ചുരുങ്ങിയ സമയം കൊണ്ട് കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ടം സ്വന്തമാക്കാന്‍ സാധിച്ച നടനാണ് ശിവകാര്‍ത്തികേയന്‍. എന്റര്‍ടൈന്മെന്റ് സിനിമകള്‍ ചെയ്ത് മുന്‍നിരയിലേക്കെത്തിയ ശിവകാര്‍ത്തികേയന്‍ ഇന്ന് തമിഴിലെ ടൈര്‍ 2 നടന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മദിരാശി റിലീസിന് തയാറെടുക്കുകയാണ്.
വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ അതിഥിവേഷവും പിന്നാലെ അമരന്റെ ഗംഭീരവിജയവും ശിവയുടെ സ്റ്റാര്‍ഡം കൂടുതല്‍ വലുതാക്കി. മാസ് ഹീറോയിലേക്കുള്ള താരത്തിന്റെ മാറ്റം പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സിനിമകളിലെ പുകവലിരംഗങ്ങളില്‍ താന്‍ അഭിനയിക്കാറില്ലെന്ന് പറയുകയാണ് ശിവകാര്‍ത്തികേയന്‍.
അത്തരം രംഗങ്ങള്‍ ചെയ്യില്ലെന്ന് താന്‍ ഒരിക്കലും സംവിധായകരോട് പറയാറില്ലെന്നും സ്‌ക്രിപ്റ്റ് തിരുത്താന്‍ നിര്‍ബന്ധിക്കാറില്ലെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. പുകവലിക്കുന്നത് കൊച്ചുകുട്ടികളെ വരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുട്ടികള്‍ അത്തരം സീനുകള്‍ കണ്ട് അത് അനുകരിക്കുന്നത് അത്തരം സീനുകള്‍ ഗ്ലോറിഫൈ ചെയ്യപ്പെടുമ്പോഴാണ്. അത് വലിയ ദോഷമാണ് എല്ലാവര്‍ക്കും. എന്നുവെച്ച് ഞാന്‍ സ്‌മോക്ക് ചെയ്യില്ലെന്ന് പറഞ്ഞ് സംവിധായകര്‍ക്ക് പ്രഷര്‍ കൊടുക്കാറില്ല. കഥയില്‍ ആ കഥാപാത്രം അങ്ങനെയുള്ള ഒരാളാണെങ്കില്‍ ആ സീന്‍ ചെയ്‌തേ പറ്റുള്ളൂ. അതിനെക്കാള്‍ എനിക്ക് പേടിയുള്ള മറ്റൊരു കാര്യമുണ്ട്.
ഒരു സീനില്‍ ഞാന്‍ വലിയ മാസ് ഇട്ട് സ്‌മോക്ക് ചെയ്യുന്നു. അത് കഴിഞ്ഞ് ഫോണ്‍ ചെയ്ത് ഇതേ മാസ് ടോണില്‍ ‘നിന്നെ കൊന്നുകളയും’ എന്ന് പറയുന്നതാണ് സീന്‍. ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് പേടിയാവും. എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റുമോ, ഞാന്‍ ഇങ്ങനെ ചെയ്താല്‍ കോമഡിയാകുമോ എന്നൊക്കെയായിരിക്കും എന്റെ ചിന്ത. അതൊക്കെ കൊണ്ടാണ് എനിക്ക് സ്‌മോക്കിങ് സീനുകളോട് മടിയുള്ളത്,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
എന്നാല്‍ ആ കഥാപാത്രം അത്തരത്തിലുള്ള ആളാണെങ്കില്‍ യാതൊരു മടിയുമില്ലാതെ താന്‍ ആ സീന്‍ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അത് ഗ്ലോറിഫിക്കേഷനല്ലെന്നും സൊസൈറ്റിയെ അത് ഇന്‍ഫ്‌ളുവന്‍സ് ചെയ്യില്ലെന്നും തനിക്ക് ഉറപ്പാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം മനസിലാക്കാനുള്ള അറിവ് തന്റെ മക്കള്‍ക്കുണ്ടെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
Content Highlight: Sivakarthikeyan saying he wont do smoking scenes until the script demands