എസ്.ഐ.ആര്‍ സമ്മര്‍ദം; ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ബി.എല്‍.ഒമാരുടെ മാര്‍ച്ച്
India
എസ്.ഐ.ആര്‍ സമ്മര്‍ദം; ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ബി.എല്‍.ഒമാരുടെ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th November 2025, 8:35 pm

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ ബി.എല്‍.ഒമാരുടെ പ്രതിഷേധ മാര്‍ച്ച്. അമിത ജോലി സമ്മര്‍ദം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കാണ് ബി.എല്‍.ഒമാര്‍ മാര്‍ച്ച് നടത്തിയത്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ നടന്ന മാര്‍ച്ചില്‍ പൊലീസും ബി.എല്‍.ഒമാരും തമ്മില്‍ ഏറ്റുമുട്ടി. ബി.എല്‍.ഒമാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

സി.ഇ.ഒയുടെ ഓഫീസ് അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള പൂട്ടുകളും വിലങ്ങുകളുമായാണ് ബി.എല്‍.ഒമാര്‍ രംഗത്തെത്തിയത്. ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.


തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്നും ജോലി സമ്മര്‍ദങ്ങളില്‍ ഇടപെടുന്നില്ലെന്നും ബി.എല്‍.ഒമാര്‍ പറയുന്നു.

ജോലിക്കിടെ ബി.എല്‍.ഒമാര്‍ കുഴഞ്ഞുവീഴുകയാണ്. സമ്മര്‍ദം മൂലം ഒന്നിലധികം ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്തുവെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ അവഗണന തുടര്‍ന്നാല്‍ പ്രതിഷേധം തുടരുമെന്നും വരും ദിവസങ്ങളില്‍ കോളേജ് പ്രൊഫസര്‍മാരും അധ്യാപകരും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റി പറഞ്ഞു. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സ്റ്റാഫുകളെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

നിലവില്‍ കേരളം, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്തിരുന്നു.

പിന്നാലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വെല്ലുവിളികളും ജോലി സമ്മര്‍ദവും ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരും സി.പി.ഐ.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ ദിവസം നോയിഡയിലെ 60 ബി.എല്‍.ഒമാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൃത്യമായ സമയത്ത് എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.

ഏഴ് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയും കേസെടുത്തിരുന്നു. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള സെക്ഷന്‍ 32 വകുപ്പ് ചുമത്തിയാണ് നടപടി.

Content Highlight: SIR pressure; BLOs march to CEO’s office in Bengal