'മരം മറഞ്ഞ് കാട് കാണാതിരിയ്ക്കുന്നവരുടെ' പൊയ് വെടികള്‍ അഥവാ രവിചന്ദ്ര വിമര്‍ശനങ്ങള്‍
Opinion
'മരം മറഞ്ഞ് കാട് കാണാതിരിയ്ക്കുന്നവരുടെ' പൊയ് വെടികള്‍ അഥവാ രവിചന്ദ്ര വിമര്‍ശനങ്ങള്‍
എന്‍.വി ബാലകൃഷ്ണന്‍
Saturday, 7th September 2019, 12:21 pm

‘മനുഷ്യന് സ്വീകരിക്കാന്‍ കഴിയാത്ത കാപട്യം, വര്‍ഷങ്ങളായി ചിലര്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നതിനെയാണ്, ‘ സോഷ്യലിസം, മാര്‍ക്സിസം, കമ്മ്യൂണിസം എന്നൊക്കെ പറയുന്നത്’എന്ന് സി.രവിചന്ദ്രന്‍ പ്രസ്താവിയ്ക്കുന്നു. അതിനദ്ദേഹം ഒരു ‘കിടിലന്‍’ ഉദാഹരണം തരുന്നുണ്ട്. നിങ്ങള്‍ക്ക് ജര്‍മ്മനിയിലേയ്ക്കോ വടക്കന്‍ കൊറിയയിലേയ്ക്കോ വിയറ്റ്നാമിലേയ്ക്കോ ക്യൂബയിലേയ്ക്കോ ഇനി ചൈനയിലേയ്ക്ക് തന്നെയോ (സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ എന്നു വിളിക്കപ്പെടുന്നവ) പോകാന്‍ ഒരു വിസ തരുന്നു എന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അദ്ദേഹത്തിന്റെ നെഞ്ചില്‍ കൈവെച്ച് നിങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പറയുന്നു. ആത്മാര്‍ത്ഥമായും നിങ്ങള്‍ പറയുക, ‘അയ്യോ വ്വേണ്ട’ എന്നായിരിക്കുമത്രേ! ആരദ്ദേഹത്തോടിങ്ങനെ പറഞ്ഞു എന്നത് അവിടെ നില്‍ക്കട്ടെ. കഥയില്‍ ചോദ്യങ്ങളില്ലല്ലോ. ഈ ലേഖകന്റെ അനുഭവം, ആളുകള്‍ ചിന്തിച്ചത് മറിച്ചാണ് എന്നാണ്. അതൊക്കെ സമൃദ്ധിയുടെ നാടുകളാണ് എന്നാണവര്‍ കരുതിയത്.

‘സോവിയറ്റെന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം’ എന്ന് കവിത രചിക്കപ്പെടുകയും അത് ആയിരങ്ങള്‍ പാടി നടക്കുകയും ചെയ്ത നാടാണ് നമ്മുടേത്. കമ്മ്യൂണിസ്റ്റ് വിരുദ്ധരായവര്‍ പോലും ഇത്തരം നാടുകള്‍ സന്ദര്‍ശിച്ച ശേഷം എഴുതിയ പുസ്തങ്ങള്‍, ചില ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും പൊതുവായി അത്തരം രാജ്യങ്ങളുടെ മാഹാത്മ്യം പാടിപ്പുകഴ്ത്തിയവ തന്നെയായിരുന്നു. ( സി.എച്ച് മുഹമ്മദ് കോയ രചിച്ച ‘ഞാന്‍ കണ്ട ചൈന’) ഉപരോധത്തിന്റേയും യുദ്ധത്തിന്റേയും ദിനങ്ങളില്‍ വിയറ്റ്നാമിനും ക്യൂബയ്ക്കുമൊക്കെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി, പട്ടിണിപ്പിരിവുകളും ഉല്പന്ന പിരിവുകളും ധാരാളമായി നടത്തിയ അനുഭവങ്ങളുണ്ട് കേരളത്തിന്.

യുദ്ധവിരുദ്ധ, അമേരിക്കന്‍ ഉപരോധവിരുദ്ധ, സാമ്രാജ്യ വിരുദ്ധ ക്യാമ്പയിനുകള്‍ ഒരു കാലത്ത് കേരളത്തില്‍ സര്‍വസാധാരണമായിരുന്നു. ‘ഫ്രണ്ട്സ് ഓഫ് ക്യൂബ’ തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ പോലും കമ്മ്യൂണിസ്റ്റുകാരല്ലാത്ത ധാരാളം നേതാക്കളുണ്ടായിരുന്നു. എന്താണിത് വ്യക്തമാക്കുന്നത്? ജനങ്ങള്‍ ഈ രാജ്യങ്ങളെ ‘മനുഷ്യന് സ്വീകരിക്കാന്‍ കഴിയാത്ത കാപട്യങ്ങളുടെ ആഘാഷമായാണ് ‘ കണ്ടത് എന്നാണോ? എങ്ങിനെയാണ് ഈ രാജ്യങ്ങള്‍ ചരിത്രത്തില്‍ രൂപം കൊണ്ടത്? എത്ര വലിയ സാമ്രാജ്യത്വ ചൂഷണങ്ങളേയും ഉപരോധങ്ങളേയുമൊക്കെയാണീ രാജ്യങ്ങള്‍ അതിജീവിച്ചത്? ഇതൊന്നും രവിചന്ദ്രന് പരിഗണനാ വിഷയങ്ങളേയല്ല.

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന, വിയറ്റ്നാമിനെതിരായ അമേരിക്കന്‍ യുദ്ധം. മാരകമായ രാസവസ്തുക്കള്‍ തളിച്ച് ഒരു പുല്‍നാമ്പു പോലും കിളിര്‍ക്കാത്ത മണ്ണാക്കി വിയറ്റ്നാമിനെ മാറ്റിയത്. അവശ്യവസ്തുക്കള്‍ പോലും ലഭിക്കാത്ത വിധത്തില്‍ വളഞ്ഞുവെച്ചുള്ള ഉപരോധം. ഇതിനെയൊക്കെ മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ് ഹോചിമിന്റെ നേതൃത്വത്തില്‍ ഒരു ജനത അതിജീവിച്ചത്. ലോക ചരിത്രത്തിലെ രോമാഞ്ചദായകങ്ങളായ ഇത്തരം ചരിത്ര സംഭവങ്ങള്‍ രവിചന്ദ്രന്‍ അറിഞ്ഞതായിപ്പോലും ഭാവിയ്ക്കില്ല.

സമാനമായ ക്രൂരതകളാണ് അമേരിക്കയുടെ നേതൃത്വത്തില്‍ മറ്റ് ‘സോഷ്യലിസ്റ്റ്’ രാജ്യങ്ങള്‍ക്കും നേരിടേണ്ടി വന്നത്. ‘വടക്കന്‍ കൊറിയ’ എന്നൊരു രാജ്യം ഭൂമുഖത്ത് ഉണ്ടായത് പോലും അമേരിക്കയുടെ പിടിവാശി നിമിത്തമാണല്ലോ. കൊറിയ ഒന്നടങ്കം സോവിയറ്റ് സ്വാധീനത്തിലേയ്ക്കു പോകുമോ എന്ന ഭയത്തില്‍ അമേരിക്ക നടത്തിയ കുത്തിത്തിരിപ്പുകളുടെ പരിണിതിയാണ് കൊറിയന്‍ വിഭജനം.

