പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സഹനങ്ങളുടെയും ഒരു നൂറ്റാണ്ട്-സീതാറാം യെച്ചൂരി
Indian Communist Party @100
പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സഹനങ്ങളുടെയും ഒരു നൂറ്റാണ്ട്-സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി
Thursday, 17th October 2019, 2:05 pm
മതനിരപേക്ഷത എന്നാല്‍, മതത്തെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കാതിരിക്കുക എന്നര്‍ത്ഥം. അതായത്, മതവിശ്വാസങ്ങള്‍ തെരഞ്ഞെടുക്കുവാനും പിന്തുടരുവാനുമുള്ള വൈയക്തികമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോഴും, സ്റ്റേറ്റ് ഏതെങ്കിലും ഒരു മതത്തെ പിന്താങ്ങുകയോ പ്രത്യേകമായി പരിഗണിക്കുകയോ ചെയ്യുന്നില്ല.

പരിഭാഷ: ശ്രീഷ്മ കെ.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനു ശേഷമുള്ള ഒരു നൂറ്റാണ്ട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായൊരു ഏടാണ്. ഉജ്ജ്വലമായ പോരാട്ടങ്ങളുടെയും, സ്വാതന്ത്ര്യ സമരകാലത്തും അതിനു ശേഷവും പ്രവര്‍ത്തിച്ച അസംഖ്യം വിപ്ലവകാരികളുടെ അളവില്‍ക്കവിഞ്ഞ ത്യാഗങ്ങളുടെയും കൂടി ചരിത്രമാണത്.

പൊതുജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ ദേശീയ താല്‍പര്യങ്ങള്‍ക്കൊപ്പം പരിഗണിക്കപ്പെടുന്നതിന് വേണ്ടി നടന്നിട്ടുള്ള ശ്രമങ്ങളും ഈ ചരിത്രത്തോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സമകാലിക സംഭവവികാസങ്ങളെ ശാസ്ത്രീയമായ ഭൗതികവാദത്തിലൂടെ വിലയിരുത്താന്‍ ആരംഭഘട്ടം മുതല്‍ക്കുതന്നെ കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയഘടനയും, രാജ്യത്തെ ജനങ്ങളുടെ ഉപജീവന സാഹചര്യങ്ങളും ഒരുപോലെ മെച്ചപ്പെടുത്താനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും കമ്മ്യൂണിസ്റ്റുകള്‍ അക്കാലം തൊട്ട് ഉന്നയിച്ചിട്ടുണ്ട്.

നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ജനങ്ങളുടെ സാമ്പത്തിക വിമോചനത്തിലേക്ക് രൂപാന്തരപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന വീക്ഷണത്തിലൂന്നിയായിരുന്നു ഈ പ്രവര്‍ത്തനങ്ങളെല്ലാം. അത്തരമൊരു റിപ്പബ്ലിക്കാകട്ടെ, സോഷ്യലിസത്തിനു കീഴില്‍ മാത്രം സംഭവിക്കുന്നതും.

ഒരു വര്‍ഷക്കാലം നീളുന്ന പരിപാടികളാണ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറു വര്‍ഷങ്ങളോടനുബന്ധിച്ച് നടക്കുക. പാര്‍ട്ടിയുടെ ആരംഭഘട്ടം മുതല്‍ക്കുണ്ടായിട്ടുള്ള കമ്മ്യൂണിസത്തിന്റെ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ഒരു വര്‍ഷത്തിനിടെ വിശദമായി രേഖപ്പെടുത്തപ്പെടും. ചില പ്രധാന വിഷയങ്ങള്‍ ഇപ്പോള്‍ പരിശോധിക്കാം.

