ഡബിള്‍ റെക്കോഡില്‍ രണ്ടാമന്‍, 7000ന് ഏഴ്, 3000ന് 15; ഇന്ത്യയെ തല്ലി ചരിത്രം തിരുത്താന്‍ റാസ
T20 world cup
ഡബിള്‍ റെക്കോഡില്‍ രണ്ടാമന്‍, 7000ന് ഏഴ്, 3000ന് 15; ഇന്ത്യയെ തല്ലി ചരിത്രം തിരുത്താന്‍ റാസ
ആദര്‍ശ് എം.കെ.
Thursday, 26th February 2026, 11:56 am

 

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിന് ഇന്ത്യ ഇന്ന് സിംബാബ്‌വേയ്‌ക്കെതിരെ കളത്തിലിറങ്ങുകയാണ്. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയമാണ് വേദി. സൂപ്പര്‍ 8ലെ ആദ്യ മത്സരങ്ങളില്‍ ഇരുവരും വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടതിനാല്‍ സെമി സാധ്യതകള്‍ സജീവമാക്കി നിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.

ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഷെവ്‌റോണ്‍സ് നായകന്‍ സിക്കന്ദര്‍ റാസ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് താണ്ടാനൊരുങ്ങുകയാണ്. 3,000 ടി-20ഐ റണ്‍സ് എന്ന നേട്ടത്തിലേക്കാണ് റാസ കണ്ണുവെക്കുന്നത്. ഇതിനായി വേണ്ടതാകട്ടെ വെറും 15 റണ്‍സും.

സിക്കന്ദര്‍ റാസ. Photo: ICC

കരിയറിലെ 126 ഇന്നിങ്‌സില്‍ നിന്നും 26.18 ശരാശരിയിലും 136.17 സ്‌ട്രൈക് റേറ്റിലും 2985 റണ്‍സാണ് ഇതുവരെ നേടിയത്. ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമാണ് അന്താരാഷ്ട്ര ടി-20യില്‍ സൂപ്പര്‍ ഓള്‍ റൗണ്ടറുടെ പേരിലുള്ളത്.

ഇന്ത്യയ്‌ക്കെതിരെ 15 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സും നൂറ് വിക്കറ്റുകളും വീഴ്ത്തുന്ന രണ്ടാമത് താരമെന്ന നേട്ടവും റാസയുടെ പേരില്‍ കുറിക്കപ്പെടും. നിലവില്‍ 103 ടി-20 ഐ വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

മലേഷ്യന്‍ താരം വിരണ്‍ദീപ് സിങ് മാത്രമാണ് ഈ നേട്ടത്തില്‍ റാസയ്ക്ക് മുമ്പിലുള്ളത്. അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ 3180 റണ്‍സും 109 വിക്കറ്റുകളുമാണ് താരത്തിന്റെ പേരിലുള്ളത്.

വിരണ്‍ദീപ് സിങ്

ഇതിനൊപ്പം ടി-20ഐയില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പുരുഷ താരങ്ങളുടെ പട്ടികയില്‍ 14ാമനായി ഇടം നേടാനും റാസയ്ക്ക് അവസരമുണ്ട്.

സിക്കന്ദര്‍ റാസ. Photo: ICC

ഏറ്റവുമധികം ടി-20ഐ റണ്‍സ് (പുരുഷന്‍മാര്‍)

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

  • ബാബര്‍ അസം – പാകിസ്ഥാന്‍ – 4596
  • രോഹിത് ശര്‍മ – ഇന്ത്യ – 4231
  • വിരാട് കോഹ്‌ലി – ഇന്ത്യ – 4188
  • ജോഷ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 4012
  • പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 3895
  • മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 3531
  • മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 3414
  • മുഹമ്മദ് വസീം – യു.എ.ഇ – 3338
  • ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 3277
  • സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 3210
  • വിരണ്‍ദീപ് സിങ് – മലേഷ്യ – 3180
  • ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 3120
  • ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 3038
  • സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 2985
  • ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 2897

സിക്കന്ദര്‍ റാസ. Photo: ICC

ഇതിന് പുറമെ 7000 ടി-20 റണ്‍സ് എന്ന നേട്ടവും റാസക്ക് മുമ്പിലുണ്ട്. ഇതിന് വേണ്ടതാകട്ടെ വെറും ഏഴ് റണ്‍സും. 322 ഇന്നിങ്‌സില്‍ നിന്നും 25.61 ശരാശരിലും 135.54 സ്‌ട്രൈക് റേറ്റിലും 6993 റണ്‍സാണ് റാസ സ്വന്തമാക്കിയത്. 37 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ റാസയുടെ പേരിലുള്ളത്.

കരിയറില്‍ സിംബാബ്‌വേ ദേശീയ ടീമിന് പുറമെ ചിറ്റഗോങ് വൈക്കിങ്സ്, ദാംബുള്ള ഓറ, ദുബായ് ക്യാപിറ്റല്‍സ്, കറാച്ചി കിങ്സ്, ഖുല്‍ന ടൈഗേഴ്സ്, ലാഹോര്‍ ഖലന്ദേഴ്സ്, ലാഹോര്‍ വൈറ്റ്സ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മഷോണലാന്‍ഡ് ഈഗിള്‍സ്, മറ്റബെലെലാന്‍ഡ് ടസ്‌കേഴ്സ്, മിസ് ഐനാക് നൈറ്റ്സ്, നോര്‍താംപ്ടണ്‍ഷെയര്‍, പാള്‍ റോയല്‍സ്, പക്തിയ പാന്തേഴ്സ്, പഞ്ചാബ് കിങ്സ്, രംഗ്പൂര്‍ റൈഡേഴ്സ്, സിയാറ്റില്‍ ഓര്‍ക്കാസ്, ഷാര്‍ജ വാറിയേഴ്സ്, സതേണ്‍ റോക്സ്, സെന്റ് ലൂസിയ കിങ്സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, ഷ്വാനെ സ്പാര്‍ട്ടന്‍സ്, സിംബാബ്‌വേ XI എന്നിവര്‍ക്കായാണ് താരം ബാറ്റെടുത്തത്.

 

Content Highlight: Sikandar Raza need 15 runs to complete 3000 T20I runs

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.