ന്യൂയോര്‍ക്കില്‍ ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ സിഖ് യുവാവ് അറസ്റ്റില്‍
World News
ന്യൂയോര്‍ക്കില്‍ ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ സിഖ് യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2022, 1:54 pm

ന്യൂയോര്‍ക്ക്: യു.എസിലെ റിച്ച്മണ്ട് ഹില്‍ തുളസി മന്ദിറില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ സിഖ് യുവാവ് അറസ്റ്റില്‍. പ്രതിമ തകര്‍ക്കുകയും അതില്‍ കറുത്ത പെയിന്റ് അടിച്ചു വികൃതമാക്കുകയും ചെയ്ത കേസിലാണ് 27കാരനായ സുക്പാല്‍ സിങ്ങിനെ ന്യൂയോര്‍ക് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21നായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വംശീയ കുറ്റകൃത്യത്തിനാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് സുക്പാല്‍ സിങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്.

ആഗോളതലത്തില്‍ തന്നെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തത് വളരെ ഗൗരവമുള്ള കുറ്റകൃത്യമായി കാണുന്നുവെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണി മേലിന്റ ഗേറ്റ്‌സ് പ്രതികരിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധി പ്രതിമ തകര്‍ത്ത കുറ്റകൃത്യത്തില്‍ ആറ് പേരാണ് പങ്കെടുത്തതെന്നും ഇതില്‍ സുഖ്‌ദേവ് സിങ്ങിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും മറ്റ് മൂന്നു പേരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മേലിന്റ ഗേറ്റ്‌സ് പറഞ്ഞു.

ചുറ്റിക കൊണ്ട് പ്രതിമ നശിപ്പിച്ച ശേഷം അതിന് ചുറ്റും റോഡിലുമായി വിദ്വേഷ വാചകങ്ങളും എഴുതിവെച്ചിരുന്നു.

ഗാന്ധി പ്രതിമ തകര്‍ത്ത കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതിനെ സൗത്ത് ഏഷ്യന്‍ അസംബ്ലി വുമണ്‍ ജെന്നിഫര്‍ രാജ്കുമാര്‍ സ്വാഗതം ചെയ്തു.

രണ്ട് കാറുകളിലായി എത്തിയ പ്രതികള്‍ സംഭവത്തിനു ശേഷം ഇതില്‍ കയറിയാണ് രക്ഷപ്പെട്ടത്. സുഖ്‌ദേവ് സിങ് രക്ഷപ്പെട്ടത് അയാളുടെ മെഴ്‌സിഡീസ് ബെന്‍സിലാണ്.

അതേസമയം ന്യൂയോര്‍ക്കില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചിരുന്നു.

ജാതി- മത- വര്‍ഗ- വര്‍ണ ചിന്തകള്‍ക്കതീതമായി എന്നും നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പ്രതിമക്ക് നേരെ നടന്ന അതിക്രമത്തെ സിഖ് സമൂഹവും അപലപിച്ചിരുന്നു.

Content Highlight: Sikh man arrested for vandalizing Mahatma Gandhi’s statue in New York