20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ ആല്‍ബം ഗാനങ്ങളില്‍ ഒന്നായിരുന്നു ഖല്‍ബാണ് ഫാത്തിമ എന്ന ആല്‍ബത്തിലെ നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം.
താജുദ്ദീന്‍ വടകര എന്ന ഗായകനെ ലോകമറിയുന്നതും ഈയൊരു ഗാനത്തിലൂടെയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ പാട്ട് പാടേണ്ടിയിരുന്ന ആള്‍ താനായിരുന്നെന്ന് പറയുകയാണ് ഗായകന്‍ അഫ്‌സല്‍. ഇക്കാര്യം നേരത്തെ താജുദ്ദീനും പറഞ്ഞിരുന്നു.
ഖല്‍ബാണ് ഫാത്തിമയിലെ ഗാനങ്ങള്‍ പാടാന്‍ കോഴിക്കോട്ടെ സ്റ്റുഡിയോയില്‍ എത്തിയെന്നും നാലോളം ഗാനങ്ങള്‍ പാടിത്തീര്‍ത്തെന്നും അവസാന ഗാനമായാണ് താജുദ്ദീന്‍ നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം തന്നതെന്നും അപ്പോഴേക്കും താന്‍ തളര്‍ന്നിരുന്നെന്നും അഫ്‌സല്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഫ്‌സല്‍.
‘ ഓരോ അരിമണിയിലും അവരവരുടെ പേര് എഴുതിവെച്ചിട്ടുണ്ടെന്ന് പറഞ്ഞപോലെ ആ പാട്ട് പാടാനുള്ള നിയോഗം താജുവിനായിരുന്നു.
ഖല്‍ബാണ് ഫാത്തിമ സംഭവിക്കുന്ന സമയത്ത് താജുവാണ് എന്നെ വിളിക്കുന്നത്. അഫ്‌സല്‍ക്കാ ഞാന്‍ വടകരയുള്ള ഒരു പാട്ടുകാരനാണ്. കുഞ്ഞിമൂസക്കയുടെ മകനാണെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എനിക്ക് മനസിലായി. അദ്ദേഹത്തെ എനിക്ക് അറിയാം. ഒരുപാട് പാട്ടുകള്‍ എഴുതുകയും കമ്പോസ് ചെയ്യുകയും ചെയ്ത ആളാണ്.
ഈ ആല്‍ബത്തില്‍ നല്ല ഒരുപാട് പാട്ടുകളുണ്ടെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കോഴിക്കോട് വെള്ളിമാടുകുന്നുള്ള ഷൈന്‍ സ്റ്റുഡിയോയിലേക്ക് വന്നു.
മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ, ലൈലേ ലൈലേ സ്വര്‍ഗ പൂ മയിലേ, എന്റെ കാതില്‍ എന്നുമെന്നും..കാറ്റുവന്നുപറഞ്ഞിടും, ഹംദും സമദും തുടങ്ങി നാല് പാട്ടുകള്‍ പാടി.
അതിന് ശേഷം താജു വന്നിട്ട് അഫ്‌സല്‍ക്കാ ഒരു മെയിന്‍ പാട്ട് കൂടിയുണ്ട് എന്ന് പറഞ്ഞു. ഈ നാല് പാട്ട് പാടിയപ്പോഴേക്ക് ഞാന്‍ തളര്‍ന്നിരുന്നു.
നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അല്ല, അഫ്‌സല്‍ക്ക പാടൂ എന്നായി അവന്‍. ഞാന്‍ നാലെണ്ണം പാടിയില്ലേ അത് മതിയല്ലോ എന്ന് പറഞ്ഞു. ഞാന്‍ അത് അത്ര ശ്രദ്ധിച്ചില്ലെന്ന് പറയാം.
പിന്നെ അതൊന്നുമല്ല. താജുദ്ദീന്‍ വടകര എന്ന സിംഗറിന് വരാനുള്ള വഴിയാണ് ആ പാട്ട്. അതിലൊന്നും ഒരു സങ്കടവും എനിക്കില്ല. പടച്ചോന്‍ അങ്ങനെ എഴുതിവെച്ചിരിക്കുകയാണ്. താജുവിന് വരാനുള്ള പാട്ടാണ് ഇത് എന്ന്,’ അഫ്‌സല്‍ പറഞ്ഞു.
Content Highlight: Singer Afsal about How He Miss khalbanu fathima Song and Thajudheen Vadakara