പാര്‍ട്ടിയുടെ ആരംഭം

ഒന്നാം ലോക മഹായുദ്ധക്കാലത്തും അതിനു മുന്‍പുമുള്ള വര്‍ഷങ്ങളില്‍, ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മിതവാദികളും വിപ്ലവകാരികളും തമ്മില്‍ വിവിധ ആശയസംഘട്ടനങ്ങള്‍ ഉടലെടുത്തിരുന്നു. 1917ലെ റഷ്യന്‍ വിപ്ലവത്തിന്റെ വിജയം ഈ അഭിപ്രായഭിന്നതകളെ രൂക്ഷമാക്കി. ലോകത്തെങ്ങുമുള്ള വിപ്ലവകാരികളെ എന്ന പോലെ, ഇന്ത്യയിലെ വിപ്ലവകാരികളെയും റഷ്യന്‍ വിപ്ലവം ഏറെ സ്വാധീനിച്ചിരുന്നു.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, പല ഇന്ത്യന്‍ വിപ്ലവകാരികളും കമ്മ്യൂണിസ്റ്റുകളായി മാറി. ഇവരില്‍ ചിലരാകട്ടെ, ഏറെ കഷ്ടതകള്‍ സഹിച്ചും ലോകത്തിലെ ആദ്യ തൊഴിലാളിവര്‍ഗ്ഗ വിപ്ലവം നടന്നയിടത്തേക്ക് പലായനം ചെയ്തു. അങ്ങനെയെത്തിയ ഇന്ത്യന്‍ വിപ്ലവകാരികള്‍ ചേര്‍ന്നാണ് 1920 ഒക്ടോബര്‍ 17ന് താഷ്‌കെന്റില്‍ വച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഇതോടെ, ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി ചിതറിക്കിടന്നിരുന്ന പല വിപ്ലവസംഘങ്ങളിലേക്കും ആദ്യമായി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങള്‍ എത്തിച്ചേര്‍ന്നു.

എം.എന്‍ റോയും എവിലിയന്‍ ട്രെന്റ് റോയും

ബോംബെ, കൊല്‍ക്കത്ത, മദ്രാസ് എന്നിവിടങ്ങളിലും യു.പി-പഞ്ചാബ് ഭാഗങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ചെറുകമ്മ്യൂണിസ്റ്റ് സംഘങ്ങളെ കാണ്‍പൂരില്‍ വച്ച് 1925ല്‍ നടന്ന കമ്മ്യൂണിസ്റ്റ് കോണ്‍ഫറന്‍സാണ് ഒന്നിപ്പിച്ചത്. അതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തിനകത്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

എം.എന്‍ റോയിയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന രജനി പാമെ ദത്തും മുന്നോട്ടുവച്ച സൈദ്ധാന്തികവും ആശയപരവുമായ വാദങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ധിഷണയെ സ്വാധീനിക്കുക തന്നെ ചെയ്തു.

രൂപീകരണം മുതല്‍ക്കു തന്നെ, ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാധീനിക്കാന്‍ തുടങ്ങിയിരുന്നു. 1921ല്‍ അഹമ്മദാബാദില്‍ വച്ചു നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗത്തില്‍, ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും പരിപൂര്‍ണ സ്വാതന്ത്ര്യം ആവശ്യമാണ് എന്നൊരു പ്രമേയം മൗലാനാ ഹസ്രത് മൊഹാനി, സ്വാമി കുമാരാനന്ദ എന്നിവര്‍ ചേര്‍ന്ന് മുന്നോട്ടുവച്ചു.

അന്ന് ഗാന്ധിജി ആ പ്രമേയം അംഗീകരിച്ചിരുന്നില്ല. തൊട്ടടുത്ത വര്‍ഷം ഗയയില്‍ വച്ചു നടന്ന എ.ഐ.സി.സി യോഗത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തായിരിക്കണം എന്നു സൂചിപ്പിക്കുന്ന ഒരു ചാര്‍ട്ടര്‍ സി.പി.ഐ കൊണ്ടുവന്നിരുന്നു.

തീവ്രമായ അടിച്ചമര്‍ത്തല്‍

ഇന്ത്യയില്‍ സംഘടിതമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ചാല്‍ തങ്ങള്‍ക്കുണ്ടാകാവുന്ന ആപത്തുകളെക്കുറിച്ച് ബ്രിട്ടീഷുകാര്‍ ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ചമച്ചുകൊണ്ടുള്ള അതിതീവ്രമായ അടിച്ചമര്‍ത്തലായിരുന്നു അവര്‍ അഴിച്ചുവിട്ടത്.

