തുപ്പാക്കി കൊടുത്തവനും വാങ്ങിയവനും നേരിട്ട് ഏറ്റുമുട്ടുന്നു, ബോക്‌സ് ഓഫീസിന് എന്താകുമെന്നറിയാന്‍ തമിഴ് സിനിമാലോകം
Indian Cinema
തുപ്പാക്കി കൊടുത്തവനും വാങ്ങിയവനും നേരിട്ട് ഏറ്റുമുട്ടുന്നു, ബോക്‌സ് ഓഫീസിന് എന്താകുമെന്നറിയാന്‍ തമിഴ് സിനിമാലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th September 2025, 9:24 pm

തമിഴ് സിനിമയെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു കഴിഞ്ഞവര്‍ഷം വിജയ് നടത്തിയത്. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തിനായി സ്വന്തമായി പാര്‍ട്ടി ആരംഭിച്ച വിജയ് സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നു എന്ന പ്രഖ്യാപനം ആരാധകരെയടക്കം ഞെട്ടിച്ചു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനായിരുന്നു തമിഴക വെട്രി കഴകം എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി ആരംഭിച്ചത്.

രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം വന്‍ വിജയമായി. ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയ ശിവകാര്‍ത്തികേയനും പിന്നീട് ചര്‍ച്ചയായി. ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയന് തോക്ക് കൈമാറുന്ന രംഗം ചിലര്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചിരുന്നു. സിനിമയിലെ തന്റെ പിന്‍ഗാമിയെ വിജയ് ഇതിലൂടെ തെരഞ്ഞെടുത്തെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.

ശിവകാര്‍ത്തികേയന്‍ നായകനായ അമരന്‍ കഴിഞ്ഞവര്‍ഷം തമിഴിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായി മാറി. വിജയ്‌യുടെ പിന്‍ഗാമി ശിവകാര്‍ത്തികേയനാണെന്ന് പലരും വിധിയെഴുതി. ‘തുപ്പാക്കി ശരിയായ കൈയിലാണ് വിജയ് കൊടുത്തത്’ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ തമിഴ് സിനിമാപ്രേമികള്‍ക്ക് മറ്റൊരു ട്വിസ്റ്റ് സമ്മാനിച്ചിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പരാശക്തിയുടെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 2026 ലെ പൊങ്കല്‍ ദിനമായ ജനുവരി 14നാണ് പരാശക്തി തിയേറ്ററുകളിലെത്തുക. വിജയ്‌യുടെ അവസാന ചിത്രമായി കണക്കാക്കുന്ന ജന നായകനും ഇതേ ദിവസമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

തുപ്പാക്കി കൊടുത്തവനും വാങ്ങിയവനും തമ്മില്‍ ഒരു ക്ലാഷ് ആരും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റാര്‍ഡത്തിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന വിജയ്‌യുമായി ആരും ക്ലാഷിന് മുതിരില്ല എന്ന ധൈര്യമായിരുന്നു ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്. എന്നാല്‍ പരാശക്തിയുമായുള്ള ക്ലാഷ് വിജയ് ചിത്രം എങ്ങനെ പരിഹരിക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.

വിജയ്‌യുടെ അവസാന ചിത്രവും ശിവകാര്‍ത്തികേയന്റെ 25ാമത്തെ ചിത്രവും ഒരുമിച്ച് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുകയാണ്. സൂരറൈ പോട്ര് എന്ന ഗംഭീര ചിത്രത്തിന് ശേഷം സുധ കൊങ്കര ഒരുക്കുന്ന ചിത്രമാണ് പരാശക്തി. 1964 പുറനാനൂറ് എന്ന പേരില്‍ സൂര്യയെ നായകനാക്കി പ്ലാന്‍ ചെയ്ത ചിത്രമാണ് പിന്നീട് ശിവകാര്‍ത്തികേയനിലേക്കെത്തിയത്.

1960കളില്‍ തമിഴ്‌നാട്ടിലെ കോളേജുകളില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ആസ്പദമാക്കിയാണ് പരാശക്തി ഒരുങ്ങുന്നത്. അഥര്‍വ, ശ്രീലീല എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍. മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫും പരാശക്തിയില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight: Sivakarthikeyan’s Parasakthi movie going to clash with Vijay’s Jana Nayagan