ഏഴ് വര്‍ഷത്തിന് മേലെയായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് വടചെന്നൈ 2. ധനുഷ്- വെട്രിമാരന്‍ കോമ്പോയില്‍ 2018ല്‍ പുറത്തിറങ്ങിയ വടചെന്നൈ രണ്ടാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് അവസാനിച്ചത്. ധനുഷ് അവതരിപ്പിച്ച അന്‍പ് എന്ന കഥാപാത്രം വടചെന്നൈയുടെ ചുമതല ഏറ്റെടുക്കുന്നിടത്താണ് ചിത്രം തീരുന്നത്.
ഏഴ് വര്‍ഷത്തിനിപ്പുറം വടചെന്നൈയുടെ സ്പിന്‍ ഓഫുമായി എത്തിയിരിക്കുകയാണ് വെട്രിമാരന്‍. തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനാണ് ചിത്രത്തിലെ നായകന്‍. സിലമ്പരസന്റെ 79ാമത് ചിത്രമാണിത്. STR49 എന്ന് താത്കാലിക ടൈറ്റിലിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
അരസന്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. അരണ്ട വെളിച്ചത്തില്‍ കൈയില്‍ വടിവാളുമായി നില്‍ക്കുന്ന സിലമ്പരസനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. വടചെന്നൈയുടെ അതേ ഫോണ്ടില്‍ തന്നെയാണ് അരസനിലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ ചെന്നൈയില്‍ ആരംഭിച്ചിരുന്നു. ആദ്യമായാണ് സിലമ്പരസനും വെട്രിമാരനും ഒരു പ്രൊജക്ടിനായി ഒന്നിക്കുന്നത്.
വടചെന്നൈയില്‍ കുറഞ്ഞ സ്‌ക്രീന്‍ ടൈം കൊണ്ട് വലിയ ഇംപാക്ടുണ്ടാക്കി രാജന്റെ കഥ നടക്കുന്ന കാലഘട്ടത്തിലാണ് ഈ കഥയും നടക്കുന്നത്. സിലമ്പരസന് പുറമെ സമുദ്രക്കനി, കിഷോര്‍, പവന്‍ എന്നിവര്‍ അരസന്റെ ഭാഗമാണ്. ചിത്രത്തിന്റെ പ്രൊമോ വീഡിയോയുടെ ഷൂട്ട് അടുത്തിടെ അവസാനിച്ചെന്നും ദീപാവലി ദിനത്തില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1970കളുടെ അവസാനത്തില്‍ നടക്കുന്ന കഥയാണ് അരസന്റേത്. വടചെന്നൈ റഫറന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് വെട്രിമാരന്‍ അറിയിച്ചിരുന്നു. അരസനിലെ സംഭവങ്ങളുടെ ബാക്കി വടചെന്നൈ 2വില്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴിലെ റൈവല്‍റികളായ ധനുഷും സിലമ്പരസനും ഒരുമിച്ച് സ്‌ക്രീനിലെത്തുമോ എന്നാണ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്നത്.
ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ അധികം വൈകാതെ ആരംഭിക്കുമെന്നാണ് കരുതുന്നത്. അരസനടക്കം മൂന്ന് സിനിമകളുടെ തിരക്കിലാണ് സിലമ്പരസന്‍. ദെസിങ്ക് പെരിയസാമി സംവിധാനം ചെയ്യുന്ന STR48, അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന STR50, എന്നിവയാണ് മറ്റ് സിനിമകള്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുള്ളി എസ്. തനുവാണ് അരസന്‍ നിര്‍മിക്കുന്നത്. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Silambarasan Vetrimaran movie titled as Arasan