1922 മേയ് മുതല്‍ മോസ്‌കോവിലേക്ക് യാത്രചെയ്യാന്‍ ശ്രമിച്ച വിപ്ലവകാരികള്‍ക്കെതിരെ അഞ്ച് ഗൂഢാലോചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു, 1923-24 കാലഘട്ടത്തില്‍ കാണ്‍പൂര്‍ ഗൂഢാലോചനാ കേസുകളും.

ഇന്ത്യയ്ക്ക് പുറത്തുള്ള വിപ്ലവകാരികള്‍ തിരിച്ചെത്താന്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടു. രാജ്യത്തിനകത്തുണ്ടായിരുന്ന നേതാക്കളെ അറസ്റ്റു ചെയ്ത് തുറങ്കിലടച്ചു. ഗദ്ദര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന വിപ്ലവകാരികള്‍ക്കെതിരെ 1915- ല്‍ തന്നെ ലാഹോര്‍ ഗൂഢാലോചനാ കേസ് ചുമത്തിയിരുന്നു. പ്രവാസികളായ ഇവര്‍ ഇന്ത്യയിലേക്കോ അയല്‍രാജ്യങ്ങളിലേക്കോ തിരിച്ചെത്തിയാലുടനെ അറസ്റ്റു ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി.

കുറ്റം ചാര്‍ത്തപ്പെട്ട 291 പേരില്‍ 42 പേര്‍ കൊല്ലപ്പെട്ടു, 114 പേര്‍ ആജീവനാന്തം തടവിന് വിധിക്കപ്പെട്ടു. 1929 മാര്‍ച്ച് 20ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ 31 പ്രമുഖ നേതാക്കള്‍ക്കെതിരെ മീററ്റ് ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ടതോടെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു. ഈ നേതാക്കളെല്ലാം ശിക്ഷ പൂര്‍ത്തിയാക്കി പൊതുജീവിതത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷം മാത്രമാണ് സി.പി.ഐ എന്ന പാര്‍ട്ടി ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. ഇന്നുവരെ അതു തുടരുകയും ചെയ്യുന്നു.

വീക്ഷണങ്ങള്‍ തമ്മിലുള്ള ആശയസംഘട്ടനം

പോരാട്ടത്തിന്റെ നാള്‍വഴികളില്‍ ഉടലെടുത്ത മൂന്നു പ്രധാന വീക്ഷണങ്ങള്‍ തമ്മില്‍ നിരന്തരമായി നിലനിന്നിരുന്ന ആശയസംഘട്ടനത്തിന്റെ ഫലമാണ് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന ഒരു ഇന്ത്യ എന്ന സങ്കല്‍പ്പം. മുഖ്യധാരയിലുണ്ടായിരുന്ന കോണ്‍ഗ്രസ് വീക്ഷണം സ്വതന്ത്ര ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആയിത്തീരും എന്നായിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ ഇതിനോട് യോജിച്ചിരുന്നു.

എന്നാല്‍, മുതലാളിത്ത വികസനത്തിന്റെ മാര്‍ഗ്ഗമാണ് സ്വതന്ത്ര ഇന്ത്യ സ്വീകരിക്കുന്നതെങ്കില്‍, അത്തരമൊരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന് നിലനില്‍പ്പുണ്ടായിരിക്കില്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ വാദിച്ചിരുന്നു. ഇന്ത്യ നേടുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരന്റെയും സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യം കൂടിയായി മാറണമെന്നായിരുന്നു കമ്മ്യൂണിസ്റ്റ് വീക്ഷണം. അതാകട്ടെ, സോഷ്യലിസത്തിനു കീഴില്‍ മാത്രം സാധ്യമാണു താനും.

ഈ രണ്ട് വീക്ഷണങ്ങള്‍ക്കു വിരുദ്ധമായി മൂന്നാമതൊരു വീക്ഷണം കൂടി നിലനിന്നിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം നിശ്ചയിക്കപ്പെടേണ്ടത് അതിന്റെ ജനങ്ങളുടെ മതപരമായ തെരഞ്ഞെടുപ്പുകള്‍ക്കനുസരിച്ചാണെന്നായിരുന്നു ആ വാദം. ഈ വീക്ഷണത്തിന് രണ്ടു തരത്തിലുള്ള ആവിഷ്‌കാരങ്ങളുണ്ടായിരുന്നു – മുസ്ലിം ലീഗിന്റെ ‘ഇസ്ലാമിക രാഷ്ട്ര’ വാദവും ആര്‍.എസ്.എസ്സിന്റെ ‘ഹിന്ദു രാഷ്ട്ര’ വാദവും.