അമേരിക്കക്കും ജപ്പാനുമെതിരെ യുദ്ധമില്ലാത്ത എത്ര വര്‍ഷളുണ്ടാവും കൊറിയയുടെ ചരിത്രത്തില്‍? ക്യൂബയുടെ സ്ഥിതി വ്യത്യസ്തമാണോ? അമേരിക്കയുടെ ‘മൂക്കിന് താഴത്ത് ‘ എന്നാണ് പൊതുവേ ക്യൂബയെ വിശേഷിപ്പിക്കുക. ‘ക്യൂബന്‍ വിപ്ലവത്തെ ചവിട്ടിയരക്കും. അമേരിക്കന്‍ വന്‍കരയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ വാഴില്ല’ എന്ന ആക്രോശവുമായി അമേരിക്ക ക്യൂബയില്‍ നടത്തിയ അത്യാചാരങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടോ? ക്യൂബക്കാര്‍ സാധാരണ യാത്രകള്‍ക്ക് സൈക്കിള്‍ ധാരാളമായി ഉപയോഗിക്കുന്നതിനെ രവിചന്ദ്രന്‍ പരിഹസിക്കുന്നു. അത് വ്യായാമ താല്‍പ്പര്യത്തിന്റെ ഭാഗമാണെന്ന് താങ്കളോട് ആരു പറഞ്ഞു? ഒരു തുള്ളി എണ്ണ ഇറക്കുമതി ചെയ്യാന്‍ അനുവദിയ്ക്കാതെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാന്‍ ഒരു ജനത പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമായാണ് തലയ്ക്ക് വെളിവുള്ളവരൊക്കെ അതിനെ കണ്ടത്. അങ്ങിനെയാണ് ‘ഹസ്താലെ വിക്ടോറിയാ സിയാംബ്രേ'(വിജയം വരെയും പോരാടും) എന്ന ക്യൂബന്‍ മുദ്രാവാക്യം ലോകത്താകമാനമുള്ള പോരാളികളുടെ ചുമരുകളില്‍ നിറഞ്ഞത്.

അവരുടെ ദേശീയ നേതാവ് ഫിഡല്‍ കാസ്ട്രോവിനെ വധിക്കാന്‍ നൂറിലധികം തവണ അമേരിക്ക ശ്രമിച്ചു പരാജയപ്പെട്ടത് ചരിത്രം. ചുരുട്ടു വലിക്കാരനായ കാസ്ട്രോവിനെ സിഗാര്‍ ബോമ്പിലൂടെ കൊല്ലാനും താടി കത്തിച്ചു കളയാനുമൊക്കെ അമേരിക്കന്‍ സി.ഐ.എ. നടത്തിയ ശ്രമങ്ങള്‍ പിന്നീട് വെളിവാക്കപ്പെട്ടു. ലാറ്റിനമേരിക്കയിലെ, ആഫ്രിക്കയിലെ എത്ര ഇടതുപക്ഷ നേതാക്കളെ അമേരിക്ക കൊന്നുകളഞ്ഞിട്ടുണ്ട്? സാല്‍വദോര്‍ അലന്‍ഡെ, പാട്രിസ് ലുമുംബ തുടങ്ങി എത്രയോ പേര്‍.

ചേഗുവേര എങ്ങിനെയാണ് ലോക യുവത്വത്തിന്റെ ഐക്കണായി തീര്‍ന്നത്? ക്യൂബന്‍ ഗറില്ലാ യുദ്ധത്തിന് കാസ്ട്രോയ്ക്കൊപ്പം വിജയകരമായി നേതൃത്വം നല്‍കിയ ശേഷം, ക്യൂബയിലെ മന്ത്രി പദവി ആസ്വദിച്ച് സുഖജീവിതം നയിക്കുന്നതിന് പകരം, മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇറങ്ങിപ്പോയ വിപ്ലവകാരി. ബൊളീവിയന്‍ കാടുകളില്‍ നിന്ന് ചേഗുവേരെയെ ജീവനോടെ പിടികൂടിയ ശേഷം ആഴ്ചകളാളം കസ്റ്റഡിയില്‍ വെച്ച് അമേരിക്കന്‍ സൈന്യം നടത്തിയ ക്രൂരപീഡനങ്ങള്‍ക്ക് ചരിത്രത്തില്‍ സമാനതകളുണ്ടാകുമോ എന്നെങ്കിലും? തന്റെ മാതൃകാ വ്യവസ്ഥയായ മുതലാളിത്തത്തിന്റെ ക്രൂരതകള്‍ക്കെതിരെ ഒരിറ്റു കണ്ണീര്‍ ഔപചാരികമായെങ്കിലും പൊഴിക്കാന്‍ രവിചന്ദ്രന് മനസ്സലിവുണ്ടാകുമോ ഏതെങ്കിലുമൊരു കാലത്ത്?

ചൈനയെ അപഹസിക്കുന്നതിന് വേണ്ടി ചൈനയിലേത് എന്ന മേല്‍വിലാസമൊട്ടിച്ച് ചില പാട്ടുകളും മുദ്രാവാക്യങ്ങളും അവതരിപ്പിയ്ക്കുന്നുണ്ട് രവിചന്ദ്രന്‍. അവയൊക്കെ ശരിയോ തെറ്റോ ആകട്ടെ, ഒരു സംവാദത്തിലേയ്ക്ക് ഇവ എഴുന്നള്ളിയ്ക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളുണ്ട്. അതൊന്നും യുക്തിവാദികളുടെ മിശിഹാ ആകുമ്പോള്‍ ബാധകമല്ലെന്നാണോ? ചരിത്രത്തെ മനസ്സിലാക്കുന്നതിന് ചരിത്ര ശാസ്ത്രത്തിന് അതിന്റേതായ ഒരു രീതിശാസ്ത്രമുണ്ട്. അതിലേറ്റവും പ്രധാനം ചരിത്രത്തില്‍ സംഭവിച്ച ഒന്നിനെ നാം പഠിക്കാനെടുക്കുമ്പോള്‍ അത് സംഭവിച്ച സമയത്തിലും (കാലത്തിലും) സ്ഥലത്തിലും (ഇടത്തിലും) ചേര്‍ത്തുവെച്ച് പരിശോധിക്കണം എന്നതാണ്. ‘ഇതൊക്കെയാണ് അവിടെ ഓടിക്കൊണ്ടിരുന്ന പടങ്ങള്‍, പാടിക്കൊണ്ടിരുന്ന പാട്ടുകള്‍’ എന്ന് പരിഹസിക്കുമ്പോള്‍, ഇവയൊക്കെ ഏത് സന്ദര്‍ഭത്തില്‍ എന്തിന് വേണ്ടി ആര് ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം രവിചന്ദ്രനില്ലേ? ആ ചരിത്ര സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി ഒരു പ്രസ്ഥാനത്തെ കരിതേച്ചു കാണിക്കാന്‍ ഇതൊക്കെ ഉപയോഗിക്കുന്നത് ധാര്‍മ്മികമായി നീതീകരിക്കപ്പെടാമോ?

