ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരാണ് കമല്‍ ഹാസനും സൂര്യയും. സിനിമയെ വെറും എന്റര്‍ടൈന്മെന്റായി മാത്രം കാണാതെ ഓരോ സിനിമയെയും തന്നിലെ നടനുള്ള വെല്ലുവിളിയായി സ്വീകരിക്കുന്നവരാണ് ഇരുവരും. കമല്‍ ഹാസനെപ്പോലെ വേഴ്‌സറ്റാലിറ്റിയുള്ള നടനായാണ് പലരും സൂര്യയെ കണക്കാക്കിയത്. എന്നാല്‍ ഇരുവരുടെയും കരിയറിലെ ഒരു സാമ്യതയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.
നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാത്ത 13 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ 200 കോടിയോളം നേടിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടാനും ചിത്രത്തിന് സാധിച്ചു.
സൂര്യയുടെ കരിയറിലെ ഗംഭീര പെര്‍ഫോമന്‍സൊന്നുമല്ല കറുപ്പില്‍. സൂര്യയിലെ അഭിനേതാവിന് വെല്ലുവിളിയാകുന്ന വലിയ സീനുകളും ചിത്രത്തിലില്ല. സൂരറൈ പോട്ര്, വാരണം ആയിരം, 24 പോലുള്ള പെര്‍ഫോമന്‍സൊന്നും ഈ ചിത്രത്തിന് ആവശ്യമില്ല. സൂര്യ എന്ന സ്റ്റാറിനെ മാക്‌സിമം ഉപയോഗിച്ചിട്ടുണ്ട്. അതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവും.
ഏറെക്കുറെ ഇതേ അവസ്ഥയാണ് കമല്‍ ഹാസന്റെ കാര്യത്തിലും 2018ല്‍ വിശ്വരൂപം 2ന് ശേഷം സിനിമയില്‍ നിന്ന് കമല്‍ ഹാസന്‍ ഇടവേളയെടുത്തിരുന്നു. ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് പലരും വിധിയെഴുതിയ സമയത്തായിരുന്നു കമല്‍ ഹാസന്റെ ഫാന്‍ബോയ് ലോകേഷ് കനകരാജ് അദ്ദേഹത്തെ നായകനാക്കി വിക്രം ഒരുക്കിയത്.
കമല്‍ ഹാസന്‍ എന്ന സ്റ്റാര്‍ ആരായിരുന്നു എന്ന് സിനിമാലോകത്തിന് ലോകേഷ് വിക്രത്തിലൂടെ ഒരിക്കല്‍ കൂടി കാണിച്ചുകൊടുത്തു. സ്‌ക്രീനിലെത്തുന്ന ഓരോ സീനിലും കമല്‍ ഹാസന്‍ അഴിഞ്ഞാടുകയായിരുന്നു. തന്റെ ഇഷ്ടനടനെ താന്‍ കാണാനാഗ്രഹിച്ച രീതിയില്‍ ലോകേഷ് മാനിഫെസ്റ്റ് ചെയ്തപ്പോള്‍ പിറന്നത് തമിഴിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ കംബാക്കായിരുന്നു വിക്രത്തിലൂടെ കമല്‍ ഹാസന്‍ നടത്തിയത്. ഇതിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ സൂര്യയുടെയും കംബാക്ക്. 13 വര്‍ഷത്തിനിടക്ക് പല തരത്തിലുള്ള ഴോണറുകള്‍ സൂര്യ പരീക്ഷിച്ചിരുന്നു. എന്നാല്‍ അതില്‍ പലതും പാളുകയായിരുന്നു. ഒടുവില്‍ ആര്‍ക്കും വലിയ പ്രതീക്ഷയില്ലാതിരുന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസില്‍ ഗംഭീര തിരിച്ചുവരവ് സൂര്യ നടത്തിയിരിക്കുകയാണ്.
കമല്‍ ഹാസന്റെ തിരിച്ചുവരവിന് കാരണമായ വിക്രത്തില്‍ സൂര്യയുടെ സാന്നിധ്യമുണ്ടായിരുന്നതും ശ്രദ്ധേയമായിരുന്നു. വിക്രത്തില്‍ കമല്‍ ഹാസന്‍, ഫഹദ്, വിജയ് സേതുപതി എന്നിവരെല്ലാം വന്ന് സ്‌കോര്‍ ചെയ്ത് പോയപ്പോള്‍ ക്ലൈമാക്‌സില്‍ വെറും അഞ്ച് മിനിറ്റ് കൊണ്ട് സൂര്യ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലായിരുന്നു. റോളക്‌സ് എന്ന കഥാപാത്രത്തിന് ഇന്നും ഗംഭീര ഫാന്‍ ബേസാണ്. കമല്‍ ഹാസന്റെയും അദ്ദേഹത്തിന്റെ ഫാന്‍ ബോയ്‌യടെയും തിരിച്ചുവരവ് ആരാധകര്‍ക്ക് വിരുന്ന് തന്നെയാണ്.
Content Highlight: Similarities in Suriya and Kamal Haasan’s comeback