സി.പി.ഐ.എം ആദ്യ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍

ഇതില്‍ ആദ്യത്തെ വാദം വിജയിക്കുകയും രാജ്യം വിഭജിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലും സഹായത്തോടെയും നടന്ന വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും രാജ്യത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് ആവശ്യം നേടാനാകാതെ പോയ രണ്ടാമത്തെ വാദക്കാരാകട്ടെ, ആധുനിക ഇന്ത്യയെ അസഹിഷ്ണുവായ ഒരു ഫാഷിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കാനുള്ള തങ്ങളുടെ പദ്ധതികള്‍ നിര്‍ബാധം തുടരുകയും ചെയ്യുന്നു.

ആര്‍.എസ്.എസ്സിന്റെ വീക്ഷണവും രാഷ്ട്രീയ പദ്ധതികളും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം നിരാകരിച്ചതിലുള്ള നിരാശയും പ്രതിഷേധവുമായിരുന്നു മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ പ്രതിഫലിച്ചത്. ഇന്ന് നിലനില്‍ക്കുന്ന ആശയ സംഘട്ടനങ്ങളും രാഷ്ട്രീയ ഭിന്നതകളും ഒരര്‍ത്ഥത്തില്‍ അന്നത്തെ മൂന്നു വീക്ഷണങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ തുടര്‍ച്ച തന്നെയാണെന്നു വ്യക്തം.

ഇടതുപക്ഷത്തിന്റെ പങ്ക്

ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയിലേക്ക് പല സുപ്രധാന വിഷയങ്ങളും കൊണ്ടുവന്നതിലൂടെ, എല്ലാവര്‍ക്കും ഇടമുള്ള പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. അതില്‍ ആദ്യത്തേത് ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ ഭൂസമരങ്ങള്‍ ഭൂപരിഷ്‌കരണം എന്ന വിഷയം ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിന് കാരണമായിട്ടുണ്ട്.

കേരളത്തില്‍ പുന്നപ്ര വയലാര്‍ സമരം, ബംഗാളില്‍ തെഭാഗ പ്രസ്ഥാനം, ആസ്സാമില്‍ സുര്‍മ താഴ്വരയിലെ പ്രക്ഷോഭവും മഹാരാഷ്ട്രയിലെ വര്‍ലി സമരങ്ങളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാകട്ടെ, തെലങ്കാനയിലെ സായുധ പ്രക്ഷോഭവും. ഇതിനൊപ്പം സമിന്ദാരി വ്യവസ്ഥയും നിര്‍ത്തലാക്കിയതോടെ കോടിക്കണക്കിനു ജനങ്ങളാണ് ജന്മിത്വത്തില്‍ നിന്നും സ്വതന്ത്രരാക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, ഇതിന് കടകവിരുദ്ധമായി ഗ്രാമീണ ഇന്ത്യയിലെ ചൂഷക വിഭാഗങ്ങളെ പങ്കാളികളാക്കുകയാണ് ചെയ്തത്.

രണ്ടാമതായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാപരമായുള്ള സംസ്ഥാനവിഭജനം ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. ശാസ്ത്രീയമായും ജനാധിപത്യപരമായും വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ ഭൂപടത്തിന്റെ സൃഷ്ടിക്ക് പ്രധാനമായും കാരണമായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നര്‍ത്ഥം. വിശാല ആന്ധ്ര, ഐക്യ കേരളം, സംയുക്ത മഹാരാഷ്ട്ര എന്നിവയ്ക്കായുള്ള സമരങ്ങള്‍ മുന്നില്‍ നിന്നു നയിച്ചത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്നു.

ഇന്ത്യയിലെ പല ഭാഷാദേശീയതകളെയും തുല്യരായി ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്ര നിര്‍മാണത്തിനുള്ള വഴിയാണ് അതോടെ ഒരുങ്ങിയത്.

