മെസഞ്ചറുകളെ നിശ്ചലമാക്കുന്ന സിം ബൈന്‍ഡിങ്; സഞ്ചാര്‍ സാഥിയേക്കാള്‍ വലിയ ഭീഷണി നിശബ്ദമായി നടപ്പാക്കാന്‍ കേന്ദ്രം; മുന്നറിയിപ്പുമായി ഐ.ടി ആക്ടിവിസ്റ്റ്
Kerala
മെസഞ്ചറുകളെ നിശ്ചലമാക്കുന്ന സിം ബൈന്‍ഡിങ്; സഞ്ചാര്‍ സാഥിയേക്കാള്‍ വലിയ ഭീഷണി നിശബ്ദമായി നടപ്പാക്കാന്‍ കേന്ദ്രം; മുന്നറിയിപ്പുമായി ഐ.ടി ആക്ടിവിസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd December 2025, 7:32 pm

സഞ്ചാര്‍ സാത്തി ആപ്പ് രാജ്യത്തെ മൊബൈല്‍ ഫോണുകളില്‍ ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്മാറിയെങ്കിലും മറ്റൊരു വലിയ ഭീഷണി മുന്നിലുണ്ടെന്ന് ഓര്‍മിപ്പിച്ച് ഐ.ടി ആക്ടിവിസ്റ്റ് അനിവര്‍ അരവിന്ദ്.

‘സഞ്ചാര്‍ സാഥി ആപ്പ് പിന്‍വലിക്കുകയല്ലാതെ കേന്ദ്രത്തിന് മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത വലിയ സ്വപ്‌നങ്ങള്‍ വിറ്റഴിക്കുന്ന ഒരു ഉദ്യോഗസ്ഥ ചടങ്ങായിരുന്നു കേന്ദ്രത്തിന്റെത്. എന്നാല്‍ സഞ്ചാര്‍ സാത്തിക്കൊപ്പമോ അതിലും വലിയ ഭീഷണിയായതോ ആയ മറ്റൊരു ഭീഷണി കേന്ദ്രം ചര്‍ച്ചകളൊന്നുമില്ലാതെ നിശബ്ദമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്,’

സിം ബൈന്‍ഡിങ് (SIM Binding) എന്ന ഏതൊരു മെസഞ്ചര്‍ ആപ്പിനും പൂട്ടിടുന്ന സാങ്കേതിക വിദ്യയെ കുറിച്ചാണ് അനിവറിന്റെ മുന്നറിയിപ്പ്. സ്വകാര്യതയെ ലംഘിക്കുന്ന സഞ്ചാര്‍ സാഥിയെക്കാള്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സിം ബൈന്‍ഡിങ്ങിന് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സിം ബൈന്‍ഡിങ് പ്രത്യേക ആപ്പില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. സിഗ്‌നലോ, ടെലഗ്രാമോ, വാട്സ്ആപ്പോ ഉപയോഗിക്കുന്ന മെസഞ്ചര്‍ ആപ്പ് ഏതായാലും ഈ നിര്‍ദേശം നടപ്പിലായാല്‍ ഒരു പോലെ ഭീഷണിയിലാവുമെന്നാണ് അനിവര്‍ വിശദീകരിക്കുന്നത്.

സൈബര്‍ തട്ടിപ്പുകള്‍ തടയാനെന്ന പേരില്‍ ടെലികോം വകുപ്പ് മുന്നോട്ട് വെക്കുന്ന 6 മണിക്കൂര്‍ ഓട്ടോ-ലോഗൗട്ട്, സിം ബൈന്‍ഡിങ് തുടങ്ങിയ നിര്‍ദേശങ്ങളാണ് സിം ബൈന്‍ഡിങ്ങിലുള്ളത്. ഇത് ഡിജിറ്റല്‍ ആശയവിനിമയത്തെ തന്നെ തകര്‍ക്കുന്നതാണ്.

സഞ്ചാര്‍ സാഥി ആപ്പ്
Photo: sancharsaathi.gov

സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ഏത് മെസഞ്ചര്‍ ഉപയോഗിക്കണം, അത് ഏത് ഡിവൈസില്‍ (ഫോണ്‍/ലാപ്‌ടോപ്പ്) ഉപയോഗിക്കണം എന്നത് ഉപയോക്താവിന്റെ തീരുമാനമാണ്. സിം കാര്‍ഡ് ഇല്ലാത്ത ഡിവൈസില്‍ മെസഞ്ചര്‍ പ്രവര്‍ത്തിക്കില്ല എന്നത് സാങ്കേതികവിദ്യയെ പിന്നോട്ട് നടത്തുന്നതാണെന്നും അനിവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.

