ചിത്രം വിജയ് തന്നെ ലീക്കാക്കിയതായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ; കോപ്പി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ശിവകാര്‍ത്തികേയന്‍
Indian Cinema
ചിത്രം വിജയ് തന്നെ ലീക്കാക്കിയതായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ; കോപ്പി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ശിവകാര്‍ത്തികേയന്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 10th April 2026, 4:54 pm

കണ്ടകശനിയുടെ ആള്‍രൂപമായിരിക്കുകയാണ് തമിഴിന്റെ ദളപതി എന്നറിയപ്പെടുന്ന വിജയ്. സിനിമയില്‍ തനിക്ക് വലംവെക്കാന്‍ ആളില്ലാത്തയിടത്തു നിന്നും അഭിനയജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ താരത്തിന് ഒന്നൊഴിഞ്ഞ് മറ്റൊന്ന് എന്ന തരത്തിലാണ് പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നത്. കരൂര്‍ ദുരന്തവും ജനനായകന്‍ സെന്‍സര്‍ വിഷയവുമടക്കം തളര്‍ത്തിയ താരത്തിന് ലഭിച്ച പുതിയ ഇരുട്ടടിയാണ് ജനനായകന്റെ പ്രിന്റ് പുറത്തായത്.

തമിഴക വെട്രി കഴകം. Photo: X.com

ചിത്രത്തിലെ പല ഭാഗങ്ങളും ഇന്നലെ രാത്രിയോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇതിന് പിന്നാലെ മുഴുവന്‍ ചിത്രവും ഇന്റര്‍നെറ്റിലെ പല സൈറ്റുകളിലും ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് ഉള്ളടക്കം കാരണം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട് പ്രതിസന്ധിയിലായത്.

കെ.വി.എന്‍ പ്രൊഡക്ഷന്‍സ് വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന് പുറമെ പൈറസിയും രംഗത്തെത്തിയതോടെ വലിയ വെല്ലുവിളിയാണ് നിര്‍മാതാക്കളെ തേടിയെത്തിയിരിക്കുന്നത്. ഇലക്ഷന് ശേഷമെങ്കിലും റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ ലീക്കായ പതിപ്പ് കൂടുതല്‍ പേരിലേക്കെത്തിയാല്‍ റിലീസ് സമയത്തെ കളക്ഷനെ ഇത് വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കും.

നിരവധി ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ സംഭവത്തോടെ തുടക്കമിട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറങ്ങാനിരിക്കുന്ന ചിത്രമായതിനാല്‍ ജനങ്ങളെ സ്വാധീനിക്കുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ജനനായകനിലുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേ കാരണത്താല്‍ ചിത്രത്തിന്റെ പകര്‍പ്പ് വിജയ് തന്നെ നേരിട്ട് ലീക്കാക്കിയതാകാമെന്ന് വാദിക്കുന്നവരുമുണ്ട്. താരത്തെ പരിഹസിക്കുന്നതിന് വേണ്ടിയുള്ള കമന്റുകള്‍ മാത്രമാണിതെന്നും അഭിപ്രായമുണ്ട്.

ജനനായകന്‍. Photo: NDTV

അതേസമയം ചിത്രത്തിന്റെ പകര്‍പ്പ് പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് പേരുടെ പാഷനാണ് സിനിമയെന്നും പലരും ചോരയും നീരും ഒഴുക്കിയാണ് ഒരോ ചിത്രവും നിര്‍മിക്കുന്നതെന്നും അതിനാല്‍ പൈറസി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കണമെന്നും പ്രിന്റ് ലീക്കാക്കിയതിന് പിന്നില്‍ ആരാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sivakarthikeyan speaks against leaking Jananayagan Print

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.