കേരളത്തില്‍ വീണ്ടും ആറ് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
Kerala News
കേരളത്തില്‍ വീണ്ടും ആറ് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 1:55 pm

തിരുവനന്തപുരം: കേരളത്തില്‍ ആറ് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. ബ്രിട്ടണില്‍ നിന്ന് വന്നവരില്‍ നിന്ന് 31 സാമ്പിളുകള്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില്‍ ആറെണ്ണം പോസിറ്റീവാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസത്തെപോലെ തന്നെ ഇന്നും ആലപ്പുഴ രണ്ട്, കോഴിക്കോട് രണ്ട്, കോട്ടയം ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇവരില്‍ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലും മറ്റുള്ളവര്‍ ഐസൊലേഷനിലുമാണ്. ഇവര്‍ക്ക് മറ്റു ബുദ്ധിമുട്ടുകളില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പെട്ടെന്ന് പകരുന്ന സാഹചര്യമുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു.

ജനിതക വ്യതിയാനത്തെ സംബന്ധിച്ച ആദ്യമായി പഠനങ്ങള്‍ രാജ്യത്ത് തന്നെ ആദ്യം നടത്തിയത് കേരളത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍ ചാന്ദ്‌നിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ആ ഘട്ടത്തില്‍ നേരിയ വ്യത്യാസമുള്ള സ്‌ട്രെയിനെ കണ്ടെത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രാദേശികമായി വ്യതിയാനം സംഭവിക്കുന്ന അത്തരം വൈറസുകളെ കണ്ടെത്തുന്നതിനായി കേരളത്തിലാകമാനം പഠനം നടത്തി വരുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജനിതക വ്യതിയാനം സംഭവിച്ച കേസുകളുടെ എണ്ണം കൂടാന്‍ സാധ്യതയില്ലെന്നും വിദേശത്ത് നിന്ന് എത്തുന്നവരെ അപ്പോള്‍ തന്നെ ട്രേസ് ചെയ്യാന്‍ സാധിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസവും ആറ് പേര്‍ക്ക് അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

കോഴിക്കോട് 2, ആലപ്പുഴ 2 കോട്ടയം കണ്ണൂര്‍ എന്നിവിടങ്ങളിലെ ഓരോ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിച്ചത്. നേരത്തെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞിരുന്നു.

പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Six more people confirmed a new strain of covid in Kerala