ആറ് ഈഴവ മന്ത്രിമാര്‍ വേണം, പിന്നാക്കക്കാര്‍ക്ക് പ്രത്യേക വകുപ്പും: സ്വാമി സച്ചിദാനന്ദ
Kerala News
ആറ് ഈഴവ മന്ത്രിമാര്‍ വേണം, പിന്നാക്കക്കാര്‍ക്ക് പ്രത്യേക വകുപ്പും: സ്വാമി സച്ചിദാനന്ദ
ആദര്‍ശ് എം.കെ.
Sunday, 17th May 2026, 2:33 pm

തിരുവനന്തപുരം: കേരളത്തില്‍ പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ, ഈഴവ സമുദായത്തിനും പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവുമായി ശിവഗിരി മഠം.

യു.ഡി.എഫ് സഖ്യത്തില്‍ നിന്ന് ഈഴവ സമുദായത്തില്‍പ്പെട്ട ഒമ്പത് പേര്‍ വിജയിച്ചിട്ടുണ്ടെന്നും അതില്‍ ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്.

സമുദായത്തില്‍ നിന്ന് വിജയിച്ച ഒമ്പതില്‍ ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണം. അത് സാധ്യമായില്ലെങ്കില്‍ കുറഞ്ഞത് നാല് പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക വകുപ്പുകള്‍ ഉള്ളതുപോലെ, പിന്നോക്ക സമുദായ ക്ഷേമത്തിനായി പ്രത്യേക വകുപ്പും മന്ത്രിയും വേണം.

കേരളത്തിലെ നാല്‍പ്പത്തിരണ്ടോളം വരുന്ന പിന്നോക്ക സമുദായങ്ങളുടെ സമഗ്ര വളര്‍ച്ച ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്ന് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

മന്ത്രിസഭയില്‍ മാത്രമല്ല, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളിലും പിന്നോക്ക, ദളിത് വിഭാഗങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതെങ്കിലും പ്രത്യേക ജാതിക്കോ മതവിഭാഗത്തിനോ മന്ത്രിസഭയില്‍ അമിത പ്രാതിനിധ്യം നല്‍കരുത്. ജനപ്രതിനിധികളായി വരാന്‍ സാധിക്കാത്ത പിന്നോക്ക സമുദായങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മഠം ആവശ്യപ്പെടുന്നു.

നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ൺയ ഘട്ടത്തിലും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള 18 പേരുടെ പട്ടിക ശിവഗിരി മഠം കോണ്‍ഗ്രസിന് നല്‍കിയിരുന്നു.

തന്റെ ആവശ്യങ്ങള്‍ വി.ഡി. സതീശന്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.

 

Content highlight: Sivagiri Math has demanded that the Ezhava community and backward classes be given due representation in the cabinet.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.