ന്യൂദൽഹി: ഔറംഗബാദിൽ ട്രെയിനിടിച്ച് പാളത്തിൽ കിടന്നുറങ്ങിയ അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
കേന്ദ്ര സർക്കാർ മുന്നറിയിപ്പില്ലാതെ ലോക്ക് ഡൗൺ നടപ്പാക്കുകയും ആഴ്ച്ചകളോളം ദുരിതത്തിൽപ്പെട്ട അതിഥി തൊഴിലാളികളെ തിരികെയത്തിക്കാൻ അവർക്ക് യാത്രാ സൗകര്യം ഒരുക്കാത്തതുമാണ് ഈ ദാരുണ സംഭവത്തിന് ഇടയാക്കിയതെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര സർക്കാർ അതിഥി തൊഴിലാളികളോട് ചെയ്തത് കുറ്റകരമാണെന്ന് പറഞ്ഞ യെച്ചൂരി സർക്കാരിന്റെ അതിഥി സംസ്ഥാന തൊഴിലാളികളോടുള്ള നയത്തിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.
മധ്യപ്രദേശിലേക്ക് നടന്നു പോകുന്നതിനിടെ ട്രാക്കിൽ ട്രെയിനുകളുണ്ടാവില്ലെന്ന് കരുതി വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. 45 കിലോമീറ്റർ നടന്നതിന് ശേഷം വിശ്രമിക്കാനാണ് ഇവർ ട്രാക്കിൽ കിടന്നുറങ്ങിയത്. ചരക്ക് തീവണ്ടികൾ സർവ്വീസ് നടത്തുന്ന വിവരം തൊഴിലാളികൾക്ക് അറിയില്ലായിരുന്നു. കുട്ടികളുൾപ്പെടെ പതിനാറ് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വണ്ടി നിർത്താൻ ലോക്കോ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
