ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ജാതീയതാണെന്ന് പറയുകയാണ് ഗായകൻ സൂരജ് സന്തോഷ്. ജാതീയത ഇപ്പോൾ ഇല്ല, റിസർവേഷൻ വേണ്ട എന്നൊക്കെ പറയുന്നവർ അതിനെ കുറിച്ച് അറിവില്ലാത്തവരാണെന്നും സൂരജ് പറഞ്ഞു. സിനിമ, പാട്ട്, ഐ.ടി തുടങ്ങിയ സമൂഹത്തിന്റെ നാനാഭാഗത്ത് ജാതീയത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൂരജ് സന്തോഷ്.
‘ജാതിയെന്ന് പറയുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു റിയാലിറ്റിയാണ്. ജാതി വിവേചനം എന്നത് നമ്മുടെ നാട്ടിലുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന ആ യാഥാർഥ്യം സിനിമയിലും പാട്ടിലും മാധ്യമങ്ങളിലും ഐ.ടി മേഖലയടക്കമുള്ള സമൂഹത്തിന്റെ നാനാഭാഗത്തുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാസ്റ്റിസമാണ്. അതിനെ ശരിയായി മനസിലാക്കാതെ, പരിഹരിക്കാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. അത് സിനിമയിലും ഉണ്ട്.
ജാതീയത എന്നൊന്നും ഇല്ല, അത് മാറി, എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ജാതിയെ കുറിച്ച് സംസാരിക്കരുത്, ജാതി ഭീകരവാദം എന്നൊക്കെ പറയുന്നവർ അംബേദ്‌കർ വായിക്കാമെന്നേ ഞാൻ പറയു. നിങ്ങളുടെ പ്രിവിലേജ് അനുസരിച്ച് ഇല്ല എന്ന് പറയുന്ന പല കാര്യങ്ങളും ഇവിടെ ഉണ്ട്.
ജാതിയുടെ പേരിൽ ഒരുപാട് മനുഷ്യന്മാർ ഇവിടെ അനുഭവിക്കുന്നുണ്ട്. അവരുടെ അവസ്ഥ എന്താണെന്ന് അറിയാൻ ആദ്യം നിങ്ങൾ നിങ്ങളെ തന്നെ ജാതീയതയെ കുറിച്ച് പഠിപ്പിക്കണം. പ്രിവിലേജ് ആയവർക്ക് ഇതൊന്നും അറിഞ്ഞില്ലെങ്കിലും അവരുടെ ജീവിതം മുന്നോട്ട് പോകും.
അങ്ങനെ അല്ലാത്ത കുറെ മനുഷ്യരും ഉണ്ട്. അവരുടെ ജീവിതം നിങ്ങൾ പറയുന്നതുപോലെയൊന്നുമല്ല. അവരോട് ചേർന്ന് നിൽക്കാനും അവർ എന്തിലൂടെയാണ് പോകുന്നതെന്നും മനസിലാക്കാൻ ശ്രമിക്കുക. ഈ കാലഘട്ടത്തിലും റിസേർവേഷനെതിരെ സംസാരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്,’ സൂരജ് സന്തോഷ് പറയുന്നു.