പൗരനോടുള്ള അവിശ്വാസം ഉറപ്പിക്കുന്നതാണ് ഈ നിര്‍ദേശം. വിദേശത്ത് പോയി ലോക്കല്‍ സിം ഇട്ടാല്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ഏതായാലും അത് നിശ്ചലമാകും. ‘മൊബിലിറ്റി’ അഥവാ സഞ്ചാരത്തെ ഇത് സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്നും ഇതോടെ മള്‍ട്ടി-ഡിവൈസ് സൗകര്യം നഷ്ടമാകുമെന്നും
വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ കമ്പ്യൂട്ടറിലോ ഒന്നിലധികം ഫോണുകളിലോ ഉപയോഗിക്കുന്ന രീതിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറയുന്നു.

ജോലിക്കും പഠനത്തിനും മറ്റും ലാപ്‌ടോപ്പുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് അസാധ്യമാക്കുന്നതാണ് ഈ നീക്കം. മെസഞ്ചര്‍ പ്രവര്‍ത്തിക്കാന്‍ സിം കാര്‍ഡ് എന്ന ഹാര്‍ഡ്വെയര്‍ നിര്‍ബന്ധമാക്കുന്നതോടെ, ഇതൊരു ‘പ്രൊപ്രൈറ്ററി കെ.വൈ.സി’ സംവിധാനമായി മാറും. തേര്‍ഡ് പാര്‍ട്ടി ക്ലയന്റുകള്‍ക്കും ഓപ്പണ്‍ സോഴ്‌സ് ആപ്പുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാതാകും.

സുതാര്യമായ പരിശോധനകള്‍ക്ക് അവസരം നല്‍കാത്ത, അടച്ചുപൂട്ടപ്പെട്ട സാങ്കേതികവിദ്യകള്‍ക്കുള്ളില്‍ ജനങ്ങളെ തളച്ചിടാനേ ഇത് ഉപകരിക്കൂവെന്നും അനിവര്‍ പറഞ്ഞു.

സാങ്കേതികവിദ്യയുടെ പേരില്‍ ജനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരോഗ്യ സേതു ആപ്പിലൂടെ കോവിഡ് കാലത്ത് നടത്തിയിരുന്നു. അന്ന് താനതിനെതിരെ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് പൗരന്റെ അനുവാദമില്ലാതെ വിവരങ്ങള്‍ ചോര്‍ത്തരുതെന്നും ആപ്പ് നിര്‍ബന്ധമാക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വിധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്റര്‍നെറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്നോ മനസിലാക്കാതെ ടെലികോം വകുപ്പ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അപകടകരമാണ്. സഞ്ചാര്‍ സാത്തി വിഷയത്തിലെന്ന പോലെ സിം ബൈന്‍ഡിങ്ങെന്ന ഏത് മെസഞ്ചറിനെയും കൂച്ചുവിലങ്ങിടുന്ന ഈ വിചിത്ര ഉത്തരവിനെതിരെയും ഇതേ ജാഗ്രത പൊതുജനം കാണിക്കേണ്ടതുണ്ടെന്ന് അനിവര്‍ പറഞ്ഞു.