ഇന്ത്യയുടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഇടതുപക്ഷം മതനിരപേക്ഷതയ്ക്കു വേണ്ടി ആത്മാര്‍ത്ഥമായി നിലകൊണ്ടത്. ഇതാണ് മൂന്നാമത്തെ ഘടകം. യഥാര്‍ത്ഥത്തില്‍, ഇന്ത്യയിലെ വര്‍ഗ്ഗീയ വിഭജനത്തിനുള്ള മറുമരുന്ന് എല്ലാ ജാതിമത വിഭാഗങ്ങളിലുമുള്ള തൊഴിലാളികളുടെ വര്‍ഗ്ഗപരമായ യോജിപ്പാണെന്ന് 1920-ല്‍ത്തന്നെ പാര്‍ട്ടി നിരീക്ഷിച്ചിരുന്നു.

സി.പി.ഐയുടെ രൂപീകരണത്തിനു തൊട്ടുപിന്നാലെ, 1920-കളിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എം.എന്‍. റോയിയാണ് പാര്‍ട്ടിയ്ക്കു വേണ്ടി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. സാമ്രാജ്യത്വത്തിനും ചൂഷക വിഭാഗങ്ങള്‍ക്കുമെതിരെ തൊഴിലാളികളുടെ വര്‍ഗ്ഗപരമായ കൂട്ടായ്മകളാണ് വേണ്ടതെന്നായിരുന്നു വിശകലനം.

ഇത്രയേറെ വൈവിധ്യങ്ങളുള്ള ഇന്ത്യ എന്ന രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തണമെങ്കില്‍, ആ വൈവിധ്യങ്ങള്‍ക്കിടയിലെ സമാനതകളുടെ കെട്ടുപാടുകള്‍ ശക്തിപ്പെടുത്തുകയേ വഴിയുള്ളൂ. വൈവിധ്യങ്ങള്‍ക്കു മേലെ ഏതെങ്കിലും തരത്തിലുള്ള ഏകരൂപത അടിച്ചേല്‍പ്പിക്കുന്നതല്ല അതിനുള്ള മാര്‍ഗ്ഗം. അത്തരമൊരു അടിച്ചേല്‍പ്പിക്കല്‍ തന്നയാണ് ഇന്ന് വര്‍ഗ്ഗീയശക്തികള്‍ വ്യാപകമായി സ്വീകരിക്കുന്നതും. സമാനതകളെ ശക്തിപ്പെടുത്തുക എന്ന മാര്‍ഗ്ഗം ഇന്ത്യയുടെ സാമൂഹിക വൈവിധ്യത്തിന്റെ എല്ലാ ഘടകങ്ങളിലും ഉള്‍ച്ചേര്‍ക്കാമെങ്കിലും, മതപരമായ വൈവിധ്യവുമായി ബന്ധപ്പെട്ട് ഈ മാര്‍ഗ്ഗത്തിന് അതീവപ്രാധാന്യമാണുള്ളത്.

ഇന്ത്യാ വിഭജനത്തിനും, അതിന്റെ ഭീതിദമായ വര്‍ഗ്ഗീയ പ്രത്യാഘാതങ്ങള്‍ക്കും ശേഷം മതനിരപേക്ഷത രാജ്യത്തിന്റെ സുപ്രധാനമായ തത്വമായി മാറിയിരുന്നു. മതനിരപേക്ഷത എന്നാല്‍, മതത്തെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കാതിരിക്കുക എന്നര്‍ത്ഥം. അതായത്, മതവിശ്വാസങ്ങള്‍ തെരഞ്ഞെടുക്കുവാനും പിന്തുടരുവാനുമുള്ള വൈയക്തികമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോഴും, സ്റ്റേറ്റ് ഏതെങ്കിലും ഒരു മതത്തെ പിന്താങ്ങുകയോ പ്രത്യേകമായി പരിഗണിക്കുകയോ ചെയ്യുന്നില്ല.

എന്നാല്‍, സ്വാതന്ത്ര്യാനന്തരം മതനിരപേക്ഷതയെന്നാല്‍ എല്ലാ മതങ്ങള്‍ക്കും തുല്യത എന്ന അര്‍ത്ഥത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ മതവിശ്വാസത്തോട് പ്രകൃത്യായുള്ള ചായ്വ് ഈ വ്യാഖ്യാനത്തില്‍ത്തന്നെ വ്യക്തമാണ്. വര്‍ഗ്ഗീയ ശക്തിക്ക് കരുത്തുപകരുന്ന തരത്തിലുള്ള സമീപനമാണിത്.