ചൈനീസ് വിപ്ലവത്തിന്റെ മഹത്വവും പ്രാധാന്യവും ഉള്‍ക്കൊള്ളാന്‍ ഒരാള്‍ക്ക് കഴിയണമെങ്കില്‍, ചൈന എന്ന്, ഇന്നു നാമറിയുന്ന അതിവിശാലവും സങ്കീര്‍ണ്ണമുമായ രാജ്യത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം എന്നിവ പ്രാഥമികമായെങ്കിലും മനസ്സിലാക്കണം. പ്രാകൃത ഉല്പാദന, സാമൂഹ്യഘടന (Primitive Society) മുതല്‍ മുതലാളിത്ത ആധുനികത (capitalist Modernity) വരെ ഒരേ സമയം ഇടകലര്‍ന്ന നാടായിരുന്നു ചൈന. പ്രാചീന ഗുഹാ മനുഷ്യനും ഗോത്ര ജനതയും, കൈത്തൊഴിലുകാരും കൃഷിക്കാരും ആധുനിക വ്യവസായങ്ങളുമൊക്കെ ഇടകലര്‍ന്നു കിടന്ന ഭൂതലം. പല ഭൂപ്രദേശങ്ങള്‍ പല രാജ്യങ്ങളുടെ കോളനികളായിരുന്നു. ആഹാര, വസ്ത്ര, ഭാഷാവൈജാത്യങ്ങള്‍ അത്രയേറെ സങ്കീര്‍ണ്ണമായിരുന്നു. പല നരവംശവിഭാഗങ്ങള്‍ ഇവിടെ അധിവസിച്ചിരുന്നു. ഇത്തരം ഒരു ജനതയേയാണ്, പല പതിറ്റാണ്ടുകള്‍ നീണ്ട ത്യാഗപൂര്‍ണ്ണവും ക്ഷമാപൂര്‍വവുമായ വിപ്ലവ പ്രവര്‍ത്തനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരത്തിയത്.

മഹത്തായ ലോംങ്ങ് മാര്‍ച്ചില്‍ കോടികളെ അണിനിരത്താന്‍ മാവോ സെത്തൂങ്ങിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സാധിച്ചത് നിസ്സാര കാര്യമാണോ?. അതിന് എന്തെന്ത് സാദ്ധ്യതകള്‍, സങ്കേതകങ്ങള്‍, നാടോടി കലാരൂപങ്ങള്‍, നാടകങ്ങള്‍, പാട്ടുകള്‍, മുദ്രാവാക്യങ്ങള്‍ അവരുപയോഗിച്ചിട്ടുണ്ടാവും. അവയില്‍ ഏതോ സവിശേഷ സന്ദര്‍ഭത്തില്‍ ഏതോ ഒരു പ്രദേശത്ത് ഉപയോഗിച്ച പാട്ടോ മുദ്രാവാക്യമോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രയോഗിക്കുന്നത് മനസ്സിന്റെ വൈകല്ല്യം കൊണ്ടാണെന്ന് സ്വന്തം ഫാന്‍സ് അസോസിയേഷന്‍കാര്‍ തിരിച്ചറിഞ്ഞില്ലങ്കിലും ജനങ്ങള്‍ക്കതിന് കഴിയും.

വര്‍ഷങ്ങള്‍ നീണ്ട ചൈനീസ് വിപ്ലവ ചരിത്രം പുറം ലോകം വസ്തുനിഷ്ടമായി മനസ്സിലാക്കുന്നത്, ‘ചൈനയ്ക്ക് മേല്‍ ചുവപ്പു താരം’ എന്ന ‘എഡ്ഗാര്‍സ്നോ’യുടെ ആധികാരിക പഠനത്തിലൂടെയാണ്. ഈ ഗവേഷണ ഗ്രന്ഥത്തിലൂടെയാണ് നൂറുകണക്കിന് ചൈനീസ് വിപ്ലവകാരികളെ പുറം ലോകം അറിയുന്നത്. പിന്നീട് പല കാഴ്ചപ്പാടുകളില്‍ നിന്ന് പല വിധ പഠനങ്ങള്‍ പ്രസിദ്ധീകൃതമായി. അവയെയൊന്നും ആശ്രയിക്കാതെ രവിചന്ദ്രനെപ്പോലൊരാള്‍ ‘അവിടെ ഓടിക്കൊണ്ടിരുന്ന പടങ്ങള്‍, പാടിക്കൊണ്ടിരുന്ന പാട്ടുകള്‍ ‘ എന്ന് നിലവാരമില്ലാതെ പരിഹസിച്ചാല്‍, നാം എന്തുചെയ്യും?

സ്വാതന്ത്ര്യത്തിന്റെ പറുദീസയാണ് മുതലാളിത്തം എന്ന് ആവേശം കൊള്ളുന്നുണ്ട് രവിചന്ദ്രന്‍. സ്വതന്ത്രമായ ചിന്ത, സ്വതന്ത്രമായ വിപണി, സ്വതന്ത്രമായ വികാരങ്ങള്‍, സ്വതന്ത്രമായ പ്രചോദനങ്ങള്‍, സ്വതന്ത്രമായ മല്‍സരം, എന്നൊക്കെ തട്ടി മൂളിയ്ക്കും. ഇതില്‍പ്പരം മുതലാളിത്തത്തെ ആശ്ലേഷിക്കാന്‍ മറ്റെന്തു വേണം എന്ന് വികാര പുളകിതനായി ചോദിക്കും. അപ്പോഴും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ വിപണിയെ സ്വതന്ത്രമാക്കാന്‍ പോലും മുതലാളിത്തത്തിന് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

സര്‍ക്കാറുകളുടേയും ലോക മുതലാളിത്ത സംഘടനകളുടേയും അതിശക്തമായ നിയന്ത്രണങ്ങള്‍ മുതലാളിത്ത ഉല്പാദന വ്യവസ്ഥക്കുമേല്‍ എപ്പോഴുമുണ്ട്. 1850 കളില്‍ തന്നെ കുത്തകകളുടെ അനിയന്ത്രിതമായ ചൂഷണത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പരിരക്ഷ ലഭിക്കാനുള്ള ആന്റി ട്രസ്റ്റ് നിയമം (Antitrust Laws) നിര്‍മ്മിക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിക്കപ്പെട്ടു. സെന്‍ട്രല്‍ ബാങ്കുകള്‍ (Central Banks) രൂപീകരിച്ച് ബാങ്കിംഗ് മേഖലയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവന്നു. ഉടമാവകാശത്തിന് മേല്‍ സാമൂഹ്യ നിയന്ത്രണം സാദ്ധ്യമാകും വിധം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണങ്ങള്‍ വന്നു. വ്യക്തിഗത കോര്‍പ്പറേറ്റുകള്‍ വികസിത രാജ്യങ്ങളില്‍ ഇല്ലാതായികൊണ്ടിരിക്കുന്നു. ഇന്ന് ലോകത്ത് പെന്‍ഷന്‍ ഫണ്ടുകളൊക്കെ വിനിയോഗിച്ചു കൊണ്ടിരിക്കുന്നതില്‍ സാമൂഹ്യ നിയന്ത്രണം കൂടിവരിക തന്നെയാണ്. സാധാരണ മനുഷ്യരുടെ വാങ്ങല്‍ കഴിവിനെ വന്‍തോതില്‍ തകര്‍ത്താല്‍ മുതലാളിത്തം മുതലക്കൂപ്പ് കുത്തും എന്ന തിരിച്ചറിവും മുതലാളിത്ത പണ്ഡിതര്‍ക്കുണ്ട്.