അനിവര്‍ അരവിന്ദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സഞ്ചാര്‍ സാഥി നിര്‍ബന്ധിത പ്രീ ഇന്‍സ്റ്റാള്‍ പിന്‍വലിച്ചു; പക്ഷെ ‘സിം ബൈന്‍ഡിങ്’ വഴി ഏത് മെസഞ്ചറിനും പൂട്ടു വീഴാം
ഞാനിപ്പോള്‍ ഈയാഴ്ച ഫിലാഡല്‍ഫിയയിലാണ്. കഴിഞ്ഞ രാത്രി അപ്രതീക്ഷിതമായാണ് നാട്ടിലെ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും കോളുകള്‍ വരാന്‍ തുടങ്ങിയത്. ‘സഞ്ചാര്‍ സാത്തി’ ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതിനെക്കുറിച്ചുള്ള പ്രതികരണമാണ് അവര്‍ക്കറിയേണ്ടിയിരുന്നത്.
എന്റെ മറുപടി വ്യക്തമായിരുന്നു: ‘അത് പിന്‍വലിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് വഴികളില്ലായിരുന്നു. യാഥാര്‍ത്ഥ്യബോധമില്ലാത്ത, വലിയ സ്വപ്നങ്ങള്‍ മാത്രം വിറ്റഴിക്കുന്ന ഒരു ഉദ്യോഗസ്ഥ ചടങ്ങ് (Bureaucratic ritual) മാത്രമായിരുന്നു ആ ഉത്തരവ്.’
എന്നാല്‍ സഞ്ചാര്‍ സാഥിയോടൊപ്പം അതിലും വലിയൊരു ഭീഷണി ‘സിം ബൈന്‍ഡിങ്’ (SIM Binding) എന്ന പേരില്‍ നിശബ്ദമായി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ഏത് മെസഞ്ചറും നിശ്ചലമാകും. ഇതൊരു പ്രത്യേക ആപ്പിന്റെ മാത്രം പ്രശ്‌നമല്ല. നിങ്ങള്‍ ഉപയോഗിക്കുന്നത് സിഗ്‌നലോ ടെലഗ്രാമോ, വാട്സാപ്പോ എന്തുമാകട്ടെ, ഈ നിര്‍ദ്ദേശം നടപ്പിലായാല്‍ ഏത് മെസഞ്ചറും ഒരുപോലെ ഭീഷണിയിലാകും.
സൈബര്‍ തട്ടിപ്പുകള്‍ തടയാനെന്ന പേരില്‍ ടെലികോം വകുപ്പ് (DoT) മുന്നോട്ട് വെക്കുന്ന 6 മണിക്കൂര്‍ ഓട്ടോ-ലോഗൗട്ട്, സിം ബൈന്‍ഡിങ് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡിജിറ്റല്‍ ആശയവിനിമയത്തെ തന്നെ തകര്‍ക്കുന്നതാണ്.
സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു: ഏത് മെസഞ്ചര്‍ ഉപയോഗിക്കണം, അത് ഏത് ഡിവൈസില്‍ (ഫോണ്‍/ലാപ്‌ടോപ്പ്) ഉപയോഗിക്കണം എന്നത് ഉപയോക്താവിന്റെ തീരുമാനമാണ്. സിം കാര്‍ഡ് ഇല്ലാത്ത ഡിവൈസില്‍ മെസഞ്ചര്‍ പ്രവര്‍ത്തിക്കില്ല എന്നത് സാങ്കേതികവിദ്യയെ പിന്നോട്ട് നടത്തുന്നതാണ്.
വിശ്വാസരാഹിത്യം ഹാര്‍ഡ്കോഡ് ചെയ്യുന്നു (Hardcoding Distrust):
നെറ്റ്വര്‍ക്ക് ലെയറില്‍ തന്നെ പൗരനോടുള്ള അവിശ്വാസം ഉറപ്പിക്കുകയാണ്. വിദേശത്ത് പോയി ലോക്കല്‍ സിം ഇട്ടാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ഏതായാലും അത് നിശ്ചലമാകും. ‘മൊബിലിറ്റി’ അഥവാ സഞ്ചാരത്തെ ഇത് സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
മള്‍ട്ടി-ഡിവൈസ് സൗകര്യം നഷ്ടമാകും:

വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയവ കമ്പ്യൂട്ടറിലോ ഒന്നിലധികം ഫോണുകളിലോ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. സിം കാര്‍ഡ് ഇട്ടിരിക്കുന്ന ഫോണില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കൂ എന്ന നിബന്ധന വന്നാല്‍, ജോലിക്കും പഠനത്തിനും മറ്റും ലാപ്‌ടോപ്പുകളില്‍ വാട്സാപ്പ് ഉപയോഗിക്കുന്നത് അസാധ്യമായേക്കാം.
ഏത് മെസഞ്ചര്‍ ആയാലും അത് പ്രവര്‍ത്തിക്കാന്‍ സിം കാര്‍ഡ് എന്ന ഹാര്‍ഡ്വെയര്‍ നിര്‍ബന്ധമാക്കുന്നതോടെ, ഇതൊരു ‘പ്രൊപ്രൈറ്ററി കെ.വൈ.സി’ (Proprietary KYC) സംവിധാനമായി മാറും. തേര്‍ഡ് പാര്‍ട്ടി ക്ലയന്റുകള്‍ക്കും ഓപ്പണ്‍ സോഴ്‌സ് ആപ്പുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാതാകും. ചുരുക്കത്തില്‍, സുതാര്യമായ പരിശോധനകള്‍ക്ക് അവസരം നല്‍കാത്ത, അടച്ചുപൂട്ടപ്പെട്ട സാങ്കേതികവിദ്യകള്‍ക്ക് ഉള്ളില്‍ ജനങ്ങളെ തളച്ചിടാനേ ഇത് ഉപകരിക്കൂ.
ഇതൊരു പുതിയ കാര്യമല്ല.


