മലയാളികളുടെ ഇഷ്ടഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. ചാനല്‍ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി തുടങ്ങിയ സിത്താര പിന്നീട് അതിശയന്‍ എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവരികയായിരുന്നു. മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ തന്റെ ഷെല്‍ഫിലെത്തിച്ച സിത്താര ഇന്‍ഡിപെന്‍ഡന്റ് ആല്‍ബങ്ങളിലൂടെയും മനം കവര്‍ന്നു.

മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന് പറയുകയാണ് സിത്താര. വളരെ ലൗഡായി എല്ലായിടത്തും താന്‍ ഇക്കാര്യം പറയുമെന്നും അത്ര വലിയ ഫാന്‍ ഗേളാണ് താനെന്നും സിത്താര പറയുന്നു. മോഹന്‍ലാലിനെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ ചെറിയൊരു വ്യത്യാസമുണ്ടെന്നും അവര്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സിത്താര.

‘ലാലേട്ടനെയും എനിക്ക ഇഷ്ടമാണ്. ഒരു ആര്‍ട്ട് ലവര്‍ എന്ന നിലയില്‍ ലാലേട്ടന്റെ സിനിമകളൊക്കെ കാണാറുണ്ട്. പക്ഷേ, വ്യത്യാസമെന്താണെന്ന് വെച്ചാല്‍ ലാലേട്ടന്റെ സിനിമ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ നല്ല പെര്‍ഫോമന്‍സ് കാണാന്‍ പറ്റണം, നല്ല കഥയായിരിക്കണം, നല്ല എക്‌സ്പീരിയന്‍സാകണം എന്നൊക്കെയാണ് ആഗ്രഹിക്കുക.

നേരെ മറിച്ച് മമ്മൂക്കയുടെ പടം കാണാന്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടണേ എന്ന് ആഗ്രഹിക്കും. കാരണം, മമ്മൂക്ക എന്ത് ചെയ്താലും എനിക്ക് ഇഷ്ടമാകും. സിനിമ കാണുമ്പോള്‍ ബാക്കിയുള്ളവരുടെ മുഖത്തേക്കായിരിക്കും ഞാന്‍ നോക്കുക. അവര്‍ക്ക് ഓക്കെയാണോ എന്നറിയാനാണ് അങ്ങനെ ചെയ്യുന്നത്,’ സിത്താര പറയുന്നു.

മമ്മൂട്ടിയെ നേരിട്ട് കാണാന്‍ രണ്ട് തവണ അവസരം ലഭിച്ചിരുന്നെന്നും സിത്താര പറഞ്ഞു. തന്റെ പാട്ടിനെക്കുറിച്ചായിരുന്നു ആദ്യം കണ്ടപ്പോള്‍ പറഞ്ഞതെന്നും പിന്നീട് തന്റെ കഫെയില്‍ വരാമെന്ന് പറഞ്ഞിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇടം എന്ന തന്റെ ആര്‍ട്ട് കഫെയിലേക്ക് മമ്മൂട്ടി വന്നത് മറക്കാനാകാത്ത അനുഭവമായിരുന്നെന്നും സിത്താര പറയുന്നു.

‘ഒരുദിവസം രാത്രിയാണ് മമ്മൂക്ക ഇടത്തിലേക്ക് വന്നത്. അന്ന് അവിടെ പുതിയൊരു പയ്യന്‍ ജോയിന്‍ ചെയ്തിരുന്നു. അവനോട് ബാക്കിയുള്ളവര്‍ വെറുതെ പറ്റിക്കാനായിട്ട് ‘ഇവിടെ മമ്മൂക്ക വരുന്നുണ്ട’ എന്ന് പറഞ്ഞു. അന്ന് ശരിക്കും മമ്മൂക്ക വന്നു. ആ കഫെയില്‍ ഒരു സ്വിങ്ങിങ് ചെയറില്‍ അദ്ദേഹം ഇരിക്കുകയായിരുന്നു. കിച്ചണില്‍ പാത്രം കഴുകിക്കൊണ്ടിരുന്ന ഈ പയ്യന്‍ കൈയില്‍ സോപ്പും കൊണ്ട് മമ്മൂക്കയെ കാണാന്‍ ഓടിവന്നു. അവന് മറക്കാന്‍ പറ്റാത്ത എക്‌സ്പീരിയന്‍സായിരുന്നു അത്,’ സിത്താര പറഞ്ഞു.

Content Highlight: Sithara Krishnakumar saying she is a Fan Girl of Mammootty