2008 ല്‍ ബാങ്കിംഗ് മേഖലയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലുമായി അമേരിക്കയില്‍ രൂപപ്പെട്ട മുതലാളിത്ത പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാരുകള്‍ക്ക് നന്നായി വിയര്‍ക്കേണ്ടി വന്നു. ആ പ്രതിസന്ധി ലോകമാകെ പടരുന്നതല്ലാതെ അവസാനിച്ചിട്ടില്ല. സാമൂഹ്യ നിയന്ത്രണങ്ങളിലൂടെ തന്നെയാണ് ഇതിനെ മറികടക്കാന്‍ മുതലാളിത്ത ലോകം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതായത് ആദം സ്മിത്ത് സ്വപ്നം കണ്ട ‘ദൈവത്തിന്റെ കരങ്ങള്‍'(Invisible Hand) നിയന്ത്രിക്കുന്ന, സ്വയം നിയന്ത്രിത വിപണിയോ (Self Regulating Market) മുതലാളിത്തമോ ഒന്നും ഇന്ന് ലോകത്തില്ല. രവിചന്ദ്രന്‍ എത്ര ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാര്‍ക്സിസം മുന്നോട്ടു വെക്കുന്ന സാമൂഹ്യ നിയന്ത്രണം എന്ന ആശയം തന്നെയാണ് ശക്തിപ്പെടുന്നത്. ചൈനയില്‍ ഭരണകൂടത്തിന്റെ ഇടപെടലിലൂടെ 40 കോടിയലധികം മനുഷ്യരുടെ ജീവിതം പച്ച പിടിച്ചതില്‍ ഒരു നല്ല കയ്യടി കൊടുക്കാന്‍ രവിചന്ദ്രന്‍ ഒരിക്കലും പറയില്ല. എന്നാല്‍ ബ്രിട്ടനില്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്കും മറ്റും സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെ ആവശത്തോടെ പൊക്കിപ്പറയും. അതേസമയം ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ പരിഹസിക്കും. ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിനെ അപഹസിക്കും. ആര്‍ക്കും സൗജന്യ ഊണ്‍ പാടില്ലെന്ന് വലിയ വായില്‍ പറയും. അപ്പോഴും കുത്തകകള്‍ക്ക് കോടികള്‍ സൗജന്യം അനുവദിക്കുന്നതിനെ കണ്ടതായിപ്പോലും നടിക്കില്ല. സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്ന ശേഷമാണ് ക്ഷേമരാഷ്ട്ര സങ്കല്പനങ്ങള്‍ (Welfare state) ലോകത്ത് നിലവില്‍ വന്നതെങ്കിലും അതൊന്നും മാര്‍ക്സിസ്റ്റുകാരുടെ കാഴ്ചപ്പാടല്ല, മുതലാളിത്തം തന്നെയാണ് ഇതിന്റെയൊക്കെ തന്ത, എന്നാണയിടും.

മുതലാളിത്ത ഭക്തിയും മാര്‍ക്സിസ്റ്റ് വിരോധവും നിമിത്തം പറയുന്നതിലെ വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയാനുമാവില്ല. രവിചന്ദ്രന്‍ എത്രയൊക്കെ ആഗ്രഹിച്ചാലും മുതലാളിത്തം തിരോഭവിയ്ക്കുകയും സ്ഥിതിസമത്വവാദം വികസിക്കുകയും തന്നെയാണ് എന്ന വസ്തുനിഷ്ട യാഥാര്‍ത്ഥ്യം ഇല്ലാതാവില്ല.

ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തോടെ ലോകത്ത് ഒരു പുതിയ വ്യവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അതൊരു കുറ്റമറ്റ വ്യവസ്ഥയായും വിമര്‍ശിക്കപ്പെട്ടു കൂടാത്തതായും പരിഗണിക്കപ്പെടണം, എന്ന് ചിന്തിച്ചവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്ത് ധാരാളമായി ഉണ്ടായിരുന്നു. അതംഗീകരിക്കുക സാദ്ധ്യമാവില്ലല്ലോ. അപ്പോഴുമൊന്നുണ്ട്. അത് ഒരു പുതുയുഗപ്പിറവി തന്നെയായിരുന്നു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല. ആ സംവിധാനത്തിന്റെ പോരായ്മകളേയും നാം മനസ്സിലാക്കേണ്ടത് ചരിത്രത്തില്‍ ചേര്‍ത്തുനിര്‍ത്തിത്തന്നെയാണ്. സാധാരണ രാഷ്ടീയ പാര്‍ട്ടികളെ അപേക്ഷിച്ച് അങ്ങേയറ്റം കേന്ദ്രീകൃതവും അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധ പ്രവണതകള്‍ ഉള്‍ച്ചേര്‍ന്നതുമാണ് എല്ലാവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ഘടന, എന്ന ഗൗരവതരമായ വിമര്‍ശനം ലോകമാകെ ഉയര്‍ന്നു വന്നിട്ടുണ്ട്. അതിന്റ ശരിതെറ്റുകള്‍ പരിശോധിക്കുന്നതിന് മുമ്പ് അത്തരം ഒരു ഘടന അനിവാര്യമാക്കിയ ചരിത്ര പശ്ചാത്തലം കുടി പരിശോധിക്കേണ്ടതുണ്ട്. കേന്ദീകൃതമായ ഘടനയുള്ള (കേന്ദ്രീകൃത പൊലീസ്, പട്ടാളം, നീതിന്യായ വ്യവസ്ഥ, ജയില്‍) ഭരണകൂടത്തെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നേരിടാനുണ്ടായിരുന്നത്. രാജ്യത്തിന്റെ ഏത് കോണിലും മണിക്കൂറുകള്‍ക്കകം പട്ടാളത്തെ വിന്യസിക്കാന്‍ കഴിയുംവിധം ഗതാഗത സൗകര്യങ്ങള്‍ വികസിച്ചതാണ് കാലം. വാര്‍ത്താവിനിമയ സംവിധാനങ്ങളും വലിയ തോതില്‍ വികസിതമായി തീര്‍ന്നിരിക്കുന്നു. സ്വകാര്യ സ്വത്തുടമസ്ഥത വലിയ തോതില്‍ സാംശീകരിക്കപ്പെട്ട ആധുനികതാ സംസ്‌കാരത്തെ അരക്കിട്ടുറപ്പിക്കാന്‍ കഴിയുംവിധമുള്ള ആചാരമര്യാദകളും വിശ്വാസങ്ങളും സാംസ്‌കാരിക സവിശേഷതകളും ശക്തമായിരിക്കുന്നു. ഇത്തരമൊരു സംവിധാനത്തോട് എല്ലാ തലങ്ങളിലും ഏറ്റുമുട്ടി മുതലാളിത്ത ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞ് ‘തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം’ സ്ഥാപിക്കുന്നതിനുള്ള ഉപകരണം എന്ന നിലയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിഭാവനം ചെയ്യപ്പെട്ടത്.

നിലവിലുള്ള വര്‍ഗ്ഗ വ്യവസ്ഥയെ അട്ടിമറിയ്ക്കാനും തകര്‍ക്കാനും തല്‍സ്ഥാനത്ത് തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം സ്ഥാപിക്കാനുമുള്ള വര്‍ഗ്ഗ ഉപകരണമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപ്പട, ജനകീയസേന എന്നീ നിലകളിലൊക്കെയായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അറിയപ്പെട്ടത്. സ്വാഭാവികമായും കേന്ദ്രീകൃത ഭരണകൂടത്തോട് ഏറ്റുമുട്ടാന്‍ കഴിയുംവിധം കേന്ദ്രീകൃതമായ സംഘടനാ സംവിധാനങ്ങളെയാണ് അത് സാംശീകരിച്ചത്. അംഗങ്ങളുടെ എല്ലാവിധ ജനാധിപത്യ അവകാശങ്ങളും ഉറപ്പുവരുത്തുന്നതോടൊപ്പം കേന്ദ്രീകൃതമായ നേതൃത്വ പദവി ( ജനാധിപത്യപരമായ കേന്ദ്രീകരണം) എന്നതാണ് കാഴ്ചപ്പാട്. തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കിക്കഴിഞ്ഞാല്‍ എല്ലാവിധ സ്വത്തുടമാ വര്‍ഗ്ഗങ്ങളേയും അടിച്ചമര്‍ത്തി ‘തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം’ സ്ഥാപിക്കും. തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം എന്നത് അങ്ങേയറ്റം വികസിതമായ ജനാധിപത്യമാണ് എന്നാണ് വിവക്ഷ. അടിമ ഉടമ വ്യവസ്ഥയില്‍ ജനാധിപത്യം എന്ന വാക്കു പോലും ഉടലെടുത്തിരുന്നില്ലല്ലോ. ആരെയും എന്തും ചെയ്യാന്‍ അവകാശമുള്ള ഉടമകളുടെ സര്‍വാധിപത്യമാണല്ലോ അന്ന് നടപ്പിലാക്കപ്പെട്ടത്. ഉടമകളാല്‍ കൊല ചെയ്യപ്പെട്ട, മൃഗാവകാശങ്ങള്‍ പോലുമില്ലാത്ത മനുഷ്യരെക്കുറിച്ച് നാം ആരെങ്കിലും ചര്‍ച്ച ചെയ്യാറുണ്ടോ? ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമത കുറഞ്ഞു വരുന്ന അടിമകളെ, മാടിനെപ്പോലെ അറുത്ത് മാംസം ഭക്ഷിക്കുന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്.