സാങ്കേതികവിദ്യയുടെ പേരില്‍ ജനങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഇതാദ്യമല്ല.കോവിഡ് കാലത്ത് ‘ആരോഗ്യസേതു’ ആപ്പ് നിര്‍ബന്ധമാക്കിയപ്പോള്‍ അതിനെതിരെ ‘അനിവര്‍ അരവിന്ദ് v. യൂണിയന്‍ ഓഫ് ഇന്ത്യ’ എന്ന പേരില്‍ ഞാന്‍ നടത്തിയ നിയമപോരാട്ടം ഓര്‍ക്കുക. പൗരന്റെ അനുവാദമില്ലാതെ വിവരങ്ങള്‍ ചോര്‍ത്തരുതെന്നും ആപ്പ് നിര്‍ബന്ധമാക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വിധിച്ചത് ആ പോരാട്ടത്തിന്റെ ഫലമായാണ്. ആ നിയമവിജയം നല്‍കുന്ന ആത്മവിശ്വാസത്തോടെ തന്നെ പറയട്ടെ, സിം ബൈന്‍ഡിംഗിനെതിരെയും നാം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.
അധികാരപരിധിയുടെ ലംഘനം
ടെലികോം ബില്‍ പാസാക്കുന്ന സമയത്ത് മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞത്, ഇന്റര്‍നെറ്റ് ആപ്പുകള്‍ക്ക് (OTTs) മേല്‍ ടെലികോം വകുപ്പിന് (DoT) അധികാരമില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് നേരെ മറിച്ചാണ്.ഇന്റര്‍നെറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്നോ മനസ്സിലാക്കാതെ ടെലികോം വകുപ്പ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അപകടകരമാണ്.

Jyodiraditya Scindia: Minister of Communications

വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ Photo: Wikipedia.com

ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഐ.ടി മന്ത്രാലയത്തിന്റെ (MeitY) പരിധിയിലാണ് വരേണ്ടത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങളുടെ അധികാരം ടെലികോം വകുപ്പ് കവര്‍ന്നെടുക്കുന്നത്ഇവിടെ ഉയരുന്ന പ്രധാന ചോദ്യം നിയമപരമാണ്. ഉപകരണങ്ങളെ സംബന്ധിച്ച (Device-governance) നിയമങ്ങള്‍ കൊണ്ടുവരേണ്ടത് DoT അല്ല, മറിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) ആണ്.

2015-16 കാലഘട്ടത്തില്‍ ഫോണുകളിലെ ഇന്ത്യന്‍ ഭാഷാ കീബോര്‍ഡ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ ബി.ഐ.എസ്സുമായി (BIS) ചേര്‍ന്ന് രണ്ട് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്ന് പറയട്ടെ, ഉപകരണങ്ങളില്‍ എന്ത് സോഫ്റ്റ്വെയര്‍ വേണം, അത് എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് BIS-ന്റെ പരിധിയില്‍ വരുന്ന സാങ്കേതിക മാനദണ്ഡമാണ്. അത് DoT-യുടെ ഉത്തരവുകള്‍ വഴി നടപ്പിലാക്കേണ്ട ഒന്നല്ല.

DoT-യുടെ അധികാരം നെറ്റ്വര്‍ക്കിലും സ്‌പെക്ട്രത്തിലും ഒതുങ്ങിനില്‍ക്കുന്നതാണ്. പൗരന്മാരുടെ സ്വകാര്യ ഉപകരണങ്ങളെ നിയന്ത്രിക്കാനോ അവയ്ക്കുള്ളില്‍ കൈകടത്താനോ അവര്‍ക്ക് അധികാരമില്ല.

സഞ്ചാര്‍ സാത്തി വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ PIB വിശദീകരണവുമായി വന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ സിം ബൈന്‍ഡിങ് എന്ന, ഏത് മെസഞ്ചറിനെയും കൂച്ചുവിലങ്ങിടുന്ന ഈ വിചിത്ര ഉത്തരവിനെതിരെയും ഇതേ ജാഗ്രത നാം കാണിക്കേണ്ടതുണ്ട്.

Content Highlight: SIM binding; Center to silently implement a bigger threat than Sanchar Saathi; IT activist Anivar Aravind warns