മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സിജു വില്‍സണ്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പിന്നീട് നായകനടനായി മാറിയ വ്യക്തിയാണ് അദ്ദേഹം. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ആദിയില്‍ സിജു അഭിനയിച്ചിരുന്നു.
പ്രണവ് മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തിയ ഈ സിനിമയില്‍ സിജുവിനൊപ്പം ഷറഫുദ്ദീനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിനിമയിലേക്ക് വരുന്നതിന് മുമ്പേ തന്നെ നല്ല സുഹൃത്തുക്കളാണ് ഇരുവരും.
ആദി സിനിമയിലാണ് തനിക്ക് ചെറിയൊരു പഞ്ചും കാര്യങ്ങളുമൊക്കെ ആദ്യമായി ലഭിക്കുന്നതെന്ന് പറയുകയാണ് സിജു വില്‍സണ്‍. ചെറിയ ഫൈറ്റായിരുന്നു അതെന്നും കൂട്ടുകാരനെ തന്നെ ഇടിക്കാന്‍ പറ്റി എന്നതായിരുന്നു അതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തില്‍ ഷറഫുദ്ദീന്റെ കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ ഇടിക്കുന്നത്. കുറേനാളായി താന്‍ ഷറഫിന് ഓങ്ങി വെച്ചേക്കുകയായിരുന്നുവെന്നും അത് താന്‍ ആദിയിലൂടെ കൊടുത്തു തീര്‍ത്തുവെന്നും സിജു പറഞ്ഞു.
‘ഞങ്ങള്‍ എപ്പോഴും നല്ല പോട്ടിയാണ്. സൗഹൃദപരമായിട്ടുള്ളതാണ് കേട്ടോ. ഹെല്‍ത്തിയായിട്ടുള്ള പോട്ടിയാണ്. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും കൗണ്ടറൊക്കെ അടിച്ച് സംസാരിക്കുന്നവരാണ് ഞാനും ഷറഫും. ഞങ്ങള്‍ ശത്രുക്കളെ പോലെയാണെന്ന് കൂട്ടത്തിലുള്ള എല്ലാവരും പറയുമായിരുന്നു. അങ്ങനെ ആദി സിനിമയിലൂടെ അവനെ ഞാന്‍ നല്ല ഇടിയിടിച്ചു (ചിരി),’ സിജു വില്‍സണ്‍ പറയുന്നു.
ആദിയില്‍ നായകനായ പ്രണവ് മോഹന്‍ലാലിനെ കുറിച്ചും സിജു സംസാരിക്കുന്നുണ്ട്. ആ സമയത്ത് പ്രണവ് മുഴുവന്‍ നേരവും തങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്നാണ് സിജു പറയുന്നത്. ഷൂട്ട് കഴിഞ്ഞാല്‍ താനും ഷറഫുദ്ദീനും പ്രണവുമൊക്കെ ഒരുമിച്ച് തന്നെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു വില്‍സണ്‍. വളരെ ടാലന്റഡായ ആളാണ് പ്രണവെന്നും അവന്‍ നല്ലൊരു മനുഷ്യനാണെന്നും സിജു പറഞ്ഞു. ഓരോയിടത്തും എങ്ങനെ പെരുമാറണമെന്നും എങ്ങനെ സംസാരിക്കണമെന്നും അവന് നന്നായി അറിയാമെന്നും സിജു വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Siju Wilson Talks About Sharafudheen And Aadhi Movie