കേരളത്തില്‍ എസ്.ഐ.ആര്‍ നീട്ടിവെക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
Kerala
കേരളത്തില്‍ എസ്.ഐ.ആര്‍ നീട്ടിവെക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 8:08 pm

തിരുവനന്തപുരം: കേരളത്തില്‍ എസ്.ഐ.ആര്‍ (വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്‌കരണം) നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ആവശ്യം ഉന്നയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം എസ്.ഐ.ആര്‍ നടപ്പിലാക്കിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

കേരളത്തില്‍ വോട്ടര്‍പട്ടികകളില്‍ തീവ്രപുനപരിശോധന നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓരോ വീട്ടിലും കയറിയിറങ്ങി പുതിയ വോട്ടര്‍പട്ടിക തയ്യാറാക്കുമെന്നാണ് ഖേല്‍ക്കര്‍ അറിയിച്ചത്.

 

നേരത്തെ, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാരോട് എസ്.ഐ.ആറിനുള്ള തയ്യാറെടുപ്പുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യവ്യാപകമായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി തീവ്രപരിഷ്‌കരണം നടപ്പാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ മാസമാദ്യം സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം ദല്‍ഹിയില്‍ നടന്നിരുന്നു. അന്ന് വരും ആഴ്ചകളില്‍ തന്നെ എസ്.ഐ.ആര്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് സെപ്റ്റംബര്‍ മുപ്പത് എന്ന തീയതി കമ്മീഷന്‍ നിര്‍ദേശിച്ചത്.അതത് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ നടപ്പിലാക്കിയതിന് ശേഷം അവസാനമായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക കൈവശം വെയ്ക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നേരത്തെ തന്നെ പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പുനപരിശോധന നടത്തി അതത് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം ശക്തമായത്.

തെരഞ്ഞെടുപ്പ് കമ്മീഷനടക്കം ഇടപെട്ട് ബി.ജെ.പിക്ക് അനുകൂലമായി ഇരട്ടവോട്ടുകള്‍ ചേര്‍ക്കുന്നുവെന്നും അര്‍ഹതപ്പെട്ടവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് തെളിവുകള്‍ സഹിതം പ്രതിപക്ഷ സഖ്യം ഇന്ത്യാ മുന്നണി ആരോപിക്കുന്നത്.

 

Content Highlight: SIR should be postponed in Kerala; State Election Officer requests Election Commission