എസ്.ഐ.ആര്‍; ഗുജറാത്തില്‍ പുറത്തായത് 68.1 ലക്ഷം വോട്ടര്‍മാര്‍, കേരളത്തില്‍ 8.9 ലക്ഷവും
India
എസ്.ഐ.ആര്‍; ഗുജറാത്തില്‍ പുറത്തായത് 68.1 ലക്ഷം വോട്ടര്‍മാര്‍, കേരളത്തില്‍ 8.9 ലക്ഷവും
രാഗേന്ദു. പി.ആര്‍
Sunday, 22nd February 2026, 8:10 am

ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്‌കരണം (എസ്.ഐ.ആര്‍) അവസാനിച്ചു.

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങള്‍ അന്തിമ വോട്ടര്‍പട്ടിക പുറത്തിറക്കുകയും ചെയ്തു. ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.7 കോടി വോട്ടര്‍മാരുടെ കുറവാണ് ഉണ്ടായത്.

ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പുറത്തായത് ഗുജറാത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നാണ്. 68.1 ലക്ഷം വോട്ടര്‍മാരെയാണ് നീക്കം ചെയ്തത്. തീവ്രപരിഷ്‌കരണത്തിന് മുമ്പ് സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണം 5.08 കോടിയായിരുന്നു.

എസ്.ഐ.ആര്‍ പൂര്‍ത്തിയായതോടെ അത് 4.4 കോടിയായി കുറഞ്ഞു. 13.4 ശതമാനം വോട്ടര്‍മാരാണ് പുറത്തായത്. മരണം, സ്ഥിരമായ താമസംമാറ്റം, ഒന്നിലധികം രജിസ്‌ട്രേഷനുകള്‍ എന്നിവയാണ് അയോഗ്യതയ്ക്കുള്ള കാരണങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ പുറത്താക്കിയ സംസ്ഥാനങ്ങളില്‍ രാജസ്ഥാനാണ് രണ്ടാം സ്ഥാനം. 34.2 ലക്ഷം വോട്ടര്‍മാരാണ് പുറത്തായത്. അന്തിമ വോട്ടര്‍പട്ടിക പുറത്തുവിട്ടതോടെ വോട്ടര്‍മാരുടെ എണ്ണം 5.7 കോടിയില്‍ നിന്ന് 5.3 കോടിയായി കുറയുകയായിരുന്നു.

ഏകദേശം 31.3 ലക്ഷം വോട്ടര്‍മാരുടെ കുറവാണ് രേഖപ്പെടുത്തിയത്. ഛത്തീസ്ഗഡില്‍ 24.9 ലക്ഷം വോട്ടര്‍മാര്‍ പുറത്തായപ്പോള്‍ കേരളത്തില്‍ ഇത് 8.9 ലക്ഷം ലക്ഷമാണ്. ഗോവയില്‍ 1.2 ലക്ഷം ആളുകളുടെ പേരും വെട്ടി.

എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ 52,364 വോട്ടര്‍മാരും പുതുച്ചേരിയില്‍ 77,367 പേരും ലക്ഷദ്വീപില്‍ 206 പേരും വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായി.

നേരത്തെ എസ്.ഐ.ആര്‍ പൂര്‍ത്തിയായ ബീഹാറില്‍ 47 ലക്ഷം വോട്ടര്‍മാര്‍ പുറത്തായിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു

അതേസമയം 2,69,53,644 പേരാണ് കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്. 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാന്‍സ്‌ജെന്‍ഡര്‍മാരും 2,23,558 പ്രവാസികളുമാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്.

2024 നിയമസഭാ തെരഞ്ഞെടുപ്പില്‍ 25236 ലോക്‌സഭാ ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ എസ്.ഐ.ആര്‍ പൂര്‍ത്തിയായതോടെ ഇത് 5235 എണ്ണം വര്‍ധിച്ച് 30471 ആയി.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡീഗഡ്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, ലഡാക്ക്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ദല്‍ഹി, ഒഡീഷ, പഞ്ചാബ്, സിക്കിം, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം എസ്.ഐ.ആര്‍ നടക്കും.

Content Highlight: SIR concludes in nine states, Gujarat records highest voter deletions

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.