ബി.ജെ.പിക്കെതിരെ മൗനം, എഫ്.സി.ആര്‍.എ ബില്ലില്‍ മിണ്ടിയില്ല; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് തോള്‍ തിരുമാവളവന്‍
national news
ബി.ജെ.പിക്കെതിരെ മൗനം, എഫ്.സി.ആര്‍.എ ബില്ലില്‍ മിണ്ടിയില്ല; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് തോള്‍ തിരുമാവളവന്‍
ആദര്‍ശ് എം.കെ.
Monday, 20th April 2026, 8:10 am

ട്രിച്ചി: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ) അധ്യക്ഷന്‍ തോള്‍ തിരുമാവളവന്‍. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ട്രിച്ചി ഈസ്റ്റില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇനിഗോ ഇരുദരാജിനായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് സംസാരിക്കവെയാണ് തിരുമാവളവന്‍ വിജയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നത്തിനോ ടി.വി.കെയ്യുടെ വിസില്‍ ചിഹ്നത്തിനോ വോട്ട് ചെയ്യുന്നത് ആത്യന്തികമായി ബി.ജെ.പിയ്ക്കാണ് ഗുണം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. വിജയ്‌യുടെ മൗനം ബി.ജെ.പിയെ സഹായിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്രിസ്ത്യന്‍ വിഭാഗങ്ങളെയും അവരുടെ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന എഫ്.സി.ആര്‍.എ നിയന്ത്രണങ്ങള്‍ക്കെതിരെയോ ഈ നയം കൊണ്ടുവന്ന ബി.ജെ.പി.ക്കെതിരെയോ വിജയ് ഇതുവരെ ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് തിരുമാവളവന്‍ പറഞ്ഞു.

പെരമ്പൂരില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വിജയ് ട്രിച്ചി ഈസ്റ്റില്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ബി.ജെ.പി ക്രൈസ്തവര്‍ക്കും ചര്‍ച്ചുകള്‍ക്കുമെതിരെ വെറുപ്പ് പടര്‍ത്തുകയാണെന്നും ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഡി.എം.കെ നയിക്കുന്ന എസ്.പി.എ സഖ്യത്തെ പിന്തുണയ്ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന വി.സി.കെയുടെ ദീര്‍ഘകാല ആവശ്യം വിജയ്‌യോ എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയോ ഉന്നയിക്കുന്നില്ലെന്ന് തിരുമാവളവന്‍ വിമര്‍ശിച്ചു.

തങ്ങളുടെ പ്രാതിനിധ്യ പ്രതിബദ്ധതയുടെ ഭാഗമായി തിരുപ്പോരൂരില്‍ പനീര്‍ദാസ് എന്ന ദളിത് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെയാണ് വി.സി.കെ മത്സരിപ്പിക്കുന്നതെന്നും വി.സി.കെ അധ്യക്ഷന്‍ വ്യക്തമാക്കി.

ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

 

Content Highlight: Silence against BJP, no word on SCRA bill; Thol Thirumavalavan lashes out at Vijay

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.