന അതേ ദിവസമാണ് ഡി.സി.പി ഓഫീസിന്റെ മതിലിൽ മുദ്രാവാക്യം എഴുതിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡി.സി.പി ഓഫീസിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ചിലർ ഗേറ്റിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ ആഭ്യന്തരമന്ത്രിയുടെ അന്തിമ അനുമതി ആവശ്യമാണെന്നും, പൊലീസ് തയ്യാറായെങ്കിലും ഉന്നത ഇടപെടലിലൂടെ നടപടികൾ തടയപ്പെട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തുടർന്ന്, അപകടകരമായ ആയുധം ഉപയോഗിച്ച് മനഃപൂർവം പരിക്കേൽപ്പിക്കൽ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ പൊലീസ് മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കരണിനൊപ്പം മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Content Highlight:Slogans against Amit Shah: Youth Congress worker arrested in Delhi.