അദ്ദേഹത്തെ പോലെ അഭിനയിക്കാന്‍ നാലായിരം വര്‍ഷമെങ്കിലും വേണം; ഫഹദിനെ കുറിച്ച് ശിവകാര്‍ത്തികേയന്‍
Entertainment news
അദ്ദേഹത്തെ പോലെ അഭിനയിക്കാന്‍ നാലായിരം വര്‍ഷമെങ്കിലും വേണം; ഫഹദിനെ കുറിച്ച് ശിവകാര്‍ത്തികേയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th October 2021, 7:26 pm

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയന്‍. റെമോ, കനാ തുടങ്ങിയ ഒരുപിടി മികച്ച സിനിമകളാണ് താരം കോളിവുഡിന് സമ്മാനിച്ചിട്ടുള്ളത്. തനിക്കേറ്റവും പ്രിയപ്പെട്ട നടന്മാരെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍.

ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘ഡി.ആര്‍.എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു ശിവകാര്‍ത്തികേയന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

എം.ആര്‍ രാധ, വടിവേലു, രഘുവരന്‍ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്‍മാര്‍ എന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. മറ്റൊരു നടനോടും തനിക്ക് വല്ലാത്ത ആരാധനയുണ്ടെന്നും ആ താരം ഫഹദ് ഫാസില്‍ ആണെന്നും താരം പറയുന്നു.

‘ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ എനിക്ക്‌ നാലായിരം വര്‍ഷം വേണ്ടിവരുമെന്ന് തോന്നും. ഫഹദ് അഭിനയിക്കുമ്പോള്‍ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല, കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.

കുമ്പളങ്ങി നൈറ്റ്‌സ് ട്രാന്‍സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും, അസാമാന്യമായ പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചതെന്നും അശ്വിനും പറയുന്നുണ്ട്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ ചെറിയ റിയാക്ഷനുകള്‍ പോലും അതിഗംഭീരമാണ്. ഇയാള്‍ എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ഫഹദ് അസാമാന്യമായ പ്രതിഭയാണ്,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.

മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

‘വേലൈക്കാരന്‍’ എന്ന ചിത്രത്തിലായിരുന്നു ഫഹദും ശിവകാര്‍ത്തികേയനും ഒന്നിച്ചഭിനയിച്ചത്. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നയന്‍താര, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന പുതിയ ചിത്രമായ ‘ഡോക്ടറി’ന്റെ പ്രൊമോഷന് വേണ്ടിയായിരുന്നു അശ്വിനുമായുള്ള അഭിമുഖം സംഘടിപ്പിച്ചത്. നെല്‍സണ്‍ ദിലീപ്കുമാറാണ് ഡോക്ടര്‍ സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് കെ.ജെ.ആര്‍ സ്റ്റുഡിയോസ് എന്നിവരുടെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sivakarthikeyan talks about Fahad Fazil