ഇവിടെ മാത്രം പാടിയാല്‍ മതിയെന്ന് ഇളയരാജ പറഞ്ഞു, അദ്ദേഹത്തെ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്‌: മിന്‍മിനി
Entertainment news
ഇവിടെ മാത്രം പാടിയാല്‍ മതിയെന്ന് ഇളയരാജ പറഞ്ഞു, അദ്ദേഹത്തെ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്‌: മിന്‍മിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd June 2023, 1:47 pm

തനിക്ക് വേണ്ടി മാത്രം പാട്ടുകള്‍ പാടിയാല്‍ മതിയെന്ന് ഇളയരാജയ പറഞ്ഞിരുന്നതായി ഗായിക മിന്‍മിനി. അമൃത ടി.വിയിലെ പാടാം നേടാം എന്ന പരിപാടിയില്‍ എം.ജി.ശ്രീകുമാരുമായി സംസാരിക്കുകയായിരുന്നു അവര്‍. എന്ത് കൊണ്ടാണ് ഇളയരാജ അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവര്‍ മോശമായി ചിന്തിക്കാതിരിക്കാനാണ് താന്‍ ഇക്കാര്യം ഇതുവരെ തുറന്ന് പറയാതിരുന്നത് എന്നും മിന്‍മിനി പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞത് തനിക്ക് വലിയ ഷോക്കായിരുന്നു എന്നും തന്റെ ശബ്ദം നഷ്ടപ്പെടുന്നതിന് അത് കാരണമായിട്ടുണ്ടോ എന്നറിയില്ലെന്നും അവര്‍ പറഞ്ഞു.

മദ്രാസില്‍ തനിക്കൊരു തിക്താനുഭവം ഉണ്ടായിരുന്നുവെന്നും അത് താന്‍ ഇതുവരെ പുറത്ത് പറഞ്ഞിരുന്നില്ല എന്നും പറഞ്ഞുകൊണ്ടാണ് മിന്‍മിനി ഇക്കാര്യം പങ്കുവെച്ചത്. ‘ രാജാ സാറിന്റെ അടുത്ത് എനിക്ക് എന്നും ഒരു പാട്ടുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ അവൈലബിള്‍ ആയിരിക്കണം. വിദ്യാസാഗറിന്റെയും കീരവാണിയുടെയും എസ്.എ.രാജ്കുമാറിന്റെയും അടക്കം ഒരുപാട് പേരുടെ പാട്ടുകള്‍ അന്ന് ഞാന്‍ പാടുന്നുണ്ട്.

ഇതൊന്നും പക്ഷെ രാജാസാറിന് അറിയുമായിരുന്നില്ല. ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ് അദ്ദേഹം ഇതറിയുന്നത്. ഈ പാട്ട് റിലീസായി ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. എ.വി.എം.ആര്‍.ആര്‍ സ്റ്റുഡിയോയില്‍ താലാട്ട് എന്ന സിനിമയുടെ റെക്കോര്‍ഡിങ് നടക്കുകയായിരുന്നു. ടേക്ക് എടുക്കുന്നതിന് മുമ്പ് രാജാസാര്‍ ചെറിയ കറക്ഷന്‍സ് പറഞ്ഞുതരാന്‍ വന്നിരുന്നു. റൂമില്‍ വന്ന് കറക്ഷന്‍സ് പറഞ്ഞു തന്നു.

തിരിച്ച് പോകുമ്പോള്‍ ഡോറിനടുത്ത് വരെ പോയി തിരിച്ച് എന്റെ അടുത്ത് തന്നെ വന്ന് പറഞ്ഞു,’ നീ എന്തിനാണ് അവിടെയും ഇവിടെയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാല്‍ മതി’ അതെനിക്ക് ഭയങ്കര ഷോക്കായി.

ഞാന്‍ അവിടെ നിന്ന് ഭയങ്കരമായി കരഞ്ഞു. മൈക്ക് എല്ലാം ഓണായിരുന്നത് കാരണം എല്ലാവരും കേള്‍ക്കുകയും ചെയ്തു. കീബോര്‍ഡിസ്റ്റായിരുന്ന വിജി മാനുവല്‍ എഴുന്നേറ്റ് വന്ന് എന്നെ ആശ്വസിപ്പിച്ചു. എന്റെ ശബ്ദം പോകാന്‍ മാത്രം കാരണമായ ഒരു സംഭവമാണോ എന്നെനിക്കറിയില്ല. പക്ഷെ എന്റെ ഉള്ളില്‍ അതൊരു വിഷമമായിട്ട് ഇപ്പോഴുമുണ്ട്. അതിന് ശേഷം ഇളയരാജ എന്നെ വിളിച്ചിട്ടില്ല. എന്നോട് അത്രയും വാത്സല്യമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. പക്ഷെ അദ്ദേഹം എന്ത് കൊണ്ട് അന്നങ്ങനെ പറഞ്ഞു എന്നെനിക്കറിയില്ല. അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവര്‍ മോശമായി കരുതരുതെന്നുള്ളത് കൊണ്ടാണ് ഞാന്‍ ഇതുവരെ ഇത് തുറന്ന് പറയാതിരുന്നത്, മിന്‍മിനി പറഞ്ഞു.

content highlights: Singer Minmini on her bad experience with Ilayaraja