വമ്പന്‍ കളക്ഷന്‍ കിട്ടിയ സിനിമകളൊന്നും തിയേറ്ററില്‍ കാണാനാളില്ല, ഈ വര്‍ഷം വിജയിച്ചത് ചെറിയ സിനിമകള്‍: സിമ്രന്‍
Indian Cinema
വമ്പന്‍ കളക്ഷന്‍ കിട്ടിയ സിനിമകളൊന്നും തിയേറ്ററില്‍ കാണാനാളില്ല, ഈ വര്‍ഷം വിജയിച്ചത് ചെറിയ സിനിമകള്‍: സിമ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th December 2025, 5:55 pm

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിലൊരാളാണ് സിമ്രന്‍. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ സിമ്രന് സാധിച്ചു. നായികാവേഷങ്ങളില്‍ മാത്രം തിളങ്ങിയ സിമ്രന്‍ തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകളിലൂടെയാണ് തിളങ്ങുന്നത്. ഈ വര്‍ഷം സിമ്രന്‍ ഭാഗമായ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വിജയം സ്വന്തമാക്കിയിരുന്നു.

ഗലാട്ടാ റൗണ്ട് ടേബിളില്‍ സിമ്രന്‍ Photo: Screen grab/ Galatta Plus

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി, ശശികുമാര്‍ നായകനായ ടൂറിസ്റ്റ് ഫാമിലി എന്നീ സിനിമകള്‍ ഈ വര്‍ഷത്തെ ടോപ് ഗ്രോസ്സര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷം തമിഴില്‍ ഹിറ്റായ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സിമ്രന്‍. ചെറിയ സിനിമകളാണ് ഈ വര്‍ഷം തമിഴില്‍ വിജയിച്ചതെന്ന് താരം പറയുന്നു. ഗലാട്ടാ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.

‘ബോക്‌സ് ഓഫീസിലെ സംഖ്യകളെക്കുറിച്ച് പലരും സംസാരിക്കുന്നത് കണ്ടിട്ട് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ടൂറിസ്റ്റ് ഫാമിലി റിലീസായ സമയത്ത് ആ സിനിമക്ക് നല്ല കളക്ഷനായിരുന്നു. തിയേറ്ററില്‍ പോയിക്കണ്ട മറ്റ് സിനിമകളും ഉണ്ടായിരുന്നു. അതില്‍ ഡ്രാഗണും 3BHKക്കും നല്ല തിരക്കായിരുന്നു ഉണ്ടായിരുന്നത്. അതൊക്കെ താരതമ്യേന ചെറിയ സിനിമകളാണെന്ന് ഓര്‍ക്കണം.

എന്നാല്‍ ഈ വര്‍ഷത്തെ ചില വമ്പന്‍ സിനിമകള്‍ക്ക് ഒരുപാട് കളക്ഷന്‍ കിട്ടിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതെല്ലാം കേട്ട് തിയേറ്ററിലെത്തുന്ന സമയത്ത് ആരും ഇല്ലാത്ത അവസ്ഥയായിരുന്നു. ഈ സിനിമയുടെയൊക്കെ കളക്ഷന്‍ ശരിയാണോ അല്ലയോ എന്ന കാര്യത്തില്‍ എനിക്ക് വലിയ ഉറപ്പൊന്നുമില്ല. ഏതാണ് സത്യമെന്ന് ഇപ്പോഴും ഒരു പിടിയുമില്ല’ സിമ്രന്‍ പറയുന്നു.

താരം ഉദ്ദേശിച്ച വമ്പന്‍ സിനിമകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ വര്‍ഷം വമ്പന്‍ ഹൈപ്പിലെത്തി നിരാശ നല്‍കിയ രജിനി ചിത്രം കൂലി, അജിത്തിന്റെ വിടാമുയര്‍ച്ചി, കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫ് എന്നീ സിനിമകളെയാണ് താരം ഉദ്ദേശിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഏറെക്കാലത്തിന് ശേഷം സിമ്രന്‍ മുഴുനീളവേഷത്തിലെത്തിയ ചിത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലി. ശശികുമാര്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അബിഷന്‍ ജീവിന്താണ്. ഫീല്‍ ഗുഡ് ഴോണറിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കുകയും നിരൂപകര്‍ക്കിടയില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കുകയും ചെയ്തു.

Content Highlight: Simran saying the best movies of 2025 are small movies