പുതിയ ഭരണവര്‍ഗ്ഗവും വര്‍ഗ്ഗസമരങ്ങളും

കൊളോണിയല്‍ രാഷ്ട്രങ്ങളിലെ ബൂര്‍ഷ്വാ വര്‍ഗ്ഗങ്ങളില്‍ വെച്ച ഏറ്റവും വികസിതം എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ ബൂര്‍ഷ്വാ വര്‍ഗ്ഗം, സ്വാതന്ത്ര്യാനന്തരം മുതലാളിത്ത വികസനമാര്‍ഗ്ഗം പിന്തുടരാനാണ് താല്‍പര്യപ്പെട്ടത്. ഭരണവര്‍ഗ്ഗത്തിന്റെ ഭാഗമായി മാറാന്‍ അവര്‍ ജന്മിമാരോടും ഭൂവുടമകളോടും ഒപ്പം ചേര്‍ന്ന് സാമ്രാജ്യത്വ ശക്തികളോട് അധികാരത്തിനായി വിലപേശി. ഇന്ത്യയെ സാമ്രാജ്യത്വത്തില്‍ നിന്നും ജന്മിത്വത്തില്‍ നിന്നും മോചിപ്പിക്കുക എന്ന സ്വാതന്ത്ര്യ സമര ലക്ഷ്യം നിറവേറ്റാതിരിക്കുക എന്നതായിരുന്നു ഈ വിഭാഗത്തിന്റെ ലക്ഷ്യം എന്നു പറയാം.

എന്നാല്‍, ഇന്ത്യന്‍ വിപ്ലവത്തിന്റെ ജനാധിപത്യപരമായ ലക്ഷ്യങ്ങള്‍ പ്രധാനമായും മൂന്നെണ്ണമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തി. ജന്മിത്വത്തെ എതിര്‍ക്കുക, സാമ്രാജ്യത്വത്തെ എതിര്‍ക്കുക, കുത്തക മുതലാളിത്തത്തെ എതിര്‍ക്കുക എന്നിവയായിരുന്നു അത്.

രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികള്‍ ഒരു ചോദ്യമുയര്‍ത്തിയിരുന്നു – 1920ല്‍ രൂപീകരിച്ച ഒരു പാര്‍ട്ടിക്ക് എന്തുകൊണ്ടാണ് സോഷ്യലിസം എന്ന ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കാതിരുന്നത്? ഏതാണ്ട് അതേ കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ചൈന, വിയറ്റ്നാം, കൊറിയ എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ വിജയിച്ചപ്പോഴും ഇന്ത്യയില്‍ എന്തുകൊണ്ട് അതു സാധ്യമാകുന്നില്ല? അര്‍പ്പണമനോഭാവമില്ലാത്തതോ ത്യാഗസന്നദ്ധതയില്ലാതത്തോ അല്ല അതിനുത്തരം.

നിര്‍ണ്ണായകമായ പല വര്‍ഗ്ഗസമരങ്ങളും നയിച്ചിട്ടുള്ളവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍. ദേശീയ പ്രസ്ഥാനത്തിനു വേണ്ടിയായാലും ചൂഷിത വര്‍ഗ്ഗങ്ങളുടെയും തൊഴിലാളി വര്‍ഗ്ഗങ്ങളുടെയും മോചനത്തിനു വേണ്ടിയായാലും എണ്ണമറ്റ ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ളവരാണവര്‍. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ഏറ്റവും മികച്ച പാരമ്പര്യം അവകാശപ്പെടാവുന്നവര്‍.

