ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് വിദ്യാഭ്യാസത്തിന്റെ വിജയം; കിളിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനെത്തിയ വിദ്യാര്‍ത്ഥിക്ക് മന്ത്രിയുടെ അഭിനന്ദനം
Kerala
ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് വിദ്യാഭ്യാസത്തിന്റെ വിജയം; കിളിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനെത്തിയ വിദ്യാര്‍ത്ഥിക്ക് മന്ത്രിയുടെ അഭിനന്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 7:56 am

തിരുവനന്തപുരം: റോഡരികില്‍ കിടന്നിരുന്ന കിളിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഹോമിയോ ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അഭിനന്ദനം. ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ ആ നിമിഷമാണ് പൊതുവിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ വിജയമെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

കണ്ണൂര്‍ ഇരിക്കൂര്‍ ഉപജില്ലയിലെ ശാരദ വിലാസം എ.യു.പി. സ്‌കൂളിലെ നാലാം ക്ലാസുകാരനായ ജനിത്താണ് കിളിക്കുഞ്ഞിനെ രക്ഷിക്കാന്‍ ഹോമിയോ ആശുപത്രിയെ സമീപിച്ചത്. വഴിയരികില്‍ പരിക്കേറ്റ് കിടന്നിരുന്ന കിളിക്കുഞ്ഞിനെയാണ് ജനിത്ത് ആശുപത്രിയില്‍ എത്തിച്ചത്.

‘ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവന്‍ വെപ്പിക്കാവോ… ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല, ഈ വാര്‍ത്തയറിഞ്ഞ ഓരോ മലയാളിയുടെയും ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും,’ എന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

റോഡരികില്‍ കണ്ട കിളിക്കുഞ്ഞിനെ ഉപേക്ഷിച്ചു പോകാന്‍ ആ കുഞ്ഞുമനസിന് കഴിഞ്ഞില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാഠപുസ്തകങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെയും കരുണയുടെയും വലിയ പാഠങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. ജീവജാലങ്ങളോടുള്ള ഈ സഹാനുഭൂതിയും കരുതലും ഓരോ വിദ്യാര്‍ത്ഥിയുടെയും മനസില്‍ വിരിയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഈ നന്മ തിരിച്ചറിഞ്ഞ് ആ ഹൃദയസ്പര്‍ശിയായ നിമിഷം ക്യാമറയില്‍ പകര്‍ത്തി സ്‌കൂള്‍ അധികൃതരെ അറിയിച്ച ഡോക്ടര്‍ക്കും ഈ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ശാരദ വിലാസം എ.യു.പി സ്‌കൂളിലെ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രത്യേകം അഭിനന്ദങ്ങള്‍ അറിയിക്കുന്നതായും മന്ത്രി കുറിച്ചു.

‘പ്രിയ ജനിത്തിന് ഹൃദയം നിറഞ്ഞ സ്‌നേഹാഭിനന്ദനങ്ങള്‍. മോനെയോര്‍ത്ത് ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്. നന്മയും സഹാനുഭൂതിയുമുള്ള ഒരു തലമുറ ഇവിടെ പഠിച്ചു വളരുന്നു എന്നതില്‍ നമുക്കേവര്‍ക്കും സന്തോഷിക്കാം,’ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം കിളിക്കുഞ്ഞുമായി ഹോമിയോ ഡോക്ടറെ കാണാനെത്തിയ ജനിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ത്ഥിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്.

Content Highlight: V. sivankutty congratulates student who saved a bird’s life