നിവിന് പരിചിതനായ പ്രഭേന്ദു; ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം കെട്ടിപ്പടുത്ത താരവും കഥാപാത്രവും
Malayalam Cinema
നിവിന് പരിചിതനായ പ്രഭേന്ദു; ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം കെട്ടിപ്പടുത്ത താരവും കഥാപാത്രവും
അശ്വിന്‍ രാജേന്ദ്രന്‍
Friday, 20th February 2026, 8:45 am

 

സമീപകാലത്ത് മലയാളത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. തിയേറ്ററില്‍ നിന്നും 150 കോടിയോളം നേടി മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയായിരുന്നു. ഡെലൂലുവായി വേഷമിട്ട റിയ ഷിബുവിന് തമിഴ് താരജോഡികളായ സൂര്യയും ജ്യോതികയും ചിത്രത്തിലെ പ്രകടനത്തിന് അഭിനന്ദനമറിയിച്ച് കത്തയച്ചതടക്കം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാര്യപ്പെട്ട പ്രൊമോഷനോ ട്രെയ്‌ലറോ ഇല്ലാതെ തിയേറ്ററുകളിലെത്തിയ സര്‍വ്വം മായയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം നിവിന്‍ പോളിയെന്ന പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്നു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മികച്ച പ്രകടനവുമായി നിവിന്‍ എത്തിയതോടെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി സര്‍വ്വം മായ മാറുകയായിരുന്നു. നിവിന്‍ എന്ന നടനിലെ എന്റര്‍ടെയിനറെ എല്ലാ വിധത്തിലും ഉപയോഗിച്ച കഥാപാത്രമായിരുന്നു ചിത്രത്തിലെ പ്രഭേന്ദു.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്. Photo: Mabumbe

സമ്പന്നമായ ഒരു നമ്പൂതിരി ഇല്ലത്ത് ജനിച്ച് വളര്‍ന്ന്, എന്നാല്‍ തന്റെ അമ്മയുടെ മരണ ശേഷം ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് വീടുവിട്ടിറങ്ങുന്ന പ്രഭേന്ദുവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. പൂജാവിധികളില്‍ ഏര്‍പ്പെടാതെ മാറി താമസിക്കുന്ന പ്രഭേന്ദു ഏറെക്കാലത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തുന്നുണ്ട്. തന്റെ നിത്യ ചെലവുകള്‍ക്ക് പണമില്ലാതെ അച്ഛനോട് 200 രൂപ കടം ചോദിക്കുന്നിടത്താണ് പ്രഭേന്ദു എന്ന ചെറുപ്പക്കാരന്‍രെ യഥാര്‍ത്ഥ അവസ്ഥ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നത്.

എന്നാല്‍ നിവിന്‍ പോളി എന്ന വ്യക്തിക്ക് പ്രഭേന്ദു എന്ന ചെറുപ്പക്കാരന്റെ ജീവിതാവസ്ഥ പെട്ടെന്ന് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും എന്നതില്‍ സംശയമില്ല. വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നിവിന്‍ സിനിമയിലെത്തുന്നതിന് മുമ്പ് തനിക്ക് കടന്നു പോകേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് പല അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു.

തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ തന്നെ ഇന്‍ഫോസിസ് പോലെ നല്ലൊരു കമ്പനിയില്‍ ജോലിക്ക് കയറിയ നിവിന് പക്ഷേ ഇതല്ല താന്‍ ചെയ്യേണ്ടത് എന്ന വ്യക്തമായ ധാരണയുണ്ടായിരുന്നു. കഷ്ടിച്ച് രണ്ട് വര്‍ഷം ജോലി ചെയ്ത താരം ഇനിയെന്ത് എന്ന ഉത്തരമില്ലാതെയാണ് ഇവിടെ നിന്നും രാജിവെക്കുന്നത്. പിന്നീടുള്ള രണ്ട് വര്‍ഷം വീട്ടുകാരുടെ ചെലവില്‍ കഴിയേണ്ടി വന്നപ്പോള്‍ സര്‍വ്വം മായയില്‍ പ്രഭേന്ദു കടന്നുപോയ വഴികളിലൂടെ ഏതൊരു ചെറുപ്പക്കാരനെയും പോലെ നിവിനും കടന്നുപോയിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല.

നിവിനും അജു വര്‍ഗീസും . Photo: Filmibeat

സര്‍വ്വം മായയില്‍ പ്രഭേന്ദുവിന്റെ ജീവിതത്തിലേക്ക് ഡെലൂലു എന്ന നിരുപദ്രവകാരിയായ ആത്മാവ് കടന്നെത്തുമ്പോള്‍ താനറിയാതെ തന്നെ പ്രഭേന്ദുവിന്റെ ജീവിതം മാറുകയായിരുന്നു. ജോലി രാജിവെച്ചതിന് ശേഷം ഇരുപത്തിമൂന്നാം വയസു മുതല്‍ ഇരുപത്തിയഞ്ച് വയസ് വരെയുള്ള രണ്ട് വര്‍ഷത്തിനിടക്ക് അല്‍ഫോണ്‍സിനെ പോലെയുള്ള സിനിമാ പ്രേമികളെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്നും നിവിന്‍ പറഞ്ഞിരുന്നു. പിന്നീട് വിനീതിന്റെ മലര്‍വാടിയിലേക്കുള്ള ഒഡിഷന് മുമ്പ് കാലൊടിഞ്ഞ് കിടപ്പിലായപ്പോള്‍ നീട്ടിവളര്‍ത്തിയ താടി പ്രകാശന്‍ എന്ന കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്യുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും താരം നേരത്തേ പറഞ്ഞിരുന്നു.

അന്ന് ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളില്‍ നിന്നും ഒരു സിനിമക്ക് ശേഷം നിവിന്‍ എന്ന വ്യക്തിയുടെ ജീവിതം മാറിമറിയുന്നതും മെച്ചപ്പെടുന്നതും ഒരു മായ പോലെ മാത്രമേ ഓര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. സര്‍വ്വം മായയില്‍ പ്രഭേന്ദു തന്റെ അച്ഛനോട് ചായ കുടിക്കാന്‍ ഇരുനൂറ് രൂപ ചോദിക്കുമ്പോള്‍ ഫ്‌ളാസ്‌കില്‍ ചായയാക്കി നല്‍കുന്നത് തമാശയാണെങ്കിലും പ്രഭേന്ദുവിന്റെ നിസഹായവസ്ഥ വെളിവാക്കുന്ന രംഗമാണിത്. ഇവിടെ നിന്നും ചിത്രത്തിന്റെ അവസാന ഭാഗത്ത് പ്രഭേന്ദുവിന്റെ ജീവിതം മാറിമറിയുന്നത് വരെ നിവിന്‍ പോളിയുടെ ജീവിതത്തിന്റെ പകര്‍പ്പെന്നോണം പ്രേക്ഷകന് തോന്നിയേക്കാം.

Content Highlight: Similarity between Nivin Pauly and prabendhu in sarvam maya movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.