ആഷസ് പരമ്പരയിലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1 എന്ന മാര്‍ജിനില്‍ വിജയിക്കാനും കങ്കാരുക്കള്‍ക്കായി.
സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയുടെ അവസാന മത്സരം കൂടിയായിരുന്നു സിഡ്‌നിയിലെ പിങ്ക് ടെസ്റ്റ്. കങ്കാരുക്കള്‍ക്കായി തന്റെ 88ാം മത്സരത്തില്‍ കളത്തിലിറങ്ങിയ ഇടംകയ്യന്‍ ബാറ്റര്‍ പരമ്പര വിജയത്തോടെ ബാഗി ഗ്രീന്‍ അഴിച്ചുവെക്കുകയായിരുന്നു.
എന്നാല്‍ പടിയിറക്കത്തില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 49 പന്ത് നേരിട്ട് 17 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ ആറ് റണ്‍സിനും പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ബ്രൈഡന്‍ കാര്‍സും രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ടംഗുമാണ് താരത്തെ പുറത്താക്കിയത്.
വിരമിക്കല്‍ മത്സരത്തില്‍ താരത്തിന് തിളങ്ങാന്‍ സാധിക്കാതെ പോയതോടെ വിരാട് കോഹ്‌ലിയുടെ അവസാന ടെസ്റ്റ് മത്സരവുമായുള്ള സാമ്യത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
കൃത്യമായ വിടവാങ്ങല്‍ മത്സരം പോലും ലഭിക്കാതെയാണ് വിരാട് കോഹ്‌ലി അന്താരാഷ്ട്ര റെഡ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വിരാട് അവസാനമായി കളത്തിലിറങ്ങിയത്.
2025 ജനുവരിയില്‍ സിഡ്‌നിയില്‍ നടന്ന പിങ്ക് ടെസ്റ്റിലാണ് വിരാട് അവസാന ടെസ്റ്റ് കളിച്ചത്. ഖവാജയാകട്ടെ 2026 ജനുവരിയില്‍ സിഡ്‌നിയില്‍ നടന്ന പിങ്ക് ടെസ്റ്റിലും. ഇവിടെകൊണ്ടും അവസാനിച്ചിട്ടില്ല, അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വിരാട് 17 റണ്‍സാണ് നേടിയത്. രണ്ടാം ടെസ്റ്റിലാകട്ടെ ആറ് റണ്‍സും. ഇതിന്റെ ഡിറ്റോയാണ് ഖവാജയുടെ ഇന്നിങ്‌സ് എന്നതും ശ്രദ്ധേയമാണ്.
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തില്‍ 384 റണ്‍സെടുത്തപ്പോള്‍ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറികളിലൂടെയാണ് ഓസീസ് മറുപടി നല്‍കിയത്. ഒന്നാം ഇന്നിങ്‌സ് ലീഡും ആതിഥേയര്‍ സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ 567 റണ്‍സടിച്ച ഓസീസ് 183 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് നേടിയത്.
ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ജേകബ് ബേഥലിന്റെ സെഞ്ച്വറിയാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 256 പന്ത് നേരിട്ട താരം 154 റണ്‍സ് നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ബേഥലിന്റെ ആദ്യ സെഞ്ച്വറിയാണിത്.
എന്നാല്‍ ടീമിലെ മറ്റുള്ളവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് തകര്‍ന്നു. സന്ദര്‍ശകര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം അനായാസം കങ്കാരുപ്പട മറികടക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ മിച്ചല്‍ സ്റ്റാര്‍ക് നയിച്ച ബൗളിങ് യൂണിറ്റാണ് സിഡ്നി ടെസ്റ്റും ഓസീസിന് സമ്മാനിച്ചത്. സ്റ്റാര്‍ക്കിന് പുറമെ മൈക്കല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട്, ബ്യൂ വെബ്സ്റ്റര്‍ എന്നിവരും ബൗളിങ്ങില്‍ തിളങ്ങി.
Content Highlight: Similarities between Usman Khawaja and Virat Kohli’s final Test innings