ജന്മിത്ത വ്യവസ്ഥയില്‍ ജന്മിമാരുടേയും മുതലാളിത്തത്തില്‍ മുതലാളിമാരുടേയും സര്‍വാധിപത്യമാണ് ഫലത്തില്‍ നടപ്പിലാക്കുക. ഇതും അനുഭവങ്ങളില്‍ നിന്ന് നമുക്കറിയാം. ഈ സ്വത്തുടമാ വര്‍ഗ്ഗങ്ങളെയെല്ലാം അടിച്ചമര്‍ത്തിയാണ്, മഹാ ഭൂരിപക്ഷം വരുന്ന തൊഴിലാളി വര്‍ഗ്ഗം, (അദ്ധ്വാനിക്കുന്ന ജനത) അതിന്റെ വര്‍ഗ്ഗാധിപത്യം നടപ്പില്‍ വരുത്തുന്നത്. ഇത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വികസിതമായ ജനാധിപത്യവും ഭാവിയില്‍ കമ്മ്യൂണിസ്റ്റ് ജനാധിപത്യത്തിലേയ്ക്കുള്ള ചവിട്ടുപടികളുമായിത്തീരേണ്ടതാണ്. പക്ഷേ ചരിത്രത്തില്‍ സംഭവിച്ചത് അങ്ങിനെയായിരുന്നില്ല. സോഷ്യലിസത്തിലേയ്ക്കുള്ള പരിവര്‍ത്തന ഘട്ടത്തില്‍, വ്യത്യസ്ത സാമൂഹ്യ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന ലോകത്ത്, അധികാരവും സമ്പത്തുമായുള്ള ഭരണകൂട വിനിമയങ്ങളില്‍ സ്വത്തുടമസ്ഥ മനോഭാവങ്ങള്‍ കട്ടപിടിച്ചു നിന്നു.

7000 വര്‍ഷത്തിലധികം പഴക്കയുള്ള സ്വത്തുടമാ വര്‍ഗ്ഗ സംസ്‌കൃതിയെ തൊഴിലാളി വര്‍ഗ്ഗ ആശയധാരകളുടെ പിന്‍ബലത്തില്‍ ഒരു ചെറിയ കാലയളവന്നിടയില്‍ മറികടക്കല്‍ ആശയപരമായി എളുപ്പമാണെങ്കിലും പ്രയോഗത്തില്‍ അതീവ ദുഷ്‌കരമായ പ്രശ്നങ്ങളെ അത് നിര്‍മ്മിച്ചെടുത്തു. ‘തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം’ എന്ന ഉദാത്തമായ ജനാധിപത്യ കാഴ്ചപ്പാട്, പാര്‍ട്ടി സര്‍വാധിപത്യമായും പാര്‍ട്ടി നേതാക്കളുടെ സര്‍വാധിപത്യമായും അത് പിന്നീട് ഒരു നേതാവിന്റെ ഏകാധിപത്യമായുമൊക്കെ ചുരുങ്ങി ദുഷിക്കുന്ന നിലവന്നു. ഇത്തരമൊരു സഹചര്യത്തിലാണ്, പാര്‍ട്ടിയെക്കുറിച്ച് ‘എല്ലാം അറിയുകയും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന’, ജനങ്ങളില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട ‘ദി ബിഗ് ബ്രദര്‍’ എന്ന വിമര്‍ശനം സ്വാഭാവികമായും ഉയര്‍ന്നത്. ഇങ്ങനെ കൈവന്ന ഒരവസരത്തെ ആഘോഷമായി കൊണ്ടാടാനാണ് മുതലാളിത്ത പക്ഷപാതികളായ ബുദ്ധിജീവികളും കാലാകാരന്മാരുമൊക്കെ ലോകമാകെ പരിശ്രമിച്ചത്. സ്വാഭാവികമായും അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും ഇടകലര്‍ത്തിയ അത്തരം ചമല്‍ക്കാരങ്ങള്‍ തന്നെയാണ് തന്റെ പ്രഭാഷണങ്ങളിലുടനീളം സി.രവിചന്ദ്രനും പ്രയോഗിക്കുന്നത്.

ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തില്‍, വിശേഷിച്ച് സ്റ്റാലിന്റെ ഭരണത്തിന്‍ കീഴില്‍, ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അരങ്ങേറിയതായി പറയപ്പെടുന്ന ക്രൂരതകളും കൊലപാതങ്ങളും. ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്നല്ല. അവയെ ഏകപക്ഷീയമായും പെരുപ്പിച്ചും ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയും അവതരിപ്പിയ്ക്കുന്നു. എന്നാല്‍ ഓഷ്വിറ്റ്സ്, ഹോളോകോസ്റ്റ്, ന്യൂറംബര്‍ഗ് തുടങ്ങിയ പദങ്ങള്‍ ചരിത്രത്തിലുള്ളതായി പോലും രവിചന്ദ്രന് ഓര്‍മ്മകളുണ്ടാവുന്നുമില്ല. കമ്മ്യൂണിസ്റ്റ് അനുകൂല/വിരുദ്ധ കൂട്ടക്കൊലകള്‍ മറ്റേതെങ്കിലും തരത്തിലുള്ള നരഹത്യകള്‍ക്ക് ന്യായീകരണമാക്കുന്നത് ശരിയല്ല. ഒരു കാര്യം നമുക്കുറപ്പിച്ചു പറയാം. ചരിത്രത്തില്‍ ആധിപത്യം വഹിച്ചിരുന്നവര്‍ഗ്ഗങ്ങള്‍ അത് അടിമയുടമകളായിരുന്നാലും ജന്മിമാരോ മുതലാളിമാരോ ആയിരുന്നാലും ലോകത്ത് നടത്തിയ നരമേധങ്ങള്‍ക്ക് കയ്യും കണക്കുമില്ല. വംശഹത്യകള്‍, യുദ്ധങ്ങള്‍, പട്ടിണി തുടങ്ങിയവയില്‍ ഒടുങ്ങിപ്പോയ മനുഷ്യരുടെ കണക്കെടുത്താല്‍ നാം ഭയം കൊണ്ട് വിറങ്ങലിച്ചു പോകും. അതൊക്കെ സ്വാഭാവികമായി കരുതുന്നവര്‍, സ്റ്റാലിനെ സ്ഥാനത്തും അസ്ഥാനത്തും കുറ്റപ്പെടുത്തുന്നത് നീതിബോധം കൊണ്ടാണെന്ന് കരുതാനാവില്ല. ഇത്രയും പറഞ്ഞതില്‍ നിന്ന് നമുക്കെത്തിച്ചേരാവുന്ന നിലപാടെന്തായിരിക്കും. മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടിയാണെങ്കിലും ഒരു പ്രത്യക സന്ദര്‍ഭത്തില്‍ ഉയര്‍ന്നു വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ കാഴ്ചപ്പാടുകള്‍ ചരിത്രപരമായി സാധുവായിരുന്നില്ല. ഏതെങ്കിലും ഒരു രാജ്യത്തോ പ്രദേശത്തോ മാത്രമല്ല അത് പരാജയപ്പെട്ടത്. ലോകത്താകെയാണ്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നേഷണലിന്റെ അംഗീകാരത്തോടെ ഇത്തരം സംഘടനാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചത് വി.ഐ ലെനിനാണ്. അതുകൊണ്ടാണ് അത് ലെനിനിസ്റ്റ് സംഘടനാ രൂപങ്ങള്‍ എന്നറിയപ്പെട്ടത്. ലെനിന്റെ സംഘടനാ രാഷ്ട്രീയ തിസീസുകള്‍ സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ടവയൊന്നുമല്ല. ഇന്റര്‍നേഷണലിലും വിവിധ പാര്‍ട്ടികള്‍ക്കകത്തുമൊക്കെ ശക്തമായ എതിര്‍പ്പുകള്‍ അക്കാലത്ത് തന്നെ ഉയര്‍ന്നു വന്നിരുന്നതുമാണ്. അവയില്‍പലതും അക്കാലത്തു തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്ത് വിവിധ കാലഘട്ടങ്ങളില്‍ വിവിധങ്ങളായ വിഷയങ്ങളില്‍ ഇക്കാലമത്രയും ഇത്തരം ചര്‍ച്ചകള്‍ നടന്നു വന്നിട്ടുമുണ്ട്. ഇപ്പോള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന്, നേരും നുണയും തിരിച്ചറിയുക പോലും വിഷമകരമായി തീരും വിധമുള്ള ധാരാളം ‘വിവരങ്ങള്‍’ (Datas )പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇവയൊക്കെ ഒരു വര്‍ഗ്ഗസമുദായത്തിലെ വ്യത്യസ്ഥ വര്‍ഗ്ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള മൂശകളില്‍ വാര്‍ത്തെടുക്കപ്പെട്ടവയാണ്. ഇവയെ പഠി്ക്കുമ്പോള്‍ പഠിതാവ് തികഞ്ഞ ജാഗ്രത പുലര്‍ത്തുനില്ലെങ്കില്‍ തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരാം. ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളില്‍ വെള്ളം ചേര്‍ക്കരുത് എന്ന് മാത്രം പറഞ്ഞു കൊണ്ടിരിയ്ക്കുന്ന ഇപ്പോഴും കമ്മ്യൂണിസ്റ്റ് ബോര്‍ഡും കൊടിയുമൊക്കെ ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്ന വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്ത് കുറേയുണ്ട്. അവയില്‍ പലതും ഒരു മതം പോലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ടവയാണ്.

മാര്‍ക്സിസം ഒരടഞ്ഞ തത്വശാസ്ത്രമായി സൗകര്യത്തിന് കൊണ്ടു നടക്കുന്നു എന്നതിനപ്പുറം മാര്‍ക്സിസത്തിന്റെ വിമോചന സ്വപ്നങ്ങളേയൊന്നും അത്തരം പാര്‍ട്ടികള്‍ പിന്‍പറ്റുന്നില്ല. ഇടതുപക്ഷ മേലങ്കിയണിഞ്ഞ് ബൂര്‍ഷ്വാ വ്യവസ്ഥക്കകത്ത് സ്വത്തുസമ്പാദനവും അധികാരത്തില്‍ പങ്കുപറ്റലുമൊക്കെയായി കഴിഞ്ഞുകൂടുന്നവയാണവ. അവയുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കു പറ്റിയത് ജനാധിപത്യത്തെ പാടെ നിഷധിക്കാന്‍ കഴിയുന്ന കേന്ദ്രീകൃത പാര്‍ട്ടി ഘടനയാണന്ന് അനുഭവം കൊണ്ടവര്‍ക്കറിയാം. അതുകൊണ്ടു തന്നെ നിലവിലുള്ള സംഘടനാ ക്രമങ്ങളില്‍ പൊളിച്ചെഴുത്തുകള്‍ നടത്തുന്നതിനെ അവര്‍ അതിശക്തമായിത്തന്നെ എതിര്‍ക്കും.

മറ്റൊരു വിഭാഗം ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളാണ്. സായുധവിപ്ലവം, ഗറില്ലാ യുദ്ധം തുടങ്ങിയ മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ടിരിക്കുന്ന ഇവര്‍ പ്രയോഗത്തില്‍ വന്ന പിശകുകളായി മാത്രമേ ലെനിനിസ്റ്റ് സംഘടന രൂപങ്ങളുടെ പരാജയത്തെ കാണുന്നുള്ളൂ. ‘പിശകുകള്‍ പറ്റാതെ’ തികഞ്ഞ വിപ്ലവകാരികളായി സായുധവിപ്ലവം തുടരാന്‍ ശ്രമിക്കുന്ന അവരും ലെനിനിസ്റ്റ് സംഘടനാ സംവിധാനങ്ങളുടെ ആരാധകരാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ ഇപ്പോഴും അധികാരത്തിലുള്ള പാര്‍ട്ടികളും വലിയ തോതിലുള്ള പൊളിച്ചെഴുത്തുകള്‍ ആഗ്രഹിക്കുന്നില്ല.

ചൈനയിലെ തൊഴിലാളികള്‍ വിഷാദരോഗം ബാധിച്ച് ചാടി ആത്മഹത്യ ചെയ്യാതിരിക്കാന്‍ ഫാക്ടറികള്‍ക്ക് ചുറ്റും വലകെട്ടുന്നു എന്നൊക്കെ അതിശയോക്തികളും അസംബന്ധങ്ങളും അവതരിപ്പിയ്ക്കുന്നുണ്ട് രവിചന്ദ്രന്‍. അപ്പോഴും അമേരിക്കയെ പപ്പടം പോലെ പൊടിക്കാന്‍ ശേഷിയുള്ള, 40 കോടിയിലധികം പട്ടിണിപ്പാവങ്ങളുടെ ജീവിതത്തെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞ ചൈനീസ് ഭരണകൂടത്തിന്റെ (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) ശേഷിയെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ ‘മുതലാളി – മൂലധനം – ചൂഷണം’ (Capital Oriented) എന്ന നിലയിലുള്ള വികസന കാഴ്ചപ്പാട് മുന്നോട്ടു വെയ്ക്കുമ്പോള്‍ ചൈന ‘തൊഴിലാളി -തൊഴിലവസര വികസനം – ലാഭം’ (Labour Oriented) എന്നൊരു കാഴ്ചപ്പാടാണ് മുന്നോട്ട് വെയ്ക്കുന്നത് എന്ന് കാണേണ്ടി വരും. അപ്പോഴും ചൈന സോഷ്യലിസത്തിലേയ്ക്കാണ് മുന്നേറുന്നത് എന്ന മിഥ്യാധാരണയൊന്നും ഈ ലേഖകനില്ല. ചരിത്രത്തില്‍ ചില കാര്യങ്ങള്‍ കണ്ടും അനുഭവിച്ചും തന്നെ അറിയേണ്ടി വരും. അതുകൊണ്ട് ചൈനയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തല്‍ക്കാലം കാലത്തിന് വിട്ടുകൊടുക്കാനാണ് താല്‍പ്പര്യം. അപ്പോഴും ഒരു കാര്യം ഇപ്പോഴേ ഉറപ്പിച്ചു പറയാന്‍ കഴിയും. ഭാവിയില്‍ രൂപം കൊള്ളാനിരിക്കുന്നത് വര്‍ഗ്ഗരഹിതമായ ഒരു സമൂഹമാണ് എന്നത് പോലെ തന്നെ ഭാവി ജനാധിപത്യത്തിന്റേതു കൂടിയായിരിക്കും എന്ന ഉറപ്പാണത്. (മനുഷ്യകുലമിന്ന് ഭയാനകമായ പാരിസ്ഥിതിക തകര്‍ച്ചയുടെ വക്കിലാണ്. മുതലാളിത്ത വികസന പാത തുടര്‍ന്നാല്‍ മനുഷ്യരാശിയിലെ മഹാമഹാഭൂരിപക്ഷം ഈ വിപത്തിനെ അതിജീവിച്ചു എന്ന് വരില്ല.)

