എന്‍.ഡി.എഫിന്റെ അപകടം യു.ഡി.എഫിനെ ബോധ്യപ്പെടുത്തിയത് എസ്.കെ.എസ്.എസ്.എഫ്; യൂത്ത് ലീഗിലൂടെ താനും ഷാജിയും അത് തുടര്‍ന്നു: സാദിഖലി തങ്ങള്‍
Kerala News
എന്‍.ഡി.എഫിന്റെ അപകടം യു.ഡി.എഫിനെ ബോധ്യപ്പെടുത്തിയത് എസ്.കെ.എസ്.എസ്.എഫ്; യൂത്ത് ലീഗിലൂടെ താനും ഷാജിയും അത് തുടര്‍ന്നു: സാദിഖലി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th July 2021, 5:12 pm

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ രൂപമായ എന്‍.ഡി.എഫിന്റെ അപകടം യു.ഡി.എഫിനെ ബോധ്യപ്പെടുത്തിയത് എസ്.കെ.എസ്.എസ്.എഫ്. ആയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാര വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പല സ്ഥലങ്ങളിലും എന്‍.ഡി.എഫ്. ഇരുട്ടില്‍ യോഗം ചേര്‍ന്നിരുന്ന കാര്യം സംഘടനയിലെ ചിലര്‍ക്ക് വിവരം ലഭിച്ചു. അവരത് തിരിച്ചറിഞ്ഞ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്ന് ഞങ്ങള്‍ യോഗം ചേര്‍ന്ന് ക്യാമ്പയിന്‍ പ്രഖ്യാപിക്കുകയും സമുദായ നേതൃത്വത്തെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഇ.കെ. ഉസ്താദടക്കമുള്ള സമസ്ത നേതാക്കളോടും അന്ന് അധികാരത്തിലുണ്ടായിരുന്ന ലീഗ് നേതൃത്വത്തോടും ഞങ്ങള്‍ കാര്യം ശ്രദ്ധയില്‍പ്പെടുത്തി,’ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കൊരമ്പയില്‍ അഹമ്മദാജിയായിരുന്നു അന്ന് ലീഗ് ജനറല്‍ സെക്രട്ടറി. കോണ്‍ഗ്രസ് നേതാക്കളായ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവരോടും തങ്ങള്‍ ഇക്കാര്യം ഉണര്‍ത്തി. അവരെല്ലാം അതിന്റെ ഭവിഷത്ത് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കൊരമ്പയില്‍ അഹമ്മദാജി ഇക്കാര്യത്തിലെടുത്ത നിലപാട് ഏറെ നിര്‍ണായകമായിരുന്നു. യു.ഡി.എഫ്. നേതാക്കളെല്ലാം എസ്.കെ.എസ്.എസ്.എഫ്. നടത്തിയ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. ഇതിലൂടെ സമുദായത്തിനും സമൂഹത്തിനും മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കൊരമ്പയില്‍ അഹമ്മദാജി കാര്യം യൂത്ത് ലീഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പിന്നാലെയാണ് യൂത്ത് ലീഗ് തീവ്രവാദത്തിനെതിരെ ക്യാമ്പയിന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

പില്‍ക്കാലത്ത് താനും കെ.എം. ഷാജിയും യൂത്ത് ലീഗിലൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇതിന് തുടര്‍ച്ചയായി പല കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാഗിയ സോഫിയ വിവാദത്തിലുള്ള ചന്ദ്രികയിലെ ലേഖനം പ്രാദേശിക രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാതെ എഴുതിയതാണെന്നും അദ്ദേഹം പറഞ്ഞു. ലേഖനത്തില്‍ ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഇടതുപക്ഷ സൈബര്‍ അണികളാണ് ഹാഗിയ സോഫിയാ വിഷയം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

 

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് വീണ്ടും മത്സരിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായോ എന്ന ചോദ്യത്തിന്, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗീയ അജണ്ടയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തില്‍ ചെന്നിത്തല മാത്രം പോര, ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വേണമെന്നത് യു.ഡി.എഫിന്റെ ഒരു പൊതു നയമായിരുന്നു. അതാണ് ലീഗ് നടപ്പാക്കിയത്. പക്ഷേ, ഇതിനെ ഹസന്‍ അമീര്‍-കുഞ്ഞാലിക്കുട്ടി എന്ന വര്‍ഗീയ സമവാക്യത്തില്‍ കണ്ടത് ഇടതുപക്ഷമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവ് ഇപ്പോള്‍ ലീഗില്‍ ഉണ്ടെന്നും മുമ്പ് അതുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുറഹ്മ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍, രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ പിന്നിലായി. പാര്‍ട്ടി ഇനിയത് ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: SKSSF convinces UDF of NDF’s danger says Syed Sadiqali Shihab Thangal