ലോകകപ്പ് സെമിയിലെ തോല്‍വിക്ക് കാരണം കോഹ്‌ലിയുടെ ധാര്‍ഷ്ഠ്യം: സിമ്മണ്‍സ്
Daily News
ലോകകപ്പ് സെമിയിലെ തോല്‍വിക്ക് കാരണം കോഹ്‌ലിയുടെ ധാര്‍ഷ്ഠ്യം: സിമ്മണ്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2016, 8:22 pm

simmons

ന്യൂദല്‍ഹി: ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കാരണമായ ഇന്നിംഗ്‌സ് കളിക്കുന്നതിന് പ്രചോദനമായത് വിരാട് കോഹ്‌ലിയുടെ ധാര്‍ഷ്ഠ്യം നിറഞ്ഞ വാക്കുകളെന്ന് വിന്‍ഡീസ് താരം ലെന്‍ഡല്‍ സിമ്മണ്‍സ്. മല്‍സരത്തിനിടെ വിരാട് കോഹ്ലി തന്നോട് പറഞ്ഞ ധാര്‍ഷ്ഠ്യം നിറഞ്ഞ വാക്കുകള്‍ വാശിയോടെ കളിക്കാന്‍ പ്രചോദനമായെന്ന് മത്സരത്തില്‍ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട സിമ്മണ്‍സ് വെളിപ്പെടുത്തി. ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് സിമ്മണ്‍സ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ ഫീല്‍ഡ് ചെയ്യുന്ന സമയത്ത് വിരാട് കോഹ്‌ലി എന്നെ പ്രകോപിപ്പിക്കാന്‍ എന്തോ പറഞ്ഞു. അതോടെ, കോഹ്‌ലി മാത്രമല്ല ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനെന്ന് തെളിയിക്കാന്‍ ഞാന്‍ മനസിലുറപ്പിച്ചു സിമ്മണ്‍സ് പറഞ്ഞു. കോഹ്‌ലി എപ്പോഴും അങ്ങനെയാണ്. ഫീല്‍ഡ് ചെയ്യുമ്പോഴും ബാറ്റു ചെയ്യുമ്പോഴുമെല്ലാം കോഹ്‌ലി അങ്ങനെ തന്നെ. കോഹ്‌ലിയുടെ ഈ പെരുമാറ്റം ഞങ്ങള്‍ക്ക് എങ്ങനെയങ്കിലും ജയിച്ചേ മതിയാകൂ എന്ന ധാരണ കളിക്കാരിലുണ്ടാക്കി സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

ട്വന്റി20 ലോകകപ്പ് സെമിയില്‍ 47 പന്തില്‍ കോഹ്‌ലി പുറത്താകാതെ നേടിയ 89 റണ്‍സിന്റെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസ് 51 പന്തില്‍ 82 റണ്‍സെടുത്ത സിമ്മണ്‍സിന്റെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തുടര്‍ന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി ലോകകിരീടവുമായാണ് വിന്‍ഡീസ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്.