മാര്‍ക്സിസം-ലെനിനിസം എന്നത് ക്രിയാത്മകമായ ശാസ്ത്രമാണ്. ‘മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലന’മാണ് അതിന്റെ ആധാരം. ‘സാഹചര്യങ്ങള്‍’ ശരിയായ രീതിയില്‍ നിര്‍ണ്ണയിക്കപ്പെടാതിരിക്കുകയോ ‘വിശകലനങ്ങള്‍’ മാറിവരുന്ന അവസ്ഥകള്‍ക്കൊപ്പമല്ലാതിരിക്കുകയോ ചെയ്താല്‍, തെറ്റുകള്‍ സംഭവിക്കാം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കായെങ്കിലും, ചൈനയിലോ വിയറ്റ്നാമിലോ കൊറിയയിലോ സംഭവിച്ചതുപോലെ പോരാട്ടത്തിന്റെ നേതൃസ്ഥാനത്തെത്താന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗരൂപം, ഇന്ത്യന്‍ വിപ്ലവം സ്വീകരിക്കേണ്ട മാര്‍ഗ്ഗം എന്നിങ്ങനെ മൂര്‍ത്തമായ സാഹചര്യങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായ വ്യത്യാസങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിടയില്‍ പല വിഭജനങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. സി.പി.ഐ.എമ്മിനാകട്ടെ, ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെക്കുറിച്ചുള്ള ശരിയായ വിലയിരുത്തലിലൂടെ വലിയ ജനവിഭാഗങ്ങളെ വര്‍ഗ്ഗസമരങ്ങളില്‍ അണിനിരത്താന്‍ സാധിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് ശക്തിയായി സി.പി.ഐ.എം മാറുകയും ചെയ്തു.

പാര്‍ലമെന്ററി, പാര്‍ലമെന്റേതര പോരാട്ടങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ രാഷ്ട്രീയ വികാസങ്ങളെയും സര്‍ക്കാര്‍ രൂപീകരണങ്ങളെയും ശക്തമായി സ്വാധീനിക്കാനും സി.പി.ഐ.എമ്മിന് സാധിച്ചു. 1957ല്‍ കേരളത്തില്‍ അധികാരത്തിലേറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍, സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ എന്നിവയും ഇന്ത്യന്‍ പാര്‍ലമെന്റിലെ നിര്‍ണായക സാന്നിധ്യവും ചേര്‍ന്ന് ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

ഇ.എം.എസ് കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

എന്നിരുന്നാലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ സി.പി.ഐ.എമ്മിന്റെ പാര്‍ലമെന്ററി സാന്നിധ്യത്തില്‍ കാര്യമായ ഇടിവു സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ പദ്ധതിയെ ഏറ്റവും അചഞ്ചലമായി എതിര്‍ക്കുന്ന വിഭാഗം എന്ന നിലയില്‍ തീവ്ര വലതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റുകളെയാണ് പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. കായികമായ ആക്രമണങ്ങള്‍, അടിച്ചമര്‍ത്തല്‍, അക്രമത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ അവര്‍ അതു തുടരുകയാണ്.

ബംഗാളിലും ശേഷം ത്രിപുരയിലും സംഭവിച്ചത് ഇതാണ്. ഇപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ നടക്കുന്ന നിഷ്ഫല ശ്രമങ്ങളുടെ പിന്നിലും ഇതുതന്നെ. എന്നാല്‍, ഇതേ കാലഘട്ടത്തില്‍ത്തന്നെ തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിച്ചുള്ള ജനകീയ സമരങ്ങള്‍ക്കു പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ സി.പി.ഐ.എമ്മിന് സാധിച്ചിട്ടുണ്ട്. പൊതുവ്യവഹാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിക്കൂടാത്ത പല വിഷയങ്ങളേയും ദേശീയ താല്‍പര്യങ്ങളിലേക്ക് എത്തിക്കുന്നത് ഈ സമരങ്ങളാണ്.

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ

ഇന്നു നേരിടുന്ന വെല്ലുവിളികള്‍

വര്‍ഗ്ഗീയതയിലൂന്നിയ തീവ്രദേശസ്നേഹവും ദേശീയതയും സുപ്രധാനമായിക്കണ്ട്, അത്തരം ആശയധാരകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഒരു വര്‍ഗ്ഗീയ-കോര്‍പ്പറേറ്റ് സഖ്യം മുന്നോട്ടുവന്നിരിക്കുകയാണ്. ജനങ്ങളുടെ താല്‍പര്യത്തിനുമേല്‍ ‘രാഷ്ട്ര’ത്തെ പ്രതിഷ്ഠിക്കുകയും, ‘രാഷ്ട്ര’ത്തിന്റെ പേരില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ പോലും അടിയറവയ്ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുകയാണിവര്‍. എന്‍.ഐ.എ ആക്ടില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ലോക്സഭയില്‍ പരിഗണിച്ചപ്പോള്‍, ഭേദഗതിയെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളെ പിന്താങ്ങുന്നവരും സംരക്ഷിക്കുന്നവരുമാണെന്നാണ് ആഭ്യന്തര മന്ത്രി ഗര്‍ജ്ജിച്ചത്.