ഫാസിസ്റ്റ് വിപത്ത് ലോകമാകെ വളര്‍ന്നു വരുമ്പോഴും ജനാധിപത്യവല്‍ക്കരണത്തെ ഇല്ലാതാക്കാന്‍ മുതലാളിത്തത്തിന് കഴിയുന്നില്ല. കഴിയുകയുമില്ല. ശാസ്ത്ര സാങ്കേതികരംഗങ്ങളിലും അതുവഴി സാമൂഹ്യ രംഗത്തുമുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇത് അടിവരയിടുന്നുണ്ട്. അപ്പോള്‍ ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. സമഗ്രാധിപത്യ സ്വഭാവമുള്ളതൊന്നിനും ഭാവിയില്ല. മുതലാളിത്തത്തിനും ഭാവിയില്ല. (മുതലാളിത്തം ചാക്രികപ്രതിസന്ധികളെ(ഇ്യരഹശര ഇൃശശെ)െ അതിജീവിച്ചു എന്ന് സി.രവിചന്ദ്രനേപ്പോലുള്ളവര്‍ വീമ്പു പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ലോക മുതലാളിത്തം ഒരു പക്ഷേ അപരിഹാര്യമായി തീര്‍ന്നേയ്ക്കാവുന്ന വ്യവസ്ഥാ പ്രതിസന്ധിയിലേയ്ക്ക് (systemic Crisis) ഇപ്പോള്‍ പ്രവശിച്ചു കഴിഞ്ഞിട്ടുള്ളത്.) അതായത് ജനാധിപത്യം അടിസ്ഥാന ജീവിത സ്വഭാവമായിട്ടുള്ള ഒരു സോഷ്യലിസ്റ്റ് സമൂഹമാണ് മനുഷ്യരാശിയുടെ ഭാവിയായിത്തീരേണ്ടത്. അതിനുതകുന്ന സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ രൂപീകരണവും വികസനവും അനിവാര്യമാക്കിത്തീര്‍ക്കുന്നതാണ് വസ്തുനിഷ്ടമായ ലോക സഹചര്യം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ലെനിന്റെ നേതൃത്വത്തില്‍ മാര്‍ക്സിസത്തിന്റെ പ്രയോഗ രൂപമെന്ന നിലയില്‍ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സോവിയറ്റ യൂനിയനും എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരോഭവിച്ചു. രവിചന്ദ്രനേപ്പോലുള്ള മുതലാളിത്ത പാദസേവകര്‍ക്ക് കളിയാക്കി ചിരിക്കാന്‍ അതവസരമുണ്ടാക്കി എന്നത് വാസ്തവം തന്നെ. പക്ഷേ അതല്ല ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റേയും സോവിയറ്റ് യൂണിയന്റെയും ചരിത്രപരമായ പ്രാധാന്യം. അതുവരെ മനുഷ്യന് അജ്ഞാതമായ, മുന്‍ പരിചയങ്ങളൊന്നുമില്ലാത്ത, സ്ഥിതിസമത്വത്തിന്റെ പൂക്കാലങ്ങളിലേയ്ക്കുള്ള മനുഷ്യരാശിയുടെ പ്രയാണത്തെ മൂര്‍ത്തവല്‍ക്കരിക്കാന്‍, അനുഭവങ്ങളുടെ ഒരക്ഷയഖനി തന്നെ അത് തുറന്നു തന്നിരിയ്ക്കുന്നു.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച കാലത്തെ കാല്‍പ്പനികനായ മാര്‍ക്സിസ്റ്റ്, ഒന്നരനൂറ്റാണ്ട് കാലത്തെ മൂര്‍ത്തമായ അനുഭവങ്ങളുടെ പഠനത്തിലൂടെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള ഇരുത്തംവന്ന മാര്‍ക്സിസ്റ്റായിരിക്കുന്നു. ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. മാര്‍ക്സിസം പ്രയോഗവല്‍ക്കരിക്കാനുള്ള സോവിയറ്റ് മാതൃക പരാജയപ്പെട്ടിരിയ്ക്കുന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, സോഷ്യലിസ്റ്റ് നിര്‍മ്മാണം എന്നെന്നേയ്ക്കുമായി പരാജയപ്പെട്ടു എന്നല്ല അര്‍ത്ഥമാക്കേണ്ടത്. ‘പലകുറി വീഴുമ്പോഴാണ് നടക്കാന്‍ പഠിക്കുക’ എന്നത് പ്രകൃതി നിയമമാണ്. പരാജയത്തിന് ഹേതുഭൂതമായ സംഗതികളെ വിശകലനം ചെയ്ത്, കൂടുതല്‍ ശരിയായ ഒരു മാതൃക വികസിപ്പിച്ച്, മനുഷ്യരാശി വര്‍ഗ്ഗ രഹിതമായ ഒരു സമൂഹത്തിലേയ്ക്ക് വികസിക്കാനുള്ള വഴി വെട്ടുകയും അതിനാവശ്യമായ സംഘടനാ രൂപങ്ങള്‍ വികസിപ്പിക്കുകയും തന്നെയാണ് ചെയ്യുന്നത്. അല്ലാതെ അവരെല്ലാം രവിചന്ദ്രന്മാരുടെ വിടുവായിത്തങ്ങള്‍ കേട്ട് നിരാശരായി ചത്തൊടുങ്ങുകയും മുതലാളിത്തം ആചന്ദ്രതാരം തുടരുകയുമല്ല സംഭവിക്കുക.

