വിധിയിലൂടെ 'അഭയ'യിലെ ദുരൂഹതകള്‍ അവസാനിക്കുമ്പോള്‍; കാല്‍നൂറ്റാണ്ട് പിന്നിട്ട ഒരു കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങള്‍
Sister Abhaya murder case
വിധിയിലൂടെ 'അഭയ'യിലെ ദുരൂഹതകള്‍ അവസാനിക്കുമ്പോള്‍; കാല്‍നൂറ്റാണ്ട് പിന്നിട്ട ഒരു കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd December 2020, 1:18 pm

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച അഭയ കൊലക്കേസില്‍ ഒടുവില്‍ വിധി പുറത്തുവന്നിരിക്കുന്നു. നീതിക്ക് വേണ്ടിയുള്ള 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേസിലെ ഒന്നാം പ്രതി ഫാ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 24 ന് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചിരിക്കുന്നു.

കേസ്സിന്റെ നാള്‍വഴികളില്‍ ആദ്യാവസാനം നിലനിന്ന ദുരൂഹതകള്‍, കൃത്യം നടന്ന സ്ഥലത്തിന്റെ സാമൂഹിക സവിശേഷതകള്‍, പ്രതികളായി കണ്ടെത്തിയവരുടെ സാമൂഹിക പദവി, അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മഹത്യയും രാജിയും, പ്രതികളെ സംരക്ഷിക്കുന്നതിനായി നടന്ന ഉന്നതതല ഇടപെടലുകള്‍, സാക്ഷികളുടെ കൂറുമാറ്റം, നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍…പോയ മൂന്ന് പതിറ്റാണ്ട് കാലം സിസ്റ്റര്‍ അഭയ കൊലക്കേസ്സ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് തിരശ്ശീല വീഴുകയാണ് ഈ കോടതിവിധിയിലൂടെ.

അഭയാ കൊലക്കേസ്സില്‍ ഇന്നോളം സംഭവിച്ചത്

കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് ടെന്‍ത് കോണ്‍വെന്റിലാണ് 1992 മാര്‍ച്ച് 27 ന് സിസ്റ്റര്‍ അഭയ എന്ന രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് അഭയയുടെ മരണം ആത്മഹത്യയാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അഭയ കൊലക്കേസ്സ് വലിയ വിവാദമാകുന്നത്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് തലയോലപ്പറമ്പ് ഐക്കരക്കുന്നേല്‍ തോമസ് നിയമപോരാട്ടമാരംഭിച്ചു.

 

അഭയയുടെ മാതാപിതാക്കള്‍ തോമസും ലീലാമ്മയും

അഭയയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് രൂപീകരിക്കപ്പെട്ട അഭയ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം 1993 മാര്‍ച്ച് 29 ന് കേസ്സ് സി.ബി.ഐ ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് തുടക്കത്തില്‍ തന്നെ സി.ബി.ഐ കണ്ടെത്തി.

സി.ബി.ഐ ഓഫീസറായിരുന്ന വര്‍ഗീസ് പി. തോമസ്സാണ് അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത്. തന്റെ കേസ് ഡയറിയില്‍ അദ്ദേഹം ഇക്കാര്യം എഴുതിവെക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അദ്ദേഹം രാജി വെച്ചതായുള്ള വാര്‍ത്തയാണ് പുറത്തു വന്നത്. അഭയ കൊലക്കേസ്സില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു ഘട്ടമായിരുന്നു ഇത്. വിരമിക്കാന്‍ ഏഴുവര്‍ഷം ബാക്കിയുണ്ടായിരുന്ന സി.ബി.ഐ ഓഫീസര്‍ വര്‍ഗീസ് പി. തോമസ്സ് താന്‍ ജോലി രാജിവെക്കുന്നു എന്നറിയിച്ചുകൊണ്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്. കേസില്‍ തന്റെ മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ തന്റെ മേലുദ്യോഗസ്ഥനും സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടുമായ വി. ത്യാഗരാജന്‍ നല്‍കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വര്‍ഗീസ് പി. തോമസ്സ്

അഭയ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ വി. ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി വര്‍ഗീസ് പി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ് പി. തോമസ് ആരോപണമുന്നയിച്ചു.

പത്രസമ്മേളനം വിവാദമായതോടെ കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് അന്നത്തെ സി.ബി.ഐ ഡയറക്ടര്‍ കെ. വിജയരാമ റാവുവിന് പരാതി നല്‍കി. തുടര്‍ന്ന് സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം.എല്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സി.ബി.ഐ സംഘത്തിന് അന്വേഷണച്ചുമതല നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണവുമെല്ലാം നടന്നു.

എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ കേസ് എഴുതിത്തള്ളണമെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. ഇക്കാരണത്താല്‍ കോടതിയില്‍ നിന്നും സി.ബി.ഐയ്ക്ക് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. സത്യസന്ധമായി കേസന്വേഷിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് തെളിവുകളെല്ലാം നശിപ്പിച്ചതിനാല്‍ കേസ്സുമായി മുന്നോട്ടുപാകാനാകില്ലെന്ന് സി.ബി.ഐ കോടതിയെ ബോധ്യപ്പെടുത്തി.

വി. ത്യാഗരാജന്‍

തുടര്‍ന്ന് കേസില്‍ പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കണമെന്നും ബ്രെയ്ന്‍ ഫിംഗര്‍ പ്രിന്റിങ് അടക്കമുള്ള നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും സി.ബി.ഐയ്ക്ക് കോടതി ഉത്തരവ് നല്‍കി.

