കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഭീതി ഒഴിയാതെ ജനങ്ങളും ജാഗ്രത കൈവിടാതെ ആരോഗ്യവകുപ്പും. കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ ആറ് മരണങ്ങളാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് സംഭവിച്ചത്. വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ആറാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്. കഴിഞ്ഞതിങ്കളാഴ്ച വണ്ടൂര്‍ തിരുവാലി സ്വദേശിനി ശോഭന (56) മരണപ്പെട്ടിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇതേ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.
മുപ്പത് ദിവസത്തിനിടെ വയനാട് ബത്തേരി സ്വദേശിയായ രതീഷ് (45), കോഴിക്കോട് ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല(52), താമരശേരി സ്വദേശിനിയായ അനയ എന്ന ഒമ്പതുവയസുകാരിയും തുടങ്ങിയവരാണ് മരണപ്പെട്ടത്.
കെട്ടിക്കിടക്കുന്ന ശുചിത്വമില്ലാത്ത വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതുമാണ് പ്രധാനമായും അമീബിക് മസ്തിഷ്‌ക ജ്വരബാധയിലേക്ക് നയിക്കുന്നത്. മൂക്കിലൂടെയും ചെവിയിലൂടെയും തലച്ചോറിലെത്തുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത്.

നെഗ്ലേറിയ, അകാന്തമീബ, സാപ്പിനിയ, വെര്‍മമീബ, ബാലമുത്തിയ എന്നിങ്ങനെ നാല് വീഭാഗത്തില്‍പ്പെട്ട അമീബകളെയാണ് സാധാരണയായി രോഗവാഹകരായി കണ്ടുവരുന്നത്. ഈ അമീബകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതുള്‍പ്പടെ വ്യത്യസ്തമായാണ്. ഏറ്റവും അപകടകാരികളായ നെഗ്ലേറിയ ഫൗലേറി, അകാന്തമീബ എന്നിവയാണ് മരണകാരണങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത്. നെഗ്ലേറിയ അമീബ വെള്ളത്തില്‍ നിന്ന് മൂക്കിലെ നേര്‍മയായ പാടയിലൂടെയാണ് തലയോട്ടി വഴി തലച്ചോറിലേക്ക് കടക്കുന്നത്. കുട്ടികളില്‍ അമീബ പെട്ടെന്ന് തലച്ചോറിലെത്താനും രോഗബാധയുണ്ടാകാനും കാരണമാകും.
നെഗ്ലേറിയ അടങ്ങിയ വെള്ളം ശക്തിയില്‍ മൂക്കിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് തലയോട്ടിയുടെ സുരക്ഷാഭിത്തി ഭേദിച്ച് അമീബ അകത്തുകയറുക. ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചതും നെഗ്ലേറിയ അമീബ കാരണമാണെന്നും മറ്റ് അമീബകള്‍ കാരണമുള്ള അസുഖബാധ വൈകാതെ ഭേദപ്പെടുന്നതായാണ് കാണുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
നെഗ്ലേറിയ അമീബ ശരീരത്തില്‍ കയറിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ ആരംഭിക്കും. മസ്തിഷകത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കാന്‍ ഇത്തരം അമീബകള്‍ക്ക് കഴിയും. പനി, ഛര്‍ദ്ദി, പെരുമാറ്റത്തിലെ വ്യത്യാസം, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. മരണസാധ്യത ഏറ്റവും കൂടുതല്‍ ഇത്തരം അമീബകള്‍ക്കാണ്.
അകാന്തമീബ വിഭാഗത്തിലുള്ള അമീബകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് മൂക്കിലൂടെയോ ചെവിയിലൂടെയോ മാത്രമല്ല. രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് കരുതാര്‍ജ്ജിക്കുന്ന ഇവ ശരീരത്തില്‍ ഏതുവിധേനെയും കടന്നുകയറും. വളരെ സാവധാനം തലച്ചോറില്‍ കേടുപാടുകളുണ്ടാക്കുന്ന ഈ അമീബകളുടെ രോഗലക്ഷണങ്ങള്‍ മാസങ്ങളും ആഴ്ചകളും നീണ്ടുനില്‍ക്കും. കാന്‍സര്‍, കരള്‍ രോഗികള്‍ തുടങ്ങിയ രോഗപ്രതിരോധശേഷി കുറഞ്ഞവരെ ബാധിക്കുന്ന അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ കാരണം അകാന്തമീബകളാണ്. അത്ര അപകടകാരിയല്ലെങ്കിലും മരണസാധ്യത കൂടുതലാണ്.



