15 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞിട്ട് വന്നില്ല, ഇവരെ നമ്മളെങ്ങനെ താങ്ങുവിലയുടെ കാര്യത്തില്‍ വിശ്വസിക്കും?; കേന്ദ്രത്തെ പരിഹസിച്ച് യെച്ചൂരി
national news
15 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞിട്ട് വന്നില്ല, ഇവരെ നമ്മളെങ്ങനെ താങ്ങുവിലയുടെ കാര്യത്തില്‍ വിശ്വസിക്കും?; കേന്ദ്രത്തെ പരിഹസിച്ച് യെച്ചൂരി
ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 11:17 pm

ന്യൂദല്‍ഹി: താങ്ങു വിലയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടതുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

’15 ലക്ഷം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞു, കിട്ടിയില്ല. പിന്നെങ്ങനെ താങ്ങുവിലയുടെ കാര്യത്തില്‍ നമ്മള്‍ ഈ സര്‍ക്കാരിനെ വിശ്വസിക്കും?,’ യെച്ചൂരി ചോദിച്ചു.

എന്തുകൊണ്ട് താങ്ങുവിലയെ ഒരു നിയമപരമായ അവകാശമാക്കിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.

മറ്റു പാര്‍ട്ടികള്‍ക്കൊപ്പം രാഷ്ട്രപതിയെ കാണാന്‍ പോയതിലും യെച്ചൂരി പ്രതികരിച്ചു.

‘പ്രതിപക്ഷ പാര്‍ട്ടികള്‍ ആരൊക്കെ ആയാലും അവര്‍ മറ്റുകാര്യങ്ങളില്‍ എന്തൊക്കെ ആയാലും അവര്‍ ഇന്ന് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് രാഷ്ട്രപതിയെ കാണാന്‍ പോയതും നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും.

25 ലേറെ വരുന്ന രാഷ്ട്രീയ പാര്‍ട്ടകള്‍ ഇന്നലെ ബന്ദിനെ പിന്തുണക്കുകയും കര്‍ഷകരുടെ സമരത്തിന് തുടര്‍ന്നും പിന്തുണയുണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു,’ യെച്ചൂരി പറഞ്ഞു.

സര്‍ക്കാര്‍ പറയുന്നത് ഒരു വിഭാഗം കര്‍ഷകര്‍ നിയമത്തിലുള്ള പേടി കൊണ്ട് സമരം ചെയ്യുന്നതാണെന്നും ഇവര്‍ എല്ലാ കര്‍ഷകരുടെയും പ്രതിനിധിയാണെന്ന് വിശ്വിസിക്കുന്നില്ലാ എന്നുമാണല്ലോ എന്നും ചാനല്‍ അവതാരകന്‍ രാജ്ദീപ് സര്‍ദേശായി യെച്ചൂരിയോട് ചോദിച്ചു.

കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ടോ എന്നായിരുന്നു യെച്ചൂരി തിരിച്ച് ചോദിച്ചത്. മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ഒന്നായി പ്രതിഷേധിക്കുന്നത് കാണുന്നുണ്ടോ? ഇത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ്യത്തെ വഴി തിരിച്ച് വിടാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമത്തില്‍ ഭേദഗതി ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുമ്പോള്‍ രാഷ്ട്രീയക്കാരോടോ കര്‍ഷകരോടോ പാര്‍ലമെന്ററി കമ്മിറ്റിയിലെങ്കിലും ചര്‍ച്ച ചെയ്തിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഒരു നിയമത്തില്‍ ഭേദഗതി കൊണ്ട് വരണമെങ്കില്‍ അതില്‍ മതിയായ ചര്‍ച്ച നടക്കണം. അത് ജനാധിപത്യപരമായി നടക്കണമെന്നും യെച്ചൂരി പറഞ്ഞു.

കാര്‍ഷിക നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തുന്നത്. കേന്ദ്രം നിയമം പിന്‍വലിക്കാന് തയ്യാറാല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നിയമം പിന്‍വലിക്കാനായി രേഖാമൂലം നിര്‍ദേശം എഴുതി നല്‍കിയത് കര്‍ഷകര്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ 14ന് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.

പഴയ നിയമങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

‘കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒട്ടും സത്യസന്ധത പുലര്‍ത്തുന്നില്ല. അതുകൊണ്ട് തന്നെ പഴയ നിയമങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ നിര്‍ദേശത്തെ എല്ലാ കാര്‍ഷിക സംഘടനകളും ഒരുമിച്ച് തള്ളി. നിയമം പിന്‍വലിക്കാനുള്ള സമരം തുടരും. ഇതിന്റെ ഭാഗമായി ദല്‍ഹിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തും. ജില്ലാടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ധര്‍ണകള്‍ സംഘടിപ്പിക്കും,’ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച നിര്‍ദേശങ്ങള്‍ എഴുതിനല്‍കാമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത്.

എഴുതി നല്‍കിയ കരട് നിര്‍ദേശത്തില്‍ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിരുന്നില്ല. അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

താങ്ങുവില നിലനിര്‍ത്തുമെന്നും കരാര്‍ തര്‍ക്കങ്ങളില്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്നും കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി ഉറപ്പുവരുത്തും തുടങ്ങിയ കാര്യങ്ങളാണ് എഴുതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ നിയമം പിന്‍വലിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് കന്‍വാല്‍ പ്രീത് സിംഗ് പന്നു പറഞ്ഞു.

കേന്ദ്രത്തിനോട് തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇന്ന് എഴുതി നല്‍കാമെന്ന് പറഞ്ഞ രേഖകളില്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം ബാക്കി നടപടികളെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊല്ല നേരത്തെ പറഞ്ഞിരുന്നു.

ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരെ കാണാന്‍ തയ്യാറായത്. ഒരു കുറുക്കുവഴിയും കൊണ്ട് വരണ്ട, നിയമം പിന്‍വലിച്ചാല്‍ മാത്രം മതിയെന്ന് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നേ പറഞ്ഞിരുന്നു.

ഒരു ഭാഗത്ത് തിരക്ക് പിടിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sitaram Yechury asks that If we didn’t get 15 lakhs in bank account, why will we trust any assurance on MSP?