ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ പതിനാറുകാരി സ്വീഡനില്‍ നിന്ന് മുംബൈയില്‍
India
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ പതിനാറുകാരി സ്വീഡനില്‍ നിന്ന് മുംബൈയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th December 2021, 11:37 pm

മുബൈ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ സ്വീഡിഷുകാരിയായ പതിനാറുകാരി മുംബൈയിലെത്തി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പത്തൊമ്പതുകാരനെ കാണാനാണ് പെണ്‍കുട്ടി മുംബൈയിലെത്തിയത്.

മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം നാട്ടിലേക്കയച്ചു.

മുംബൈ സ്വദേശിയുമായി പെണ്‍കുട്ടി കുറച്ചുനാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇന്റര്‍പോളില്‍ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടി ഇന്ത്യയില്‍ എത്തിയെന്ന് വിവരം ലഭിച്ചതോടെ രാജ്യത്തെമ്പാടും വിവരം അറിയിച്ചിരുന്നു.

ഇതോടെ മുംബൈ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ സുഹൃത്തായ യുവാവിനെ കണ്ടെത്തുകയുമായിരുന്നു.

പെണ്‍കുട്ടി മുംബൈയിലുള്ള ചിറ്റ് ക്യാംപിലാണെന്ന് ഇയാളാണ് പൊലീസിന് മൊഴി നല്‍കിയത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കകയും ദക്ഷിണ മുംബൈയിലെ ദോംഗ്രിയിലുള്ള ചില്‍ഡ്രന്‍സ് ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തു.

പെണ്‍കുട്ടിയെ നഗരത്തില്‍ നിന്ന് കണ്ടെത്തിയതോടെ സ്വീഡനിലുള്ള കുടുംബത്തെ വിവരമറിയിക്കുകയുമായിരുന്നു.

കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച അച്ഛന്‍ അടക്കമുള്ളവര്‍ സ്വീഡനില്‍ നിന്ന് മുംബൈയിലെത്തി. നടപടികള്‍ക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറിയെന്നും കുട്ടിയുമായി കുടുംബം തിരിച്ചു സ്വീഡനിലേയ്ക്ക് തന്നെ പോയെന്നും പൊലീസ് വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sixteen-year-old from Sweden to Mumbai to meet a friend she met through Instagram