അവയവം ദാനം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും: മുഖ്യമന്ത്രി
Kerala
അവയവം ദാനം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2013, 12:08 am

[]കൊച്ചി: അവയവം ദാനം ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ രണ്ടാം ഘട്ട അവയവദാന അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

അവയവദാനത്തില്‍ ഏറെ സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍, ദുരുപയോഗവും തെറ്റായ പ്രവണതകളും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. []

അവയവദാനം മഹത്തായ കര്‍മ്മമാണ്. അതിന് തയ്യാറായി മുന്നോട്ട് വരുന്നവര്‍ക്ക് പല നിയമതടസ്സങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിന് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. അതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫാ. ജേക്കബ് കൊഴുവള്ളില്‍ (വാഴക്കാല), ബെന്നി തോമസ് (ചെമ്മണ്ണാര്‍), ഫാ. സെബാസ്റ്റ്യന്‍ കിടങ്ങതാഴെ (കാഞ്ഞിരപ്പിള്ളി), ടി.വി. ജോര്‍ജ് (വെളിമാനം), സി.എം. ജോസ് (നാലാഞ്ചിറ), എം.എസ്. ജോസഫ് ( ചെല്ലാനം),

സജി തോമസ് (തോടനാല്‍), എസ്.ടി. സിന്ധു (എളമക്കര), ജീനു എ.ജേക്കബ് (മക്കപുഴ), സണ്ണി തോമസ് (ഇരട്ടയാര്‍), ടി.എന്‍. ശശിധരന്‍ ( നോര്‍ത്ത് പറവൂര്‍), ജിനു (പുതുശ്ശേരി മല) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

തിരുവനന്തപുരത്ത് നിന്ന് സാഹസികമായി കരള്‍ എറണാകുളത്തെത്തിച്ച അമൃത ആശുപത്രിയിലെ െ്രെഡവര്‍ ജയപ്രസാദിനെയും ചടങ്ങില്‍ ആദരിച്ചു.

രാധിക (വഴുതക്കാട്), കുമാരി ജോസ് ( നെടുമ്പാശ്ശേരി), സുഗുണരാജന്‍ (ശക്തികുളങ്ങര), ത്രേസ്യാമ്മ (കറുകുറ്റി) എന്നിവരുടെ മരണാനന്തര അവയവദാനത്തിനുള്ള അവാര്‍ഡ് ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ബെന്നി ബഹനാന്‍ എം.എല്‍.എ. അധ്യക്ഷനായി. ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖ്, ഫാ. ഡേവിഡ് ചിറമേല്‍, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ബി. ജയരാജ് എന്നിവര്‍ പങ്കെടുത്തു.