അഭിഭാഷകര്‍ കേസ് ഏറ്റെടുത്തില്ല; ഹൈക്കോടതിയില്‍ സ്വന്തം കേസ് വാദിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര
Kerala News
അഭിഭാഷകര്‍ കേസ് ഏറ്റെടുത്തില്ല; ഹൈക്കോടതിയില്‍ സ്വന്തം കേസ് വാദിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 2:37 pm

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കേസില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയായി. അഭിഭാഷകന്റെ അസാന്നിധ്യത്തില്‍ ലൂസി കളപ്പുര തന്നെയാണ് കേസ് വാദിച്ചത്. കേസ് വിധി പറയാന്‍ മാറ്റിവെച്ചു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ചാണ് ലൂസി കളപ്പുര കേസില്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹരജിയില്‍ നേരത്തെ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര തന്നെ വാദിക്കാന്‍ തീരുമാനിച്ചത്. പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്.

നീതി പീഠത്തില്‍ എനിക്ക് വിശ്വാസമുണ്ട്, അതിനാലാണ് കേസ് സ്വയം വാദിക്കുന്നത് എന്നാണ് ലൂസി കളപ്പുര പറഞ്ഞത്.

നിസഹായരായി സ്ത്രീകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളത്. തന്റെ കേസടക്കം അതിന് ഉദാഹരണമാണ്. ഈ വ്യവസ്ഥിതിക്കെതിരെ അതിന്റെ ഇര തന്നെ വാദിക്കുകയും കോടതിയില്‍ തന്റെ നിലപാട് പറയുകയും ചെയ്യുകയാണ്. തന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറാവാത്ത ഒരു സാഹചര്യം ഉണ്ടായെന്നും സിസ്റ്റര്‍ കോടതിയില്‍ പറഞ്ഞു.

തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും മഠത്തില്‍ നിന്നും ഇറങ്ങാന്‍ സഭാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സിവില്‍ കേസ് തീര്‍പ്പാക്കുന്നവരെ മഠം വിട്ടിറങ്ങാന്‍ ആവില്ലെന്നും ലൂസി കളപ്പുര ഹൈക്കോടതിയെ ബോധിപ്പിച്ചു.

ലൂസി കളപ്പുര മഠത്തില്‍ തന്നെ തുടരണമെന്ന് കോടതിയ്ക്ക് പറയാനാവില്ലെന്നും എന്നാല്‍ എവിടെ താമസിച്ചാലും ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നാണ് കോടതി വ്യക്തമാക്കിയത്.

സിസ്റ്റര്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sister Lucy Kalappura seeks protection from Highcourt