[]മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ ആസൂത്രിത കലാപവുമായി ബന്ധപ്പെട്ട് 235 പേര്‍ക്കെതിരെ എസ്.ഐ.ടി പുതിയ കുറ്റപത്രം സമര്‍പ്പിച്ചു.
കലാപത്തില്‍ പങ്കെടുത്ത് ഒളിവില്‍പ്പോയ 108 പേരുടെ സ്വത്തുക്കള്‍ ജപ്തിചെയ്യാനുള്ള നടപടി തുടങ്ങിയതായി എസ്.ഐ.ടി. അഡീഷണല്‍ എസ്.പി. മനോജ് ഝാ അറിയിച്ചു. 336 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപക്കേസുകളുമായി ബന്ധപ്പെട്ട് 349 പേര്‍ക്കെതിരെ പ്രദേശികകോടതി നേരത്തെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
987 പേര്‍ കലാപത്തില്‍ പങ്കെടുത്തതായി എസ്.ഐ.ടി അറിയിച്ചിരുന്നു. ആറു കൂട്ടബലാല്‍സംഗക്കേസുകളില്‍ 27 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 22 പേര്‍ക്ക് ഈ പീഡനങ്ങളില്‍ പങ്കുണ്ടെന്നും കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്.
അക്രമങ്ങളുമായി ബന്ധപ്പെട്ട് 6,244 പേര്‍ക്കെതിരെ 566 കേസുകള്‍ രജിസ്റ്റര്‍ ചെയെ്തന്നും മനോജ് ഝാ അറിയിച്ചു. കഴിഞ്ഞ സപ്തംബറില്‍ മുസാഫര്‍നഗറിലുണ്ടായ കലാപത്തില്‍ 60ലേറെപ്പേര്‍ കൊല്ലപ്പെടുകയും 40,000ലധികം ആളുകള്‍ അഭയാര്‍ഥികളാവുകയും ചെയ്തിരുന്നു.
അതിനിടെ, കലാപത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാത്തതിന്റെ പേരില്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മുലായം സിങ് യാദവിനെ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ രൂക്ഷമായി വിമര്‍ശിച്ചു. സി.ബി.ഐ അന്വേഷിച്ചാല്‍ എസ്.പി.യുടെയും ബി.ജെ.പി.യുടെയും മുതിര്‍ന്ന നേതാക്കള്‍ ജയിലില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുസാഫര്‍ നഗര്‍ കലാപത്തിന്റെ ഇരകള്‍ കഴിയുന്ന ഷാംലി ജില്ലിയിലെ മലാക്പൂര്‍ ഗ്രാമത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പകരുന്നു. എട്ട് കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടതായി കൈറാന ഹെല്‍ത്ത് സൂപ്രണ്ട് രമേശ് ചന്ദ്ര സ്ഥിരീകരിച്ചു.
