അവിടെ എഡിറ്റോ സ്റ്റാർട്ട് ആക്ഷൻ കട്ടോ ഒന്നുമില്ല, ഞങ്ങളെ അഴിച്ചു വിട്ടിരിക്കുകയാണ്; സിത്താര കൃഷ്ണകുമാർ
Entertainment news
അവിടെ എഡിറ്റോ സ്റ്റാർട്ട് ആക്ഷൻ കട്ടോ ഒന്നുമില്ല, ഞങ്ങളെ അഴിച്ചു വിട്ടിരിക്കുകയാണ്; സിത്താര കൃഷ്ണകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st May 2022, 2:11 pm

മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിലെ റിമി ടോമി, വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്ന എന്നിവർക്ക് ആരാധകർ ഏറെയാണ്. ഷോയിൽ അവർ നാലുപേരും പറയുന്ന തമാശകളും തഗ്ഗുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. സ്റ്റേജിൽ എങ്ങനെയാണ് ഇവർ ഇത്ര എനർജിയിൽ പെരുമാറുന്നതെന്നതിനെ കുറിച്ച് പ്രേക്ഷകർക്ക് കൗതുകം ഏറെയാണ്. അതിനെ കുറിച്ച് ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് സിത്താര.

ഞങ്ങൾ ഏകദേശം ഒരേ പ്രായമുള്ളവരാണെന്നും ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ടെന്നും അതുകൊണ്ടാണ് വേദിയിൽ ഇത്ര കോമഡി പറയാൻ സാധിക്കുന്നതെന്നുമാണ് സിത്താര പറഞ്ഞത്.

‘എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ലൈറ്റ് ആയിട്ടിരിക്കാൻ ഇഷ്ടമാണ്. പക്ഷെ ടെലിവിഷനിൽ അങ്ങനത്തെ അവസരങ്ങൾ ഉണ്ടാകാറില്ല. ഷോകളിൽ നമ്മൾ അവിടെ ചെന്ന് ഒന്ന് ചിന്തിച്ചിട്ടാണ് പലതും ചെയ്യുക. എന്നാൽ സൂപ്പർ ഫോറിൽ അങ്ങനെയല്ല. സൂപ്പർ ഫോറിൽ ഞങ്ങൾ നാല് പേരും ഏകദേശം ഒരേ ഏജ് ഗ്രൂപ്പിലുള്ളവരാണ്. അതുകൊണ്ട് ആദ്യത്തെ ദിവസം തന്നെ ഇതിന്റെ കെമിസ്ട്രി വേറെ രീതിയിൽ ആയി പോയി. അവിടെ എന്ത് വേണമെങ്കിലും പറയാം എന്ന അവസ്ഥയായി. അവിടെ എഡിറ്റോ സ്റ്റാർട്ട് ആക്ഷൻ കട്ടോ ഒന്നുമില്ല. ഞങ്ങളെ അഴിച്ചു വിട്ടിരിക്കുകയാണ്. ഞങ്ങൾക്ക് തോന്നുന്നതൊക്കെ പറയുകയാണ്.

എഡിറ്റിങ്ങ് ഒക്കെ പിന്നെ ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും അതെ പോലെ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. സൂക്ഷിച്ചു സംസാരിക്കാതെ തമാശകളൊക്കെ പറയാൻ തുടങ്ങി. അതിലെ മത്സരാർത്ഥികളും അതെ പോലെ തന്നെ ആയി. പിന്നെ വിധു ചേട്ടനും റിമിയും അസാമാന്യ നർമ ബോധമുള്ളവരാണ്. അവരങ്ങോട്ടും ഇങ്ങോട്ടും തമാശ പറയുന്നവരാണ്. നമുക്ക് പല ഷൂട്ടിനും പോയി കഴിഞ്ഞാൽ ക്ഷീണം വരും. വൈകുന്നേരം ആകുമ്പോഴേക്ക് തളരും. എന്നാൽ സൂപ്പർ ഫോർ അങ്ങനെയല്ല. അവിടെ ചെല്ലാനും ഞങ്ങൾക്ക് തിരക്കാണ് തിരിച്ചു പോരാൻ ഇഷ്ടവും ഉണ്ടാവില്ല. പിന്നെ അവരൊക്കെയായി സൗഹൃദം എന്ന നിലയിൽ നല്ല ബന്ധമുണ്ടായി. കുറെ കാലത്തെ അടച്ചിരിപ്പിന് ശേഷം ഞങ്ങൾക്ക് വീണ്ടും കോളേജിൽ ചെന്ന ഫീലായിരുന്നു. അതിന്റെ കെമിസ്ട്രി ആണ് ആ ഷോയിൽ കാണുന്നത്,’ എന്നാണ് സിതാര പറഞ്ഞത്.

ഈ വർഷത്തെ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചത് സിത്താരക്കായിരുന്നു. മനു അശോകന്‍ സംവിധാനം ചെയ്ത കാണെ കാണെ എന്ന സിനിമയിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന പാട്ടിനാണ് പുരസ്കാരം. മൂന്നാമത്തെ സ്റ്റേറ്റ് അവാർഡ് ആണ് ഗായികയ്ക്ക് ലഭിക്കുന്നത്.

Content Highlight: Sithara krishnakumar talking about Vidhu Prathap,Rimi Tomy and Jyotsna