ഹോളിവുഡില്‍ നിന്ന് പല സിനിമകളും ഇന്ത്യയിലേക്ക് കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്ത് പലര്‍ക്കും ഇക്കാര്യത്തില്‍ അറിവില്ലായിരുന്നെങ്കിലും ഇന്ന് എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുന്നതിനാല്‍ എളുപ്പം പിടിക്കപ്പെടുമെന്ന അവസ്ഥയാണ്. ഏതെങ്കിലും സീന്‍ കോപ്പിയടിച്ചിട്ടുണ്ടോ എന്നത് റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം കണ്ടുപിടിക്കാനാകും.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഹോളിവുഡ് കോപ്പിയടിച്ചിട്ടുണ്ടെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോയിലെ രംഗം കോപ്പിയടിച്ചത് ലോകമെമ്പാടും ആരാധകരുള്ള ഡി.സി. കോമിക്‌സാണ്. ഡി.സിയുടെ മികച്ച സീരീസുകളിലൊന്നായ പീസ്‌മേക്കറിലെ പുതിയ എപ്പിസോഡിലെ രംഗവും റെട്രോയുടെ ഇന്റര്‍വെല്‍ സീനും ഒരുപോലെയാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പീസ്‌മേക്കറിന്റെ രണ്ടാം സീസണിലെ ഏഴാമത്തെ എപ്പിസോഡിലാണ് കോപ്പിയടിയുള്ളതായി ആരോപിക്കുന്നത്. ജോണ്‍ സീന അവതരിപ്പിക്കുന്ന പീസമേക്കറും ജെനിഫര്‍ ഹോളണ്ടിന്റെ എമിലിയയും ബൈക്കില്‍ പോകുന്ന സീന്‍ റെട്രോയുടെ ഇന്റര്‍വെലിന്റെ കോപ്പിയാണ്. ഓരോ ഷോട്ടും ഒരുപോലെയാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്.
ഷോട്ട് ഡിവിഷനും ക്യാമറ ആംഗിളും വരെ ഒരുപോലെയാണ് രണ്ട് രംഗങ്ങളിലും. രണ്ട് രംഗങ്ങളും ഒരുമിച്ച് വെച്ച് ഒരു വീഡിയോയാക്കിയത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിഖ്യാത സംവിധായകന്‍ ജെയിംസ് ഗണ്‍ കാര്‍ത്തിക് സുബ്ബരാജിനെ കോപ്പിയടിച്ചെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ആദ്യമായാണ് ഹോളിവുഡിലുള്ളവര്‍ ഇന്ത്യന്‍ സിനിമയെ ഇങ്ങനെ കോപ്പിയടിക്കുന്നത് കാണുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇത് കോപ്പിയടിയല്ലെന്നാണ് മറ്റ് ചിലരുടെ വാദം. പീസ്‌മേക്കറിന്റെ ഷൂട്ട് നേരത്തെ കഴിഞ്ഞതാണെന്നും റെട്രോ റിലീസായപ്പോഴേക്ക് ജെയിംസ് ഗണ്‍ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നും ഇവര്‍ വാദിക്കുന്നു. അറിയാതെ വന്ന സാമ്യമായിരിക്കാം ഇതെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു. എന്നാലും ഇത്രയും സാമ്യത വരുമെന്ന് എങ്ങനെയാകുമെന്നാണ് മറുചോദ്യം.
പീസ്‌മേക്കര്‍ ആദ്യം റിലീസ് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ റെട്രോ എയറിലായേനെയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഹോളിവുഡില്‍ നിന്ന് കോപ്പിയടിച്ചാലാണ് പ്രശ്‌നമെന്നും അവര്‍ കോപ്പിയടിച്ചാല്‍ ആരും മിണ്ടില്ലെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. ജെയിംസ് ഗണ്ണിന് ഇന്ത്യന്‍ സിനിമകള്‍ ഇഷ്ടമായതുകൊണ്ടാണ് കോപ്പിയടിച്ചതെന്നും ഒരുകൂട്ടമാളുകള്‍ പരിഹസിക്കുന്നുണ്ട്.
Content Highlight: Similarities between Retro movie and Peacemaker series discussing