ഇന്നെന്റെ മകള്‍ക്ക് അറിയില്ല അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും അവളെ തലോടുന്നതും ആരാണെന്ന്, നാളെ അവളിത് അഭിമാനത്തോടെ സൂക്ഷിക്കും: സിന്‍സി അനില്‍
Entertainment news
ഇന്നെന്റെ മകള്‍ക്ക് അറിയില്ല അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും അവളെ തലോടുന്നതും ആരാണെന്ന്, നാളെ അവളിത് അഭിമാനത്തോടെ സൂക്ഷിക്കും: സിന്‍സി അനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th November 2022, 10:18 pm

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ സെറ്റില്‍ വെച്ച് തന്റെ മകള്‍ മമ്മൂട്ടിക്കൊപ്പം സമയം ചിലവിടുന്ന വീഡിയോ പങ്കുവെച്ച് സിന്‍സി അനില്‍. മമ്മൂട്ടി ആരാണെന്ന് അറിയുമ്പോള്‍ തന്റെ മകള്‍ അഭിമാനത്തോടെ ഈ വീഡിയോ കാണും എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ പകര്‍ത്തുമ്പോള്‍ തനിക്കും മകളുടെ പ്രായത്തിലേക്ക് മടങ്ങി പോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോയെന്നും സിന്‍സി ഫേസ്ബുക്കില്‍ കുറിച്ചു.

”ഇന്നെന്റെ മകള്‍ക്ക് അറിയില്ല… അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും? നാളെ അവളിത് അഭിമാനത്തോടെ കാണും. ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും?
ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി,”സിന്‍സി അനില്‍ കുറിച്ചു.

മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച് അഭിനയിക്കുന്ന കാതലിന്റെ സെറ്റില്‍ അമ്മയോടൊപ്പം എത്തിയതാണ് ഇവ മറിയം. ബാഗും ചുമലില്‍ ഇട്ട് മ്മൂട്ടിയുടെ കൈയ്യില്‍ പിടിച്ചും കളിച്ചും സംസാരിക്കുകയാണ് ഇവ. ഇവക്കും മകനും മമ്മൂട്ടി മിഠായി കൊടുക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. കാതലിന്റെ ലൊക്കേഷനില്‍ നിന്നുമെടുത്ത ഈ വീഡിയോയാണ് സിന്‍സി അനില്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.

അതേസമയം കാതലിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടെ നടനും സൂര്യ കാതലിന്റെ സെറ്റിലെത്തിയിരുന്നു. സൂര്യ സെറ്റിലേക്ക് വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെറ്റില്‍ മമ്മൂട്ടിക്കും ജ്യോതികക്കുമൊപ്പം സൂര്യ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നീട് മമ്മൂക്ക തന്നെ ചിത്രം പങ്കുവെച്ചിരുന്നു.

മാത്യു ദേവസി എന്ന കഥാപാത്രത്തെയായിരിക്കും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുക. ഷൂട്ടിനായി വെച്ചിരിക്കുന്ന ഒരു ഫ്ളക്സിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ളക്സില്‍ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

content highlight: sinsi anil shares a video with mammootty and  her daughter