ഇത്തരം കര്‍ക്കശമായ ഭേദഗതികള്‍ വ്യക്തികളുടെ ജനാധിപത്യപരമായ അവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും തീവ്രമായി ഹനിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി സര്‍ക്കാരിനോ അവരുടെ ആശയങ്ങള്‍ക്കോ എതിരായി ഏതെങ്കിലും തരത്തില്‍ വിയോജിപ്പു രേഖപ്പെടുത്തിയാല്‍, ദേശദ്രോഹി എന്നു മുദ്രകുത്തി അറസ്റ്റു ചെയ്യാനും കസ്റ്റഡിയില്‍ വയ്ക്കാനും സാധിക്കും – ഒരു തരത്തില്‍ നിയമപരമായ ഒരു ‘പൊലീസ് സ്റ്റേറ്റ്’ തന്നെ.

ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റിയതും, അവിടത്തെ ജനങ്ങളോടു കാണിക്കുന്ന അനീതിയും, ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിസന്ധികളും, അത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും, മുസ്ലിങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ടുവയ്ക്കുന്ന മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന പൗരത്വ ഭേദഗതി ബില്ലും, എല്ലാം വിരല്‍ ചൂണ്ടുന്നത് രാജ്യത്ത് മതനിരപേക്ഷവും ജനാധിപത്യപരവും ഭരണഘടനയില്‍ അധിഷ്ഠിതവുമായ വ്യവസ്ഥകള്‍ നിലനില്‍പ്പു ഭീഷണി നേരിടുകയാണ് എന്ന വസ്തുതയിലേക്കാണ്. ഈ തീവ്രവലത് രാഷ്ട്രീയ സഖ്യത്തിനുള്ള വെല്ലുവിളി ഉയരേണ്ടത് ഇടതുപക്ഷപ്പാര്‍ട്ടികളില്‍ നിന്നാണ്.

തീവ്രവലത് രാഷ്ട്രീയത്തിന്റെ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം സജ്ജമാണ്. പാര്‍ട്ടി രൂപീകരണത്തിന്റെ നൂറു വര്‍ഷം ആചരിക്കുന്ന ഈ സാഹചര്യം, നമുക്ക് ആവേശം പകരാനും ന്യൂനതകളെ മറികടന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുമുള്ള മാര്‍ഗ്ഗമാകും. ഭരണഘടനാപരമായ വ്യവസ്ഥിതിയെ സംരക്ഷിക്കാനും എല്ലാവിധത്തിലുള്ള ചൂഷണങ്ങളും ഇല്ലാതെയാകുന്ന അവസ്ഥയിലേക്ക് മുന്നേറാനും അതു കൂടിയേ തീരൂ.

മൗലാനാ ഹസ്രത് മൊഹാനി രൂപപ്പെടുത്തിയതും ഭഗത് സിംഗ് അനശ്വരമാക്കിയതുമായ ആ മുദ്രാവാക്യം – ഇന്‍ക്വിലാബ് സിന്ദാബാദ് – നിലവിലെ വര്‍ഗ്ഗീയ തീവ്രദേശീയ വാദത്തെ നേരിടാനുള്ള കാഹളമാണ്. എല്ലാവര്‍ക്കും ഇടമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ വിജയം കാണുക തന്നെ ചെയ്യും. ജനങ്ങളുടേതായ ജനാധിപത്യം സ്ഥാപിക്കാനുള്ള സമരങ്ങളും സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റവും ഒന്നാകും, ബലപ്പെടും.

WATCH THIS VIDEO:

സീതാറാം യെച്ചൂരി
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി