സില്‍വര്‍ ലൈന്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി; സര്‍വേയുടെ രീതിയെ വിമര്‍ശിച്ച് ഹൈക്കോടതിയും
Kerala
സില്‍വര്‍ ലൈന്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി; സര്‍വേയുടെ രീതിയെ വിമര്‍ശിച്ച് ഹൈക്കോടതിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2022, 1:40 pm

ന്യൂദല്‍ഹി: സില്‍വര്‍ ലൈന്‍ സര്‍വേക്ക് എതിരായ ഹരജി സുപ്രീം കോടതി തള്ളി. സര്‍വേയില്‍ എന്താണ് തെറ്റെന്നാണ് കോടതി ചോദിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്നും സാമൂഹ്യ ആഘാത പഠനം അനിവാര്യമാണെന്നും മറ്റൊരു തരത്തിലുള്ള ആശങ്കകള്‍ക്കും അടിസ്ഥാനമില്ലെന്നും ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഈ സര്‍വേ ആദ്യഘട്ടത്തില്‍ തന്നെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു. അതിന് ശേഷമാണ് ഡിവിഷന്‍ ബെഞ്ച് സര്‍വേയുമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞത്. ഈ വിഷയത്തിലെ സിംഗിള്‍ ബെഞ്ചിന്റെ നിലപാടിനേയും സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു.

ഈ ഒരു പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഇങ്ങനെ ഒരു നടപടിയിലേക്ക് പോയത് എന്തുകൊണ്ടാണെന്നും എന്ത് അടിസ്ഥാനത്തിലാണ് സര്‍വേ തടയണമെന്ന തീരുമാനത്തിലേക്ക് സിംഗിള്‍ ബെഞ്ച് എത്തിയതെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തില്‍ മറ്റ് ആശങ്കകള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്തുന്നത് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സര്‍വേ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ആലുവ സ്വദേശി സുപ്രീം കോടതിയെ സമീപിച്ചത്.

അതിനിടെ കെ റെയില്‍ എന്നെഴുതിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. മുന്‍കൂര്‍ അറിയിക്കാതെ ആളുകളുടെ വീടുകളില്‍ കയറുന്നത് നിയമപരമാണോ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സര്‍വേ തടഞ്ഞ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് തന്നെയാണ് കെ റെയിലിനെതിരെ കല്ലിടുന്നത് ചോദ്യം ചെയ്ത ഹരജികള്‍ പരിഗണിച്ചത്. സര്‍വേ നടത്തുന്ന രീതിക്കെതിരെയാണ് കോടതി രംഗത്തെത്തിയത്.

കെ റെയില്‍ എന്ന പേരില്‍ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ടോ എന്നാണ് സര്‍ക്കാരിനോട് ചോദിച്ചത്. ഉണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും സര്‍ക്കാരിനോട് കോടതി പറഞ്ഞു.

വീടുകളിലെത്തി കല്ലിടുന്ന രീതിയ്‌ക്കെതിരെയും ജസ്റ്റിസ് രാമചന്ദ്രന്‍ രംഗത്തെത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കയറി അവരുടെ അനുമതിയില്ലാതെ അവിടെ കല്ലിടുന്നത് നിയമപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ അല്ല എന്ത് പദ്ധതിയായാലും നിയമപരമായി കാര്യങ്ങള്‍ ചെയ്യണം. സര്‍വേയെ ആരും തടഞ്ഞിട്ടില്ല. എന്നാല്‍ നടപടി ക്രമങ്ങള്‍ സുതാര്യമായിരിക്കണം. കോടതി പദ്ധതിക്ക് എതിരല്ല. എന്നാല്‍ നിയമം നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Silver Line Survey issue Supreme court and High court Statement