ന്യൂദല്‍ഹി: എസ്.ഐ.ആര്‍ (വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം) സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കരട് വോട്ടര്‍ പട്ടികയില്‍ ഡിസംബര്‍ 16ന് പ്രസിദ്ധീകരിക്കും. എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം അനുവദിച്ചു.
12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കാണ് സമയം നീട്ടി നല്‍കിയത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കൈമാറി.
ഉത്തരവ് പ്രകാരം 2026 ഫെബ്രുവരി 14ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കേരളത്തിലെ ബി.എല്‍.ഒമാര്‍ ഇതുവരെ 99 ശതമാനം എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്.
ഈ ഫോമുകള്‍ തിരികെ നല്‍കാന്‍ നിലവില്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. എന്നാല്‍ ഡിസംബര്‍ 11നാണ് സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും.
നിലവില്‍ സംസ്ഥാനത്തെ ബി.എല്‍.ഒമാര്‍ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ ഉണ്ടാക്കിയ സമ്മര്‍ദത്തെ തുടര്‍ന്ന് കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്തിരുന്നു.
പിന്നാലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും സി.പി.ഐ.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.