എഡിറ്റര്‍
എഡിറ്റര്‍
രോഹിത് വെമുല നവബ്രാഹ്മണ്യത്തിന്റെ ഇരയെന്ന് സൈമണ്‍ ബ്രിട്ടോ
എഡിറ്റര്‍
Monday 15th February 2016 9:54am

simon-britto

തൃശൂര്‍: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുല നവബ്രാഹ്മണ്യത്തിന്റെ ഇരയെന്ന് മുന്‍ എം.എല്‍.എ സൈമണ്‍ ബ്രിട്ടോ. സംഘപരിവാര്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്ന നവബ്രാഹ്മണ്യത്തിനെതിരെ യുദ്ധം ചെയ്യണമെന്നും ബ്രിട്ടോ പറഞ്ഞു.

സമത്വം, സാഹോദര്യം എന്നിവ ഭരണഘടനയുടെ ആമുഖത്തില്‍ മാത്രമേയുള്ളൂ എന്നും രാജ്യത്ത് മതനിരപേക്ഷതയ്കുവേണ്ടിയുള്ള നിയമങ്ങളൊന്നും തന്നെ എഴുതിവെച്ചിട്ടില്ലെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു. കേരളീയ സമൂഹത്തിന് മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളാനുള്ള മനസ്് നഷ്ടപ്പെട്ടു. മതനിരപേക്ഷത എന്നത് മറ്റു വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതിലൂടെ കൂടിയാണ് സാധ്യമാകുന്നത്. ബ്രിട്ടോ പറഞ്ഞു.

സ്വാമി വിവേകാനന്ദന്‍ ബ്രാഹ്മണിസത്തിന് ഒരിക്കലും എതിരായിരുന്നില്ലെന്നും അനുകൂല നിലപാടാണ് എന്നും സ്വീകരിച്ചതെന്നും ബ്രിട്ടോ പറഞ്ഞു. നവോത്ഥാനത്തെ തടസ്സപ്പെടുത്തിയ വിവേകാനന്ദനെ ഉയര്‍ത്തിക്കാട്ടുകയും ബ്രാഹ്മണ്യത്തിനെതിരുനിന്ന ബാസവയ്യയെ അവഗണിക്കുകയുമായിരുന്നു സമൂഹം എന്ന് ഇദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ ഒരു മത നിരപേക്ഷവാദിയായി കണക്കാക്കാന്‍ കഴിയില്ലെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു.

തൃശൂര്‍ സെക്യൂലര്‍ ഫോറം സംഘടിപ്പിച്ച ‘കേരളത്തിനൊരു സെക്യൂലര്‍അജണ്ട’ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സൈമണ്‍ ബ്രിട്ടോ. ചടങ്ങില്‍ ‘കേരളത്തിനൊരു സെക്യൂലര്‍അജണ്ട’ കരട് സമീപനരേഖ അദ്ദേഹം പ്രകാശനം ചെയ്തു.

Advertisement