2007 ഏപ്രിലില്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന് വെളിപ്പെട്ടതോടെ കേസ് വീണ്ടും വിവാദമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന റജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്ന് കോടതിയില്‍ പൊലീസ് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടിലും തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സി.ജെ.എം കോടതി വ്യക്തമാക്കി.

2008 ലാണ് കേസ്സില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവുകളുണ്ടാകുന്നത്. 2008 നവംബര്‍ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ഈ മൂന്ന് പേരിലെത്തിയത്.

ഫാ. തോമസ് കോട്ടൂര്‍

ഇതേ മാസം തന്നെ അഭയ കേസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്ന മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. കോട്ടയത്തെ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടില്‍ വെച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ. തന്റെ മരണത്തിന് ഉത്തരവാദികള്‍ സി.ബി.ഐയാണെന്ന് കത്തെഴുതി വെച്ചായിരുന്നു വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തത്. അഭയയുടെ മരണം നടന്നതിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എ.എസ്.ഐ ആയിരുന്ന അഗസ്റ്റിനായിരുന്നു. ഇദ്ദേഹമാണ് പല തെളിവുകളും അന്ന് നശിപ്പിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇടയ്ക്കൊരു ഘട്ടത്തില്‍ മാപ്പുസാക്ഷിയാകാനും അദ്ദേഹം തയ്യാറായി. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. കേസില്‍ അഗസ്റ്റിന്റെ മൊഴികളിലുള്ള വൈരുദ്ധ്യം സി.ബി.ഐ കണ്ടെത്തുകയും ചെയ്തിരുന്നു.

ഫാ. ജോസ് പൂതൃക്കയില്‍

2012 ജൂലൈയില്‍ മറ്റൊരു വഴിത്തിരിവ് കൂടി കേസില്‍ സംഭവിച്ചു. കോട്ടയം ബി.സി.എം. കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല്‍ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സി.ബി.ഐ. കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. കേസന്വേഷണത്തേില്‍ നിരന്തരമായ വീഴ്ചകള്‍ സംഭവിക്കുന്നതിന് പിന്നിലെ ഉന്നതതല ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങളെ ഇത് വീണ്ടും ശക്തമാക്കി.

സിസ്റ്റര്‍ സെഫി

കേസില്‍ ഏറ്റവുമൊടുവില്‍ നടന്ന നിര്‍ണായകമായ നീക്കം അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിളിനെ പ്രതി ചേര്‍ത്തതാണ്. 2018 ജനുവരി മാസത്തിലായിരുന്നു ഇത്. ഇദ്ദേഹമാണ് ആദ്യം അഭയ കേസ് അന്വേഷിച്ചതും ആത്മഹത്യയാണെന്ന ആദ്യ വിധിയെഴുത്ത് നടത്തിയതും. അഭയയുടെ ശിരോവസ്ത്രം, ചെരുപ്പ്, ഡയറി എന്നിവ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കിഷോര്‍ ഐ.എ.എസ്സില്‍ നിന്നും എഴുതി വാങ്ങിയത് മൈക്കിളായിരുന്നു. കേസിലെ സുപ്രധാന തെളിവുകളായ ഇവ പിന്നീട് കാണാതായതിന് പിന്നില്‍ മൈക്കിളാണെന്ന് കണ്ടെത്തിയായിരുന്നു അദ്ദേഹത്തെ പ്രതി ചേര്‍ത്തത്.

കെ.ടി മൈക്കിള്‍

സംഭവം നടന്ന് കാല്‍ നൂറ്റാണ്ടിന് ശേഷം 2019 ഓഗസ്റ്റ് 26നാണ് കേസ്സില്‍ വിചാരണ തുടങ്ങിയത്. ആകെ 177 സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസ്സില്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു. പയസ് ടെണ്‍ത് കോണ്‍വെന്റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ എന്നിവരുള്‍പ്പെടെയുള്ള മുഖ്യ സാക്ഷികളുടെ കൂറുമാറ്റം സി.ബി.ഐക്ക് തിരിച്ചടിയായെങ്കിലും സംഭവ ദിവസം ഒന്നാം പ്രതി തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്റെ മൊഴി സാക്ഷി വിസ്താരത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു.

രാജു

ഏറെ വൈകിയെങ്കിലും ഇപ്പോള്‍ പുറത്തുവന്ന വിധി ക്രൂരമായി കൊല ചെയ്യപ്പെട്ട തന്റെ സഹോദരിയ്ക്ക് ലഭിച്ച നീതിയാണെന്നാണ് അഭയയുടെ സഹോദരന്‍ ബി.ജു തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികം കാലം അഭയ കേസ്സില്‍ നീതിയ്ക്ക് വേണ്ടി പോരാടിയ അഭയയുടെ മാതാപിതാക്കള്‍ ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. തിരുവനന്തരപുരം സി.ബി.ഐ കോടതിയുടെ ഈ വിധിയിലൂടെ മൂന്ന് പതിറ്റാണ്ട് കാലം കേരളത്തില്‍ നിരന്തരമായി വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരുന്ന അഭയ കൊലക്കേസ്സിന്റെ അലയൊലികള്‍ക്ക് അവസാനമാവുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sister Abhaya Murder Case-Explained