7000 വര്‍ഷത്തെ ചരിത്രമുള്ള ഒരു വര്‍ഗ്ഗ സമൂഹത്തെ, വര്‍ഗ്ഗ രഹിത സമൂഹമായി പരിവര്‍ത്തിപ്പിക്കുക എന്ന വിപ്ളവകരമായ ദൗത്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വയം ഏറ്റെടുത്തത്. പ്രപഞ്ചത്തിന്റേയും ജീവിവര്‍ഗ്ഗങ്ങളുടേയും മനുഷ്യസമൂഹത്തിന്റേയും ഇതപര്യന്തമുള്ള ചരിത്രം സൂഷ്മമായി പഠിച്ചും ലഭ്യമായ എല്ലാ വിജ്ഞാനങ്ങളേയും വിശകലനം ചെയ്തും മനുഷ്യസമൂഹത്തിന്റെ വളര്‍ച്ച എങ്ങോട്ട് എന്ന് ശാസ്ത്രീയമായി വിശദീകരിക്കുകയാണെല്ലോ കാള്‍ മാര്‍ക്സ് ചെയ്തത്. സാമൂഹ്യമായ അധ്വാനവും വ്യക്തിപരമായ ഉടമസ്ഥതയും എന്ന നിലയുള്ള വര്‍ഗ്ഗ വ്യവസ്ഥ തകര്‍ന്ന്, സാമൂഹ്യമായ അധ്വാനവും സാമൂഹ്യമായ ഉടമസ്ഥതയും എന്ന വര്‍ഗ്ഗരഹിത സമൂഹത്തിലേയ്ക്കാണ് മനുഷ്യന്‍ വികസിക്കുന്നത് എന്ന് മാര്‍ക്സ് നിരീക്ഷിച്ചു. ഇതിന് അദ്ദേഹം ഉപയോഗിച്ച ആസ്പദങ്ങളില്‍ എതെങ്കിലും തെറ്റാണന്ന് രവിചന്ദ്രന്‍ എവിടെയും പറഞ്ഞതായി കാണുന്നില്ല. താന്‍ എപ്പോഴും വലിയ വായില്‍ വിളിച്ചു കൂവുന്ന ശാസ്ത്ര വിശകലന രീതിയുപയോഗിച്ച് മാര്‍ക്സിസത്തിന്റെ സിദ്ധാന്തങ്ങളെ അദ്ദേഹം നിരാകരിക്കുന്നുമില്ല പകരം ‘ഒട്ടിക്കലും പൊട്ടിക്കലും,’ സോഷ്യലിസമെന്നാല്‍ വെള്ളം ചേര്‍ത്ത മദ്യം, കമ്മ്യൂണിസമെന്നാല്‍ വെള്ളം ചേര്‍ക്കാത്ത വെള്ളമടി, മുതലാളിത്തമെന്നാല്‍ മോഡേണ്‍ മെഡിസിന്‍, മാര്‍ക്സിസം എന്നാല്‍ മോഹനന്‍ വൈദ്യം തുടങ്ങിയ തേഡ് ക്ലാസ് ജാര്‍ഗണുകള്‍ അടിച്ചുവിട്ട് ഫാന്‍സ് അസോസിയേഷന്റെ കൈയ്യടി വാങ്ങി ഞെളിയുകയാണദ്ദേഹം ചെയ്യുന്നത്.

ഈ പറഞ്ഞതിനര്‍ത്ഥം മാര്‍ക്സിസം ഇനിയങ്ങോട്ട് എല്ലാ കാലത്തേക്കുമായി, എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി, ദൈവം തമ്പുരാന്റെ അരുളപ്പാടായി, മാര്‍ക്സിലൂടെ മനുഷ്യരാശിയിലേയ്ക്ക് വന്ന തത്വശാസ്ത്രമാണ് എന്നൊന്നുമല്ല.  മാര്‍ക്സ് മുന്നോട്ട് വെച്ച ആശയങ്ങള്‍ (മാര്‍ക്സിസം) തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വികസിപ്പിക്കലോ ഒന്നുമാവശ്യമില്ലാത്ത ‘മത’സിദ്ധാന്തങ്ങളാണ് എന്ന നിലയില്‍ പെരുമാറുന്ന ‘മാര്‍ക്സിസ്റ്റുക’ളുമുണ്ട് എന്നത് ശരി തന്നെ. മാര്‍ക്സിന്റെ കാലഘട്ടം ഒന്നര നൂറ്റാണ്ട് മുമ്പാണ് എന്നോര്‍ക്കണം. ഈ കാലത്തിനിടയില്‍ ശാസ്ത്രം സാങ്കേതിക വിദ്യ, സാമൂഹ്യ വര്‍ഗ്ഗങ്ങള്‍, വെര്‍ച്ച്വല്‍ സമ്പദ് വ്യവസ്ഥ തുടങ്ങി മാര്‍ക്സിന്റെ പരിഗണനയില്‍ വരാതിരുന്ന പലതരം സംവര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

പക്ഷേ ഇവയൊക്കെ പ്രപഞ്ചത്തിന്റേയും സമൂഹത്തിന്റേയും അടിസ്ഥാന ഘടനയ്ക്ക് വെളിയില്‍ സംഭവിച്ച കാര്യങ്ങളല്ല. അതു കൊണ്ടുതന്നെ അടിസ്ഥാന പ്രമാണങ്ങളൊന്നും കാലഹരണപ്പെടുന്നുമില്ല. എന്നാല്‍ പുതുതായി ഉയര്‍ന്നു വരുന്ന പ്രക്രിയകള്‍, പ്രതിഭാസങ്ങള്‍, സംവര്‍ഗ്ഗങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളാനും വിശദീകരിക്കാനും കഴിയുംവിധം മാര്‍ക്സിസത്തെ നിരന്തരം വികസിപ്പിക്കേണ്ടതുണ്ട്. പ്രപഞ്ചത്തിന്റേയും സമൂഹത്തിന്റേയും വികാസനിയമങ്ങളെ സാംശീകരിച്ച ഒരു ദര്‍ശനത്തിന് അതിന് തടസ്സങ്ങളൊന്നുമില്ല. ഇത് തെളിയിക്കുന്നതാണ് മാര്‍ക്സിന് ശേഷം മാര്‍ക്സിസത്തിനുണ്ടായ വികാസം. മാര്‍ക്സിന്റെ കാലത്തിന് ശേഷം മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് മാര്‍ക്സിസത്തിന്റെ സ്വാധീനമില്ലാതെ നിലനിന്ന ഏതെങ്കിലും ഒരു ജീവിതമേഖല സി.രവിചന്ദ്രന് ചൂണ്ടിക്കാണിക്കാനാകുമോ? 2008-9 കാലത്ത് ലോകം സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പ്രവേശിച്ചപ്പോള്‍, സാമ്പത്തിക ചിന്തകരൊക്കെ ഓര്‍ത്തത് കാള്‍ മാര്‍ക്സിനെയായിരുന്നു. യു. എന്നിന്റെ സാമ്പത്തിക വിഭാഗം പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയത് ജോസഫ് സ്റ്റിഗ്ളിറ്റ്സ്, പ്രഭാത് പട്നായിക്ക് എന്നീ മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞരെ ആയിരുന്നു. അന്ന് മാര്‍പ്പാപ്പ മുതല്‍ ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന മിത്തറാങ്ങ് വരെയുള്ളവര്‍ പ്രതിസന്ധിയെ മനസ്സിലാക്കാന്‍ മാര്‍ക്സിന്റെ മൂലധനം വായിക്കാന്‍ അവധിയെടുത്തവരായിരുന്നു എന്ന വസ്തുതയും രവിചന്ദ്രന്‍ മറന്നു പോകരുത്.

മാര്‍ക്സിസത്തെ ഒരു ഡോഗ്മ (വരട്ടുതത്വവാദം) യായി അധപതിപ്പിക്കുക, അല്ലെങ്കില്‍ കാലഹരണം വന്ന ഒന്നായി മുദ്രയടിക്കുക, എന്നത് സ്വത്തുടമാ വര്‍ഗ്ഗത്തിന്റെ ചൂഷക താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് മനസ്സിലാക്കാന്‍ ‘വലിയ ബുദ്ധി’യൊന്നും ആവശ്യമില്ല. മനുഷ്യസമൂഹത്തില്‍, സാധാരണ മനുഷ്യന്റെ അദ്ധ്വാനശക്തിയേയും പ്രകൃതി വിഭവങ്ങളേയും കൊള്ളയടിക്കുന്ന, ചോരയൂറ്റു പ്രസ്ഥാനമായി മുതലാളിത്തം തുടരുന്നിടത്തോളം കാലം, അതിനെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തില്‍, മാര്‍ക്സിസം തിളങ്ങുന്ന ഒരായുധം തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല.

ആദ്യഭാഗങ്ങള്‍ വായിക്കാം

 

എന്‍.വി ബാലകൃഷ്ണന്‍
രാഷ്ട്രീയ നിരീക്ഷകന്‍