ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവത്തില്‍ ആറ് പേര്‍ കൂടി പിടിയില്‍. ഇന്നലെ (വ്യാഴം)യാണ് കേസിലെ കൂടുതല്‍ പ്രതികള്‍ പിടിയിലായത്.
തക്ബീര്‍, റുഹുല്‍ അമിന്‍, നൂര്‍ ആലം, ഷമീം മിയ, സെലിം മിയ, മാസും ഖലാസി എന്നിവരാണ് പ്രതികള്‍. ഇതോടെ ആൾകൂട്ടക്കൊലയുമായി ബന്ധപ്പെട്ട 18 പേരാണ് ബംഗ്ലാദേശ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. നേരത്തെ 12 പ്രതികള്‍ അറസ്റ്റിലായിരുന്നു.
മുഹമ്മദ് ലിമോണ്‍ സര്‍ക്കാര്‍, മുഹമ്മദ് ഷരീഖ് ഹൊസൈന്‍, മുഹമ്മദ് മണിക് മിയ, നിജൂം ഉദ്ദീന്‍, അലോംഗിര്‍ ഹൊസൈന്‍, ഇര്‍ഷാദ് അലി, മുഹമ്മദ് മിറാജ് ഹൊസൈന്‍ അക്കാണ്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ദിപു ചന്ദ്രദാസ് എന്ന യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. തല്ലിക്കൊന്ന ശേഷം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്ന് ബി.ബി.സി ബംഗ്ലാ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബംഗ്ലാദേശിലെ ജെന്‍സി പ്രക്ഷോഭത്തതിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ബിന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നായിരുന്നു ദിപുവിന്റെ കൊലപാതകം.
ഡിസംബര്‍ 12ന് ഹാദിയുടെ തലയ്ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ബംഗ്ലാദേശില്‍ നിന്നും ഒരു ആള്‍കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്യുന്നത്. അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭത്തിന്റെ പ്രധാന കണ്ണിയായിരുന്നു ഹാദി.
ദിപുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്റെ ഓഫീസിന് മുമ്പാകെ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധം നടന്നിരുന്നു.
ദല്‍ഹിയ്ക്ക് പുറമെ അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിന്റെ തലസ്ഥാന നഗരമായ ധാക്കയിലും ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായി.
Content Highlight: Six more arrested in Bangladesh for killing and burning a Hindu man