ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് അദ്ദേഹം: സൈമൺ ഡൗൾ
ശ്രീരാഗ് പാറക്കല്‍
Thursday, 22nd January 2026, 11:34 am
ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച റിങ്കു സിങ്ങിനെ പ്രശംസിച്ച് മുൻ ന്യൂസിലാൻഡ് താരവും ക്രിക്കറ്റ് കമൻ്റേറ്ററുമായ സൈമൺ ഡൗൾ. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് റിങ്കു സിങ് എന്ന് സൈമൺ പറഞ്ഞു. ഐ.പി.എല്ലിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന് ഇന്ത്യൻ ടീമിൽ എത്തിയശേഷം അധികം മത്സരങ്ങൾ ലഭിച്ചില്ലെന്ന് സൈമൺ വിമർശിച്ചു. മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിൽ അസാധാരണമായ കഴിവുള്ള താരമാണ് റിങ്കുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘കളിയിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് റിങ്കു സിങ്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് ഐ.പി.എല്ലിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇന്ത്യയ്ക്കായി വേണ്ടത്ര ടി20 ക്രിക്കറ്റ് അദ്ദേഹം കളിച്ചിട്ടില്ലെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. അദ്ദേഹം ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതായിരുന്നു, അദ്ദേഹം 100 മത്സരങ്ങളെങ്കിലും കളിക്കേണ്ടതായിരുന്നു.

സൈമൺ ഡൗൾ Photo: Wion
ഫിനിഷിങ് റോളിൽ റിങ്കുവിനെ പിന്തുണയ്ക്കേണ്ടതുണ്ട്, കാരണം അദ്ദേഹം അതിൽ അസാധാരണനാണ്. ഉയരം ഇല്ലാതിരുന്നിട്ടും, അദ്ദേഹം അത്രയേറെ ശക്തനാണ്. ഡെത്ത് ഓവർ സമയത്ത് അദ്ദേഹത്തിന് എതിരെ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്, ഡൗൾ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഏഴാമനായി ഇറങ്ങിയ റിങ്കു സിങ് 20 പന്തിൽ നിന്ന് 44* റൺസ് നേടി പുറത്താകാതെയാണ് മിന്നും പ്രകടനം നടത്തിയത്. മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 220 എന്ന കിടിലൻ സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഫിനിഷിങ് റോളിൽ ഇന്ത്യയ്ക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് റിങ്കു. പല മുൻ താരങ്ങളും റിങ്കുവിന്റെ പ്രകടന മികവുകൊണ്ട് ഇതിഹാസ താരം എം.എസ്. ധോണിയുമായി റിങ്കുവിനെ താരതമ്യപ്പെടുത്തിയിരുന്നു.

റിങ്കു സിങ് Photo: Screen grab
അതേസയം ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയെടുത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
മറുപടിക്കിറങ്ങിയ കിവീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്. 35 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. 240 സ്ട്രൈക്ക് റേറ്റിലായിരുന്നു കിവികള്‍ക്ക് എതിരെ താരത്തിന്റെ താണ്ഡവം.

അഭിഷേകിനും റിങ്കു സിങ്ങിനും പുറമേ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും ഹര്‍ദിക് പാണ്ഡ്യ 25 റൺസും സംഭാവന ചെയ്തു. സഞ്ജു സാംസണ് അടക്കമുള്ള താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കിവീസിനായി ജേക്കബ് ഡഫിയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ക്രിസ് ക്ലാര്‍ക്ക്, മിച്ചല്‍ സാന്റ്നര്‍, ഇസ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ ഗ്ലെന്‍ ഫിലിപ്സ് (40 പന്തില്‍ 78), മാര്‍ക്ക് ചാപ്മാന് (24 പന്തില്‍ 39) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു ടീമിന്റെ വിജയത്തില്‍ പങ്കാളികളായി.
Content Highlight: Simon Doull appreciating Rinku Singh’s batting



