ശബരിമലയിലെ പുണ്യത്തെപ്പോലും കച്ചവടവസ്തുവാക്കിയ പാരമ്പര്യമാണ് യു.ഡി.എഫിന്റേത്: വി. ശിവന്‍കുട്ടി
Kerala
ശബരിമലയിലെ പുണ്യത്തെപ്പോലും കച്ചവടവസ്തുവാക്കിയ പാരമ്പര്യമാണ് യു.ഡി.എഫിന്റേത്: വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th December 2025, 6:53 am

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നാടകം കളിക്കുകയാണെന്ന് തൊഴില്‍ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും എന്തിനാണ് എസ്.ഐ.ടി അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി. ശിവന്‍കുട്ടിയുടെ പ്രതികരണം.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പൊതുമധ്യത്തിലുണ്ട്. 2016ന് മുമ്പ് നടന്ന ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം പിണറായി വിജയന്റെയോ എല്‍.ഡി.എഫ് സര്‍ക്കാരിന്റെയോ തലയില്‍ കെട്ടിവെക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ആന്റോ ആന്റണി എം.പി, അടൂര്‍ പ്രകാശ് എം.പി, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഇതിനുള്ള അവസരം ഒരുക്കിയതെന്നും മന്ത്രി ആരോപിച്ചു.

പോസ്റ്റില്‍, സ്വര്‍ണക്കേസിലെ പ്രതിയെ സോണിയാ ഗാന്ധിയുടെ വസതിയില്‍ എത്തിക്കുകയും രക്ഷ കെട്ടിക്കുകയും ചെയ്ത എം.പിമാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജവം കോണ്‍ഗ്രസിനുണ്ടോയെന്നും മന്ത്രി ചോദിക്കുന്നുണ്ട്.

ആരെ സംരക്ഷിക്കാനാണ് യു.ഡി.എഫ് വെപ്രാളപ്പെടുന്നതെന്നും ചോദ്യമുണ്ട്. തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് കേസിലെ പ്രതികളുമായുള്ള ബന്ധം എന്താണെന്ന് വി.ഡി സതീശന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കള്ളന്മാരെ സംരക്ഷിക്കാന്‍ എങ്ങനെ ശ്രമിച്ചാലും സത്യം തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ പുണ്യത്തെപ്പോലും കച്ചവടവസ്തുവാക്കിയ പാരമ്പര്യമാണ് യു.ഡി.എഫിന്റേത്. ശബരിമലയെ മറയാക്കി യു.ഡി.എഫ് ഒന്നിലധികം അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നും ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.

‘തിരക്ക് നിയന്ത്രിക്കാനെന്ന വ്യാജേന നിര്‍മിച്ച ബെയ്‌ലി പാലം, ഇന്ന് ഈ ഉപയോഗശൂന്യമായ പാലത്തിലൂടെ മൂന്നേ കാല്‍ കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന് നഷ്ടമായത്. ഇടുക്കി കമ്പക്കല്ലില്‍ വനവത്ക്കരണത്തിന് ഭൂമി ഏറ്റെടുക്കാനായി ഏഴര കോടി രൂപ അഡ്വാന്‍സ് നല്‍കി മുക്കി. ഉണ്ണിക്കൃഷ്ണ പണിക്കരെയും നടി ജയമാലയെയും ഉപയോഗിച്ച് ജ്യോതിഷ വിവാദങ്ങള്‍ സൃഷ്ടിച്ചത് യു.ഡി.എഫ് ഭരണകാലത്താണ്. ആന്ധ്രയില്‍ നിന്ന് ശര്‍ക്കര വാങ്ങിയതിലും, 1.81 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിയതിലും നടന്നത് വന്‍ ക്രമക്കേടുകളാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.

Content Highlight: Sivankutty also asked why V.D. Satheesan and Ramesh Chennithala are opposing the SIT investigation in Sabarimala gold case