'ഓപ്പറേഷന്‍ ടൈഗര്‍'; ഉദ്ധവ് പക്ഷത്തെ പിളര്‍ത്തി 6 എം.പിമാര്‍ ഷിന്‍ഡെ ക്യാമ്പിലേക്ക്; ബി.ജെ.പി ലക്ഷ്യം വെക്കുന്നത് ഇത്
national news
'ഓപ്പറേഷന്‍ ടൈഗര്‍'; ഉദ്ധവ് പക്ഷത്തെ പിളര്‍ത്തി 6 എം.പിമാര്‍ ഷിന്‍ഡെ ക്യാമ്പിലേക്ക്; ബി.ജെ.പി ലക്ഷ്യം വെക്കുന്നത് ഇത്
ആദര്‍ശ് എം.കെ.
Sunday, 21st June 2026, 7:32 pm

 

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, ഉദ്ധവ് താക്കറെ വിഭാഗത്തില്‍ (ശിവസേന യു.ബി.ടി) നിന്നുള്ള ആറ് ലോക്സഭാ എം.പിമാര്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയിലേക്ക് ചുവടുമാറ്റുന്നു. ഹിംഗോളിയില്‍ നിന്നുള്ള എം.പിയായ നാഗേഷ് പാട്ടീല്‍ അഷ്തികര്‍ ഞായറാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ചില നിര്‍ണായക പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് ഏതാനും എം.പിമാര്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പുണ്ടാകുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാഷ്ട്രീയ മാറ്റം ഉറപ്പായിരിക്കുന്നത്.

തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണമെന്ന് നാഗേഷ് പാട്ടീല്‍ അഷ്തികര്‍ വ്യക്തമാക്കി. അഞ്ച് കോടി രൂപയുടെ എം.പി ഫണ്ട് വികസന ആവശ്യങ്ങള്‍ക്ക് ഒട്ടും പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, ഉദ്ധവ് പക്ഷത്തെ മുതിര്‍ന്ന നേതാവായ സഞ്ജയ് റാവത്ത് തങ്ങള്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളും അധിക്ഷേപകരമായ ഭാഷയും പാര്‍ട്ടി വിടാനുള്ള തീരുമാനത്തെ സ്വാധീനിച്ചതായി അഷ്തികര്‍ വെളിപ്പെടുത്തി. എങ്കിലും തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്റെ പ്രത്യയശാസ്ത്രത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഒരു ശിവസേനയില്‍ നിന്ന് മറ്റൊരു ശിവസേനയിലേക്ക് മാറുക മാത്രമാണ് ഞാന്‍ ചെയ്തത്,’ അഷ്തികര്‍ പറഞ്ഞു.

സ്വന്തം മണ്ഡലങ്ങളിലെ ജനരോഷം ഭയന്നാണ് വിമത എം.പിമാരില്‍ ചിലര്‍ പാര്‍ട്ടിയുമായി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്നായിരുന്നു റാവത്ത് നേരത്തെ പറഞ്ഞിരുന്നത്.

നിലവില്‍ ചുരുങ്ങിയത് രണ്ട് വിമത എം.പിമാരുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും, തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ട് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ആറ് ലോക്‌സഭാ എം.പിമാര്‍ വിട്ടുനിന്നതോടെയാണ് പാര്‍ട്ടിയിലെ പിളര്‍പ്പ് പരസ്യമായത്. സഞ്ജയ് ദിന പാട്ടീല്‍, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വക്ചൗരെ, നാഗേഷ് പാട്ടീല്‍-അഷ്ടിക്കര്‍, ഓംപ്രകാശ് രാജെ നിംബാല്‍ക്കര്‍ എന്നവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

ആറ് എം.പിമാര്‍ കൂടി എത്തുന്നതോടെ ലോക്സഭയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പക്ഷത്തിന്റെ ആകെ അംഗബലം 13 ആയി ഉയരും. ഇതോടെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ ഷിന്‍ഡെ പക്ഷം കോണ്‍ഗ്രസിനൊപ്പമെത്തി.

നിലവില്‍ ഒന്‍പത് സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പി, മഹാരാഷ്ട്രയിലെ ലോക്‌സഭാ സീറ്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബി.ജെ.പിയുടെ പിന്തുണയോടെ നടക്കുന്ന ഈ രാഷ്ട്രീയ നീക്കത്തിന് ‘ഓപ്പറേഷന്‍ ടൈഗര്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ലമെന്റില്‍ ഉറപ്പാക്കുകയാണ് ബി.ജെ.പി ഇതിലൂടെ ലക്ഷ്യമിടുന്നത്.

സഭയില്‍ അംഗബലം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ക്കായി ഏകനാഥ് ഷിന്‍ഡെ സമ്മര്‍ദം ചെലുത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ഷിന്‍ഡെ പക്ഷത്തിന് ഒരു സഹമന്ത്രി സ്ഥാനം മാത്രമാണുള്ളത്.

പുതിയ എം.പിമാര്‍ എത്തുന്നതോടെ പാര്‍ട്ടിക്ക് കുറഞ്ഞത് ഒരു കാബിനറ്റ് മന്ത്രിസ്ഥാനമെങ്കിലും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ലോക്‌സഭയില്‍ ഒമ്പത് എം.പിമാരുള്ള ഉദ്ധവ് പക്ഷത്തുനിന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭാഗം, അതായത് കുറഞ്ഞത് ആറ് എം.പിമാരുടെയെങ്കിലും പിന്തുണ ആവശ്യമാണ്. കൃത്യം ആറ് പേരാണ് ഇപ്പോള്‍ പാര്‍ട്ടി വിടുന്നത് എന്നതിനാല്‍ നിയമനടപടികളെ ഇവര്‍ക്ക് മറികടക്കാനായേക്കും.

 

Content Highlight: Six Lok Sabha MPs from Uddhav Thackeray’s faction join Shiv Sena led by Chief Minister Eknath Shinde

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.